കേരള ഐടിയുടെ പുതിയ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
രണ്ട് നിറങ്ങളാണ് പുതിയ ലോഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹരിത കേരളത്തെ പ്രതിനിധീകരിക്കുന്ന പച്ചയും സാങ്കേതികവിദ്യയെ കാണിക്കുന്ന നീലയും. കേരളവും സാങ്കേതികവിദ്യയും തമ്മിലുള്ള ഇഴയടുപ്പവും അതിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്ന പ്രാധാന്യവുമാണ് ഇത് കാണിക്കുന്നതെന്ന് ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി ഡോ. രത്തന്‍ യു കേല്‍ക്കര്‍ പറഞ്ഞു. സംരംഭകര്‍, അക്കാദമിക് വിദഗ്ധര്‍, പൗരന്‍മാര്‍ എന്നിവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിക്കുന്ന സ്ഥാപനങ്ങള്‍ നിര്‍മ്മിക്കാനാണ് തുടക്കം മുതല്‍ തന്നെ കേരള ഐടി ശ്രമിക്കുന്നത്. ഭാവിയെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് കേരള ഐടി പ്രവര്‍ത്തിക്കുന്നത്. സാങ്കേതികവിദ്യയിലൂടെ ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന ലോകജീവിത ശൈലിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വ്യക്തമായ ദര്‍ശനത്തോടെ പ്രവര്‍ത്തിക്കാന്‍ റിബ്രാന്‍ഡിംഗിലൂടെ കേരള ഐടിയ്ക്കാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ കേരള ഐടി മിഷന്‍ ഡയറക്ടര്‍ അനു കുമാരി, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, സി-ഡിറ്റ് ഡയറക്ടര്‍ ജയരാജ് ജി, ഐസിടി അക്കാദമി കേരള സിഇഒ സന്തോഷ് സി കുറുപ്പ്, കെ സ്പേസ് സിഇഒ ജി ലെവിന്‍, കെഎസ്ഐടിഎല്‍ എംഡി ഡോ. സന്തോഷ് ബാബു, ഇ ആന്‍ഡ് ഐടി വകുപ്പ് അഡി. സെക്രട്ടറി രാജേഷ് കുമാര്‍ എം എന്നിവരും പങ്കെടുത്തു.