കേരളത്തിൽ മൂന്നര മാസം കൊണ്ട് 42,372 സംരംഭങ്ങളാരംഭിച്ചു: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ മേഖലയിൽ ഗണ്യമായ പുരോഗതിയാണ് ഉണ്ടായതെന്നും മൂന്നര മാസംകൊണ്ട് 42372 സംരംഭങ്ങൾ ആരംഭിച്ചതായും മുഖ്യന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങളാരംഭിക്കുന്നതിനായി ആരംഭിച്ച സംരംഭക വർഷം പദ്ധതിയിലൂടെയാണ് ഇത് യാഥാർത്ഥ്യമായത്. നാലു ശതമാനം പലിശയ്ക്കാണ് വായ്പ നൽകുന്നത്. മൂന്നു മുതൽ നാലു ലക്ഷം വരെ തൊഴിൽ ഇതിലൂടെ ലഭ്യമാകും.
മീറ്റ് ദി ഇൻവെസ്റ്റർ പരിപാടിയിലൂടെ 7000 കോടി രൂപയുടെ നിക്ഷേപവാഗ്ദാനമാണ് ലഭിച്ചത്. കഴിഞ്ഞയാഴ്ച നെസ്റ്റോ ഗ്രൂപ്പ് 700 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. 75 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്ക് ടാറ്റ എലക്‌സിയുമായി ഒപ്പ് വച്ച് 10 മാസം കൊണ്ട് 2.17 ലക്ഷം ചതുരശ്ര അടി കെട്ടിടം കൈമാറി. കാക്കനാട് രണ്ട് ഘട്ടങ്ങളിലായി 1200 കോടി രൂപ നിക്ഷേപമുള്ള, 20000 പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിക്ക് ടി സി എസുമായി ധാരാണാ പത്രം ഒപ്പുവച്ചു. ദുബായ് വേൾഡ് എക്‌സ്‌പോയിൽ പങ്കെടുത്തതിലൂടെയും നിക്ഷേപങ്ങൾ കേരളത്തിലേക്ക് വന്നു. കൊച്ചി -ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 2220 ഏക്കർ ഭൂമിയുടെ 70 ശതമാനം ഭൂമി 10 മാസം കൊണ്ട് ഏറ്റെടുത്തതായി മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് കാരണം പ്രതിസന്ധിയിലായ എം എസ് എം ഇ മേഖലയ്ക്ക് കൈത്താങ്ങായി 1416 കോടി രൂപയുടെ പാക്കേജ് നടപ്പിലാക്കി. 50 കോടിയിൽ അധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് ഏഴ് ദിവസങ്ങൾക്കുള്ളിൽ അനുമതി നൽകുകയാണ്. 50 കോടി രൂപ വരെയുള്ള വ്യവസായങ്ങൾക്ക് അതിവേഗ അനുമതി നൽകുന്നതിന് കെസ്വിഫ്റ്റ് പ്രവർത്തിക്കുന്നുണ്ട്. സംരംഭകരുടെ പരാതികളിൽ സമയബന്ധിതമായി തീർപ്പുകൽപ്പിക്കുന്നില്ലെങ്കിൽ ഉദ്യോഗസ്ഥരിൽ നിന്ന് പിഴ ഈടാക്കും. വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കുന്നതിനായി കേന്ദ്രീകൃത പരിശോധനാ സംവിധാനം(കെസിസ്) നിലവിൽ വന്നു. വ്യവസായങ്ങളുമായി ബന്ധപ്പെട്ട കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കുന്നതിനും നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള നടപടികൾ നല്ല രീതിയിൽ പുരോഗമിക്കുകയാണ്. കൂടുതൽ നിക്ഷേപം ആകർഷിക്കുക, പുത്തൻ സംരംഭങ്ങൾ കൊണ്ടുവരിക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യം പ്രതീക്ഷിച്ച നിലയിൽ മുന്നേറുകയാണ്.
കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയം രാജ്യത്തെ വ്യവസായ പാർക്കുകളുടെ പ്രകടനം വിലയിരുത്തി തയ്യാറാക്കിയ റിപ്പോർട്ടിൽ കിൻഫ്രയ്ക്ക് കീഴിലുള്ള അഞ്ച് പാർക്കുകൾക്ക് ദേശീയ അംഗീകാരം ലഭിച്ചു.
കഴിഞ്ഞ സാമ്പത്തിക വർഷം 1,522 കോടി രൂപയുടെ സ്വകാര്യ നിക്ഷേപങ്ങൾ കേരളത്തിൽ എത്തിക്കാനും 20,900 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞത് കിൻഫ്രയുടെ നേട്ടമാണ്. ഇൻഫോപാർക്കിനടുത്ത് 10 ഏക്കർ ഭൂമിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള എക്‌സിബിഷൻ കം ട്രേഡ് ആൻറ് കൺവെൻഷൻ സെന്റർ ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കും. സ്വകാര്യമേഖലയിൽ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതിനു സർക്കാർ എല്ലാ സഹായവും നൽകും. ഈ പാർക്കുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ഏക്കറിന് 30 ലക്ഷം വരെ നൽകും. ഒരു എസ്റ്റേറ്റിന് പരമാവധി മൂന്നു കോടി രൂപ വരെയാണ് ഇങ്ങനെ നൽകുക.
ഇനിയും നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്. മികച്ച മാതൃകകൾക്കായി മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും നോക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് എല്ലാവരുടേയും പിന്തുണ വേണം. എന്നാൽ ചില ഘട്ടങ്ങളിലെങ്കിലും പ്രത്യേക നശീകരണ മനോഭാവം കാണിക്കുന്ന സമീപനം ചില കേന്ദ്രങ്ങളിൽ നിന്നെങ്കിലും ഉണ്ടാകുന്നുണ്ട്. അത് ഒഴിവാക്കണം എന്നാണ് അത്തരക്കാരോട് അഭ്യർത്ഥിക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.