കേരളത്തിന്‍റെ ‘സ്ട്രീറ്റ്’ ടൂറിസം പദ്ധതിയ്ക്ക് പുരസ്ക്കാരം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ സുസ്ഥിര ടൂറിസം പദ്ധതിയായ ‘സ്ട്രീറ്റി’ന് ലണ്ടന്‍ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടിന്‍റെ ആഗോള പുരസ്ക്കാരം ലഭിച്ചു. ‘സ്ട്രീറ്റ്’ പദ്ധതി വഴി ടൂറിസം കേന്ദ്രങ്ങളിലെ സാമൂഹിക വികസനത്തിന്‍റെ ഭാഗമായി നടത്തിയ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളാണ് പുരസ്ക്കാരത്തിനര്‍ഹമായത്.
സസ്റ്റെയിനബിള്‍, ടാന്‍ജിബിള്‍, റെസ്പോണ്‍സിബിള്‍, എക്സ്പീരിയന്‍ഷ്യല്‍, എത്തിനിക് ടൂറിസം എന്നതിന്‍റെ ചുരുക്കപ്പേരാണ് ‘സ്ട്രീറ്റ്’. ടൂറിസം ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത് എന്ന ഐക്യരാഷ്ട്ര സഭ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍റെ പ്രഖ്യാപിത നയത്തിന്‍റെ ചുവടുപിടിച്ചാണ് സംസ്ഥാന ടൂറിസം വകുപ്പ് ‘സ്ട്രീറ്റ്’ പദ്ധതി ആവിഷ്കരിച്ചത്. കേരള ടൂറിസത്തിന്‍റെ ലോകപ്രശസ്തമായ ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ‘സ്ട്രീറ്റ്’ നടപ്പാക്കി വരുന്നത്.
ജല സംരക്ഷണം, ജല ലഭ്യത മെച്ചപ്പെടുത്തല്‍, എന്നീ ഘടകങ്ങളാണ് പുരസ്ക്കാരം നേടാന്‍ ‘സ്ട്രീറ്റി’നെ സഹായിച്ചത്. പുതിയ ചുവടുവയ്പുകളുമായി മുന്നോട്ടു പോകാന്‍ കേരളത്തെ പ്രേരിപ്പിക്കുന്നതാണ് ‘സ്ട്രീറ്റ്’ പദ്ധതിയ്ക്ക് ലഭിച്ച ആഗോള പുരസ്ക്കാരമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ കേരള സംഘത്തെ നയിക്കുന്നത് മന്ത്രിയാണ്.
കൊവിഡിന് ശേഷം ടൂറിസം മേഖലയെ തിരികെ കൊണ്ടു വരുന്നതിനായി സര്‍ക്കാര്‍ നടത്തിയ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാക്ഷ്യപത്രമാണിത്. ഈ പുരസ്ക്കാരം കേരളത്തിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ഊര്‍ജ്ജം പകരും. ലോക ടൂറിസം ഭൂപടത്തിലെ ഓരോ മേഖലയിലും കേരള ടൂറിസം അംഗീകരിക്കപ്പെടുകയാണ്. ഉത്തരവാദിത്ത ടൂറിസത്തിനെ കേരള ടൂറിസത്തിന്‍റെ പ്രധാന ശ്രദ്ധാകേന്ദ്രമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം പ്രവര്‍ത്തനങ്ങള്‍ പ്രധാനകേന്ദ്രങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നതിന് പകരം പ്രാദേശിക തലത്തിലേക്ക് കൊണ്ടു വരികയും ഒരു പ്രമേയത്തിടലിസ്ഥാനമാക്കിയുള്ള വികസനം നടപ്പാക്കുകയുമാണ് ലക്ഷ്യം വയ്ക്കുന്നത്. സന്ദര്‍ശകര്‍ക്കും പ്രദേശവാസികള്‍ക്കും ഒരു പോലെ ഗുണകരമാകുന്നതാണ് ഈ പദ്ധതി.
ലോക പ്രശസ്തമായ ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായ കുമരകത്തിനടുത്തുള്ള മറവന്‍തുരുത്താണ് ‘വാട്ടര്‍ സ്ട്രീറ്റ്’ പദ്ധതിയിലെ പ്രധാന ഇടം. ഇവിടെ 18 തോടുകള്‍, മൂന്ന് നദികള്‍, കായല്‍ എന്നിവ ഉള്‍പ്പെടുത്തി വാട്ടര്‍ സ്ട്രീറ്റാണ് ഒരുക്കിയിട്ടുള്ളത്. പ്രദേശവാസികള്‍, ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകള്‍, പഞ്ചായത്ത് എന്നിവര്‍ ചേര്‍ന്നാണ് ഈ പദ്ധതിക്കായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതിനായി തോടുകളുടെ വശങ്ങള്‍ കയര്‍ ഭൂവസ്ത്രം കൊണ്ട് ബലപ്പെടുത്തി പൂന്തോട്ടം, ഔഷധസസ്യങ്ങള്‍, പച്ചക്കറി എന്നിവ നട്ടുപിടിപ്പിച്ചു. വെള്ളം തെളിഞ്ഞതോടെ കയാക്കിംഗ്, നാടന്‍ വള്ളം, ഷിക്കാര എന്നിവ ഇതിലൂടെ പോകാന്‍ തുടങ്ങി. പ്രാദേശിക ഉത്പന്നങ്ങളുടെ വില്‍പ്പന, ചൂണ്ടയിടല്‍, മീന്‍പിടുത്തം എന്നിവയും സംഘടിപ്പിച്ചു.
അനുഭവവേദ്യ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഈ പ്രവര്‍ത്തനങ്ങളെല്ലാം പ്രദേശവാസികള്‍ ഏറ്റെടുക്കുകയും അതിന്‍റെ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തു. ജലസ്രോതസ്സുകളിലെ മലിനീകരണം തടയേണ്ടതിന്‍റെ ബോധവത്കരണം കൂടിയായി ഈ പദ്ധതി മാറി. മറവന്‍തുരുത്തിലെ ഈ വിജയമാതൃക വാട്ടര്‍ സ്ട്രീറ്റ് എന്ന ഉപ പദ്ധതിക്കും തുടക്കമിട്ടു. പ്രദേശവാസികളുടെ ശക്തമായ സഹകരണത്തോടെ ജലസംരക്ഷണവും ടൂറിസം വകുപ്പിന് നടത്താന്‍ സാധിക്കുമെന്ന് വ്യക്തമായി. ഇത്തരം നീര്‍ത്തടങ്ങളില്‍ നിന്ന് പ്രദേശവാസികള്‍ക്ക് വരുമാനവും സംരക്ഷണത്തിനുള്ള പ്രചോദനവും ലഭിക്കുമെന്ന് തെളിഞ്ഞു.