വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ രാജ്യവ്യാപക പ്രചാരണ പരിപാടികളുമായി കേരള ടൂറിസം
തിരുവനന്തപുരം: നിരവധി നൂതന പദ്ധതികളും പാക്കേജുകളുമായി കോവിഡിനു ശേഷം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ രാജ്യവ്യാപക പ്രചാരണ പരിപാടികളുമായി കേരള ടൂറിസം. ഫാമിലി, പ്രൊഫഷണലുകള്‍, സാഹസിക ടൂറിസ്റ്റുകള്‍, ഹണിമൂണേഴ്സ് തുടങ്ങി വിവിധ വിഭാഗം സഞ്ചാരികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള അത്യാകര്‍ഷക പദ്ധതികളുമായാണ് സഞ്ചാരികളെ വരവേല്‍ക്കുന്നത്. കാരവന്‍ ഹോളിഡേയ്സ് പോലുള്ള പുതിയ ഉല്‍പ്പന്നങ്ങള്‍ക്ക് പുറമേ ലോംഗ്സ്റ്റേകള്‍, ഹോംസ്റ്റേകള്‍, ഡ്രൈവ് ഹോളിഡേകള്‍ എന്നിങ്ങനെയുള്ള വിവിധ ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രചാരണ പരിപാടികള്‍ നടത്തുന്നത്.
വ്യാപാരമേളകള്‍, ബി2ബി പാര്‍ട്ണര്‍ഷിപ്പ് മീറ്റുകള്‍, പത്ര, ടിവി, റേഡിയോ, ഡിജിറ്റല്‍, ഒടിടി, തിയേറ്റര്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നതിനുപുറമേ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ റോഡ് ഷോകളും സംഘടിപ്പിക്കും. മാര്‍ച്ച്-മേയില്‍ ഇസ്രായേലിലെ ടെല്‍ അവീവില്‍ നടക്കുന്ന 28-ാമത് അന്താരാഷ്ട്ര മെഡിറ്ററേനിയന്‍ ടൂറിസം മാര്‍ക്കറ്റിലും (ഐഎംടിഎം) ബിഐടി മിലാനിലും (ഇറ്റലി) കേരള ടൂറിസം പങ്കെടുക്കും. കൂടാതെ മാഡ്രിഡിലും മിലാനിലും ബി2ബി മീറ്റുകളും സംഘടിപ്പിക്കും. ഒടിഎം മുംബൈ, ടിടിഎഫ് ചെന്നൈ, സൗത്ത് ഏഷ്യന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം എക്സ്ചേഞ്ച് (എസ്എടിടിഇ) ന്യൂഡല്‍ഹി തുടങ്ങിയ ആഭ്യന്തര വ്യാപാരമേളകളിലും പങ്കെടുക്കും. കൂടാതെ ന്യൂഡല്‍ഹി, ഹൈദരാബാദ്, അഹമ്മദാബാദ്, ബംഗളൂരു എന്നിവിടങ്ങളിലും പങ്കാളിത്ത യോഗങ്ങള്‍ നടക്കും.
ലോകമെമ്പാടും കോവിഡ് ആഘാതം കുറഞ്ഞതോടെ യാത്രാ നിയന്ത്രണങ്ങള്‍ നീക്കിയത് ടൂറിസം മേഖലയ്ക്ക് ശുഭപ്രതീക്ഷ നല്‍കുന്നതാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കേരള ടൂറിസം ഇപ്പോള്‍ പുനരുജ്ജീവന പാതയിലാണ്. അടുത്തിടെ പുറത്തിറക്കിയ പദ്ധതികളും പാക്കേജുകളും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോന്നതാണ്. കേരളത്തിന്‍റെ വിനോദസഞ്ചാരത്തെ ശ്രദ്ധേയമാക്കുന്നതില്‍ ആഭ്യന്തര വിനോദസഞ്ചാരികള്‍ എല്ലായ് പ്പോഴും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. രാജ്യവ്യാപക പ്രചാരണ പരിപാടികളിലൂടെ കേരളത്തിലേക്ക് ആഭ്യന്തര സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യത്യസ്ത ആശയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കേരളത്തിന്‍റെ പുതിയ ടൂറിസം പദ്ധതികള്‍ കൃത്യമായ ആസൂത്രണത്തിലൂടെയാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് ടൂറിസം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വേണു വി. പറഞ്ഞു. ജൈവവൈവിധ്യ സര്‍ക്യൂട്ട്, കാരവന്‍ ഹോളിഡേയ്സ് എന്നിങ്ങനെയുള്ള പുതിയ പദ്ധതികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സഞ്ചാരികളെ കേരളത്തില്‍ ഇതുവരെ ശ്രദ്ധിക്കപ്പെട്ടിട്ടില്ലാത്ത പ്രദേശങ്ങളിലേക്ക് കൊണ്ടുപോകും. ഇത് സ്ഥിരം ലക്ഷ്യസ്ഥാനത്തിനു പുറത്തെ അനുഭവം വിനോദസഞ്ചാരികള്‍ക്ക് പ്രദാനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡിനു ശേഷം വിനോദസഞ്ചാര മേഖലയെ തിരിച്ചുകൊണ്ടുവരാനുള്ള കേരളത്തിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ‘ചേഞ്ച് ഓഫ് എയര്‍’ എന്നത് പ്രധാനപ്പെട്ട ആശയമാണെന്ന് ടൂറിസം ഡയറക്ടര്‍ വി.ആര്‍.കൃഷ്ണതേജ പറഞ്ഞു. കോവിഡിന്‍റെ അടച്ചിടലിനു ശേഷം ശുദ്ധവായു നിറഞ്ഞ തുറസ്സുകളിലേക്കുള്ള സഞ്ചാരം പ്രധാനമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. കേരളത്തിലെ പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളിലെ ശുദ്ധവായു ശ്വസിക്കുന്നത് ഊര്‍ജ്ജസ്വലവും ആരോഗ്യദായകവുമാണെന്ന സന്ദേശമാണ് ‘ചേഞ്ച് ഓഫ് എയര്‍’ കാമ്പയിന്‍ മുന്നോട്ടുവയ്ക്കുന്നതെന്നും കൃഷ്ണതേജ കൂട്ടിച്ചേര്‍ത്തു.
‘ലോംഗ്സ്റ്റേകള്‍’ എന്ന ആശയം ഒരു ലക്ഷ്യസ്ഥാനത്ത് വിശ്രമവും ജോലിയും എന്ന ആശയത്തെ മുന്‍നിര്‍ത്തിയുള്ളതാണ്. വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ ജോലി ചെയ്യുന്നവരെയാണ് ലോംഗ്സ്റ്റേ ലക്ഷ്യമിടുന്നത്. കേരള ടൂറിസത്തിന്‍റെ മറ്റൊരു നൂതന ഉല്‍പ്പന്നമായ ഹോംസ്റ്റേകള്‍ പ്രാദേശിക സംസ്കാരം, ജീവിതശൈലി, സാമൂഹിക സംവിധാനം, ആളുകളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ഇടപഴകാനും പങ്കാളികളാകാനും ആഗ്രഹിക്കുന്ന വിനോദസഞ്ചാരികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്.
കേരളം സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള അവധിക്കാലാനുഭവമാണ് കേരള ഡ്രൈവ് ഹോളിഡേയ്സ്. വിമാനത്താവളത്തില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് തങ്ങള്‍ക്ക് സ്വയം ഓടിക്കാവുന്ന കാറുകളുടേയോ ഡ്രൈവര്‍മാരുടെയോ സേവനം പ്രയോജനപ്പെടുത്താം. സംസ്ഥാനത്തെ ഡ്രൈവ്/റെയ്ഡ് അവധിദിനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളുടെ പ്രചാരണം ഇതിന്‍റെ ഭാഗമാണ്.
‘കാരവന്‍ കേരള’യുടെ ഭാഗമായി വാഗമണില്‍ സംസ്ഥാനത്തെ ആദ്യത്തെ കാരവന്‍ പാര്‍ക്ക് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ സുരക്ഷിതവും ആകര്‍ഷകവുമായ ഹണിമൂണ്‍ ഡെസ്റ്റിനേഷനായി പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയിലും വിദേശത്തുമുള്ള യുവദമ്പതികളെ ആകര്‍ഷിക്കുന്നതിന് കേരള ടൂറിസം ‘ലവ് ഈസ് ഇന്‍ ദ എയര്‍’ എന്ന സംഗീത ആല്‍ബവും അടുത്തിടെ പുറത്തിറക്കിയിരുന്നു.