370 ഗ്രാമ പഞ്ചായത്തുകളും 30 നഗരസഭാ പ്രദേശങ്ങളും പൊതുസ്ഥല മാലിന്യ രഹിതമാകുന്നു
തിരുവനന്തപുരം: വലിച്ചെറിയൽ മുക്ത കേരളം കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് 370 ഗ്രാമ പഞ്ചായത്തുകളും 30 മുനിസിപ്പാലിറ്റികളും പൊതുസ്ഥല മാലിന്യ രഹിത പ്രദേശങ്ങളാകുന്നു. ഇതിന്റെ സംസ്ഥാനതല പ്രഖ്യാപനം ജൂൺ ഒന്നിനു നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ നിർവഹിക്കും. നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽയുടെ നേതൃത്വത്തിലാണ് കാമ്പയിൻ പുരോഗമിക്കുന്നത്.
സംസ്ഥാനത്ത് മെയ് 10 നു ആദ്യമായി പൊതുവിട മാലിന്യ രഹിത തദ്ദേശ സ്ഥാപനമായി പ്രഖ്യാപിച്ച ആന്തൂർ മുനിസിപ്പാലിറ്റിയിലാണ് പ്രഖ്യാപന ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. നൂറു ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി. വൈകീട്ട് മൂന്നിന് ചേരുന്ന യോഗത്തിൽ ആന്തൂർ മുനിസിപ്പൽ ചെയർമാൻ ടി മുകുന്ദൻ അധ്യക്ഷത വഹിക്കും. ഡോ വി ശിവദാസൻ എംപി മുഖ്യ അതിഥിയായി പങ്കെടുക്കും. പ്രദേശങ്ങളെ പൊതുഇട മാലിന്യരഹിത മാക്കുന്നതിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചവർക്കു ഉപഹാര സമർപ്പണവും നടക്കും.