November 27, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കെൽട്രോൺ: അത്മനിർഭരതയുടെ കേരളാ മോഡൽ

1 min read

അത്മനിർഭരതയുടെ കേരളാ മോഡലാണ് കെൽട്രോൺ. ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്കു വേണ്ടി അയ്യായിരത്തോളം ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷൻ സെറ്റുകൾ നിർമ്മിച്ചുകൊണ്ടായിരുന്നു കെൽട്രോണിന്റെ തുടക്കം. പിന്നീട് 1982ൽ ഏഷ്യൻ ഗെയിംസിനോടനുബന്ധിച്ചു ഇന്ത്യയിലെ ആദ്യ കളർ ടെലിവിഷൻ സെറ്റ് നിർമ്മിച്ചതും കെൽട്രോൺ ആയിരുന്നു. ആ കാലത്ത് ഇന്ത്യ ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന പല ഇലക്ട്രോണിക് ഉപകരണങ്ങളും കെൽട്രോൺ കേരളത്തിൽ നിർമ്മിക്കാൻ തുടങ്ങിയിരുന്നു. എൺപതുകളിൽ കെൽട്രോണിന്റെ വിറ്റുവരവ് എൺപതു കോടിരൂപയായിരുന്നു എന്ന് പറയുമ്പോൾ തന്നെ മനസ്സിലാക്കാം എത്രമാത്രം മികച്ച പ്രവർത്തനങ്ങളായിരുന്നു കെൽട്രോൺ നടത്തിയിരുന്നതെന്ന്. 1975 മുതൽ 1985 വരെ ആ കാലഘട്ടത്തിലെ സുപ്രധാനമായ പല ഉപകരണങ്ങളുടെയും നിർമ്മാണപ്രവർത്തനങ്ങൾ കെൽട്രോൺ നടത്തിയിട്ടുണ്ട്. ഇന്ന് ഡിപ്പാർട്മെന്റ് ഓഫ് ഇലക്ട്രോണിക്സിന്റെ ഭാഗമായ സീഡാക്കിന്റെ (C-DAC) തുടക്കം കെൽട്രോണിന്റെ ഇലക്ട്രോണിക് റിസർച്ച് ആൻഡ് ഡെവലൊപ്മെന്റ് സെന്റർ എന്ന നിലയിലായിരുന്നു. എന്നാൽ സാങ്കേതികമേഖലയിലെ പുതിയ മാറ്റങ്ങൾ ഉൾകൊള്ളുന്നതിലുള്ള പരാജയവും, പ്രവർത്തനമൂലധനത്തിന്റെ കുറവുമെല്ലാം തൊണ്ണൂറുകളോടെ കെൽട്രോണിന്റെ വളർച്ചയെ പിന്നോട്ടടിച്ചു.

കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി കെൽട്രോൺ വളർച്ചയുടെ പാതയിലാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കണമെന്നുള്ള സർക്കാരിന്റെ പ്രതിജ്ഞബദ്ധതയും, കേരളത്തിൽ ഒരു ഇലക്ട്രോണിക് വ്യവസായ ആവാസ വ്യവസ്‌ഥ ഉണ്ടാക്കണമെന്നുള്ള സർക്കാരിന്റെ നയപരമായ തീരുമാനവും കെൽട്രോണിനു നേട്ടമായി. അറുനൂറു കോടിയോളം രൂപയാണ് നിലവിൽ കെൽട്രോണിന്റെ വാർഷിക വിറ്റുവരവ്. ആയിരത്തിനുമുകളിൽ ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു. തന്ത്രപ്രധാനമായ മേഖലകളിലൂന്നിയുള്ള ഉൽപന്നങ്ങളുടെ നിർമ്മാണത്തിലും, പദ്ധതികളിലുമാണ് ഇപ്പോൾ കെൽട്രോൺ പ്രധാനമായും ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത്. കണ്ണൂർ കെൽട്രോൺ കംപോണന്റ് കോംപ്ലസ്കിൽ, ഇസ്രോയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ ആദ്യമായി ഒരു സൂപ്പർ കാപ്പസിറ്റർ പ്ലാന്റ് നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ കെൽട്രോൺ നടത്തിവരുന്നു. പതിനെട്ടുകോടിയോളം രൂപ മുതൽമുടക്കിൽ പൈലറ്റ് പ്ലാന്റ് പൂർത്തിയാക്കി കമ്മീഷനിങ് നടന്നുകൊണ്ടിരിക്കുന്നു. നവംബറിൽ പ്രവർത്തനം തുടങ്ങും. സെമി-കണ്ടക്ടർ പാർക്കും, അസംബ്ലി യൂണിറ്റും, പ്രിന്റഡ് സർക്യൂട്ട്-ബോർഡ് നിർമ്മാണ കേന്ദ്രവും സ്വകാര്യ പങ്കാളിത്വത്തോടെ കെൽട്രോണിന്റെ നേതൃത്വത്തിൽ ആരംഭിക്കാൻ പദ്ധതിയിടുന്നു. 2026-ത്തോടെ  കെൽട്രോണിന്റെ വിറ്റുവരവ് ആയിരം കോടിയിലെത്തിക്കാനും, ഇത് 2030കളിൽ രണ്ടായിരം കോടിയിലെത്തിക്കാനുമുള്ള ആസൂത്രണങ്ങളുമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.

ഇന്ത്യയുടെ അഭിമാന പദ്ധതികളായ ചന്ദ്രയാൻ-3-ലും, ആദിത്യാ-എൽ -1-ലും, ഐ.എൻ.എസ്. വിക്രാന്തിലുമെല്ലാം കെൽട്രോണിനെ പങ്കാളിയാക്കിയതിനു പിന്നിൽ പ്രവർത്തിച്ചയാളാണ്, കെൽട്രോണിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എൻ.നാരായണ മൂർത്തി. രാജ്യം ആദരിക്കുന്ന ഒരു വിശ്രുത ശാസ്ത്രജ്ഞനും, വിക്രം സാരാഭായ് സ്പേസ് സെന്ററെറിൽ (ഇസ്രോ) അസ്സോസിയേറ്റ് ഡയറക്ടറും, ഹ്യൂമൻ സ്പേസ്ഫ്ലൈറ്റ്  പ്രോഗ്രാമിന്റെ ചീഫ് എക്സിക്യൂട്ടീവും ആയിരുന്നു അദ്ദേഹം. സാറ്റലൈറ്റ് ലൗഞ്ച് വെഹിക്കിളുകളുടെ നിർമ്മാണത്തിനു നൽകിയ സംഭാവനകളെ പരിഗണിച്ചു ആസ്ട്രോനൗട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ അദ്ദേഹത്തെ സ്പേസ് ഗോൾഡ് മെഡൽ അവാർഡ് നൽകി ആദരിക്കുകയുണ്ടായി. ഇസ്രോയുടെ പെർഫോർമൻസ് മെറിറ്റ് അവാർഡും, പെർഫോർമൻസ് എക്സലെൻസ് അവാർഡും അദ്ദേഹം നേടുകയുണ്ടായി. 1971-ൽ വിക്രം സാരാഭായ് സ്പേസ് സെന്ററെറിൽ (ഇസ്രോ) ശാസ്ത്രജ്ഞനായി ജോലിയിൽ പ്രവേശിച്ച എൻ.നാരായണ മൂർത്തി പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (PSLV), ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (GSLV Mark III) പദ്ധതികളുടെ പ്രൊജക്റ്റ് ഡയറക്ടർ ആയിരുന്നു. 2019-ലാണ് അദ്ദേഹം കെൽട്രോണിന്റെ ചെയർമാൻ ആയി ചുമതലയേൽക്കുന്നത്. 2021-ൽ മാനേജിങ് ഡയറക്ടർ പദവി കൂടി അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹം ഫ്യൂച്ചർ കേരളാ ലേഖകന് നൽകിയ അഭിമുഖത്തിൽ നിന്നുള്ള പ്രസക്തഭാഗങ്ങൾ:

— എം.കെ.ആർ

  'ഹഡില്‍ ഗ്ലോബല്‍ 2024' നവംബര്‍ 28ന്

കെൽട്രോനിന്റെ തുടക്കം, അൻപതു വർഷത്തെ വളർച്ചയുടെ ചരിത്രം?
1973-ലാണ് കെൽട്രോണിന്റെ തുടക്കം. തിരുവനന്തപുരത്തു പേരൂർകടയിലുള്ള ഒരു വാടകകെട്ടിടത്തിൽ. കെ.പി.പി.നമ്പ്യാർ എന്ന ധീഷണാശാലിയായ സാങ്കേതികവിദഗ്ധനായിരുന്നു ആദ്യ ചെയർമാനും, മാനേജിങ് ഡയറക്ടറും. ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്കു വേണ്ടി അയ്യായിരത്തോളം ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷൻ സെറ്റുകൾ നിർമ്മിക്കുക എന്നതായിരുന്നു ആദ്യത്തെ ഉദ്യമം. പിന്നീട് 1982ൽ ഏഷ്യൻ ഗെയിംസിനോടനുബന്ധിച്ചു ഇന്ത്യയിലെ ആദ്യ കളർ ടെലിവിഷൻ സെറ്റ് നിർമ്മിച്ചതും കെൽട്രോൺ ആയിരുന്നു. തിരുവനന്തപുരത്തു കരകുളത്തും, മൺവിളയിലും, എറണാകുളത്തു അരൂറുമെല്ലാം കെൽട്രോൺ നിർമാണശാലകൾ. ആ കാലത്ത് ഇന്ത്യ ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന പല ഇലക്ട്രോണിക് ഉപകരണങ്ങളും കെൽട്രോൺ കേരളത്തിൽ നിർമ്മിക്കാൻ തുടങ്ങി. ആത്മനിർഭരതയുടെ തുടക്കം! എൺപതുകളിൽ കെൽട്രോണിന്റെ വിറ്റുവരവ് എൺപതു കോടിരൂപയായിരുന്നു എന്ന് പറയുമ്പോൾ തന്നെ മനസ്സിലാക്കാം എത്രമാത്രം മികച്ച പ്രവർത്തനങ്ങളായിരുന്നു കെൽട്രോൺ നടത്തിയിരുന്നതെന്ന്.

കരകുളം കെൽട്രോൺ എക്വിപ്മെന്റ് കോംപ്ലക്സിൽ ടെലിവിഷൻ യൂണിറ്റുകളുടെ നിർമാണം, നാവിക-പ്രതിരോധ കപ്പലുകൾക്കും, താപവൈദ്യുതനിലയങ്ങൾക്കും വേണ്ട ഹൈപവർ ബാറ്ററി, യുപിഎസ് സിസ്റ്റംസ് തുടങ്ങിയവയുടെ നിർമ്മാണം; മൺവിള യൂണിറ്റിൽ ട്രാഫിക് സിഗ്നലിങ് സിസ്റ്റംസ്, സി.ഡോട്ട് എക്സ്ചേഞ്ച്കൾക്കു വേണ്ട അനുബന്ധ ഉപകരണങ്ങളുടെ നിർമാണം; അരൂരിൽ താപവൈദ്യുതനിലയങ്ങൾക്കുവേണ്ടിയുള്ള കൺട്രോൾ സിസ്റ്റംസും അനുബന്ധഉപകരണങ്ങളും; കണ്ണൂരിൽ ഹൈ-പവർ കപ്പാസിറ്ററുകളുടെ നിർമ്മാണം; എന്നിങ്ങനെയായിരുന്നു കെൽട്രോണിന്റെ പ്രധാന പ്രവർത്തങ്ങൾ. 1975 മുതൽ 1985 വരെ ആ കാലഘട്ടത്തിലെ സുപ്രധാനമായ പല ഉപകരണങ്ങളുടെയും നിർമ്മാണപ്രവർത്തനങ്ങൾ കെൽട്രോൺ നടത്തിയിട്ടുണ്ട്. ഇന്ന് ഡിപ്പാർട്മെന്റ് ഓഫ് ഇലക്ട്രോണിക്സിന്റെ ഭാഗമായ സീഡാക്കിന്റെ (C-DAC) തുടക്കം കെൽട്രോണിന്റെ ഇലക്ട്രോണിക് റിസർച്ച് ആൻഡ് ഡെവലൊപ്മെന്റ് സെന്റർ എന്ന നിലയിലായിരുന്നു.

എന്നാൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിപണനമേഖലയിലേക്ക് മൾട്ടിനാഷണൽ കമ്പനികൾ കടന്നുവന്നതോടെ പലമേഖലയിലും കെൽട്രോണിന്‌ ഉണ്ടായിരുന്ന മേധാവിത്വം അവസാനിച്ചു. സാങ്കേതികമേഖലയിലെ പുതിയ മാറ്റങ്ങൾ ഉൾകൊള്ളുന്നതിലുള്ള പരാജയവും, പ്രവർത്തനമൂലധനത്തിന്റെ കുറവുമെല്ലാം തൊണ്ണൂറുകളോടെ കെൽട്രോണിന്റെ വളർച്ചയെ പിന്നോട്ടടിച്ചു. പിന്നീട് രണ്ടായിരങ്ങളിലാണ് പതുക്കെ പുരോഗതി തുടങ്ങുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി കെൽട്രോൺ മികച്ച വളർച്ചയിലാണെന്നു തന്നെ പറയാം. പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കണമെന്നുള്ള സർക്കാരിന്റെ പ്രതിജ്ഞബദ്ധതയും, കേരളത്തിൽ ഒരു ഇലക്ട്രോണിക് വ്യവസായ ആവാസ വ്യവസ്‌ഥ ഉണ്ടാക്കണമെന്നുള്ള സർക്കാരിന്റെ നയപരമായ തീരുമാനവും കെൽട്രോണിനു നേട്ടമായി. അറുനൂറു കോടിയോളം രൂപയാണ് നിലവിൽ കെൽട്രോണിന്റെ വാർഷിക വിറ്റുവരവ്. ആയിരത്തിനുമുകളിൽ ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു.

കെൽട്രോൺ ഇപ്പോൾ പ്രധാനമായും ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്ന മേഖലകൾ?
തന്ത്രപ്രധാനമായ മേഖലകളിലൂന്നിയുള്ള ഉൽപന്നങ്ങളുടെ നിർമ്മാണത്തിലും, പദ്ധതികളിലുമാണ് ഇപ്പോൾ കെൽട്രോൺ പ്രധാനമായും ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത്. അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും, സാങ്കേതികവിദ്യ സ്വായത്തമാക്കുകയുമാണ് ലക്‌ഷ്യം. താഴെ പറയുന്നവയാണ് കെൽട്രോണിന്റെ ഇപ്പോഴത്തെ പ്രധാന പ്രവർത്തന പദ്ധതികൾ:
1. നേവൽ ഡിഫെൻസ് ഇലക്ട്രോണിക് സിസ്റ്റംസിന്റെ നിർമ്മാണമാണ് സുപ്രധാനമായ ഒരു പ്രവർത്തനം. നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനൊഗ്രാഫിക് ലബോറട്ടറിയുമായി (എൻ.പി.ഓ.എൽ.) ബന്ധപ്പെട്ട് നിരവധി സാങ്കേതികവിദ്യാ കൈമാറ്റങ്ങൾ കെൽട്രോണിന് ലഭ്യമായിട്ടുണ്ട്. സീഡാക്കുമായും (C-DAC) കെൽട്രോണിന് സാങ്കേതികവിദ്യാ സഹകരണമുണ്ട്. ഇതെല്ലാമുപയോഗപെടുത്തി നേവൽ ഡിഫെൻസ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമ്മാണം മികച്ചരീതിയിൽ കെൽട്രോൺ നടത്തുന്നു. കെൽട്രോണിന്റെ കരകുളം, അരൂർ, കുറ്റിപ്പുറം കേന്ദ്രങ്ങൾ ആണ് ഇതിൽ ഫോക്കസ് ചെയ്യുന്നത്. പ്രതിരോധ ആവശ്യങ്ങൾക്കുള്ള പല സുപ്രധാന ഉപകരണങ്ങളും തദ്ദേശീയമായി തന്നെ നിർമ്മിക്കണം എന്ന കേന്ദ്ര സർക്കാരിന്റെ നയവും കെൽട്രോണിന് നിരവധി സാദ്ധ്യതകൾ പ്രദാനം ചെയ്യുന്നു. ഈ മേഖലയിലെ പ്രവർത്തനങ്ങൾക്കു ആക്കം കൂട്ടുന്നതിനുവേണ്ടി ചില സംയുക്ത സംരഭങ്ങളിലേർപ്പെടാനും കെൽട്രോണിന് അനുവാദം ലഭിച്ചിട്ടുണ്ട്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രസ്‌നി ഡിഫെൻസ് ടെക്നോളോജിസ് എന്ന സ്ഥാപനവുമായി ചേർന്ന് കെൽട്രോൺ-ക്രസ്‌നി ഡിഫെൻസ് സിസ്റ്റംസ് എന്ന സംയുക്ത സംരംഭം നേവൽ ഡിഫെൻസ് ഉപകരണങ്ങളുടെ നിർമ്മാണത്തിനായി ആരംഭിച്ചിട്ടുള്ളതാണ്. ഈ മേഖലയിൽ കെൽട്രോണിന് സുപ്രധാനമായ പല സംഭാവനകളും നല്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

  ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ പദ്ധതി

2. കരകുളം കെൽട്രോൺ എക്വിപ്മെന്റ് കോംപ്ലെക്സിനെ ഒരു പവർ ഇലക്ട്രോണിക്സ് ഹബ്ബ് ആക്കി മാറ്റുക എന്നുള്ളതാണ് മറ്റൊരു പദ്ധതി. ഇപ്പോൾ ഇവിടെ ഹൈ-പവർ യു.പി.എസ്, ബാറ്ററി ചാർജറുകൾ, റെക്ടിഫയേഴ്‌സ് എന്നിവയുടെ നിർമ്മാണമാണ് പ്രധാനമായും നടക്കുന്നത്‌. ഈ യൂണിറ്റിനെ പവർ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഒരു നിർമ്മാണ കേന്ദ്രമെന്ന നിലയിൽ ഉയർത്തിയെടുക്കുക എന്നുള്ളത് ഒരു പ്രധാന ലക്ഷ്യമാണ്. ഇന്ത്യയിലെ ഏതു പവർ സ്റ്റേഷനുകളിലും കെൽട്രോണിന്റെ ഹൈ-പവർ യു.പി.എസുകൾ കാണാം. അതുപോലെ ഇന്ത്യയിലെ ഏതു നാവികസേനാ കപ്പലിൽ നോക്കിയാലും കെൽട്രോണിന്റെ ഉപകരണങ്ങൾ കാണാം. കൂടംകുളം താപനിലയിത്തിന്റെ മൂന്ന്, നാല് ഘട്ടങ്ങൾക്കാവശ്യമായ ഇരുപതു കോടിയോളം രൂപവരുന്ന ഉപകരണങ്ങളുടെ നിർമ്മാണ പ്രവർത്തങ്ങൾ ഇപ്പോൾ എവിടെ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മറ്റു വാണിജ്യആവശ്യങ്ങൾക്കുള്ള യു.പി.എസുകളുടെ ഉത്പാദനം ഗണ്യമായി വർദ്ധിപ്പിക്കാനും കെൽട്രോൺ ലക്ഷ്യമിടുന്നു. കേരളാ സർക്കാരിന്റെ ഇ-ഹെൽത്ത്  പദ്ധതിയ്ക്കു ആവശ്യമുള്ള യു.പി.എസുകൾ നിർമ്മിച്ചു കൊടുക്കുന്നത് കെൽട്രോൺ ആണ് .

3. ട്രാഫിക് സിഗ്നലിങ് ആൻഡ് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് സിസ്റ്റംസ്യൂ യുണിറ്റുകളുടെ നിർമ്മാണത്തിൽ കെൽട്രോണിന് തുടക്കം മുതലേ ഒരു മികച്ച ബ്രാൻഡ് പദവിയുണ്ടായിരുന്നു. അത് ഒന്നു കൂടി ശക്തമായി തിരിച്ചു പിടിക്കാൻ ശ്രമം നടന്നുകൊണ്ടിരിക്കുന്നു. ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് സിസ്റ്റംസ് കേരളത്തിൽ വളരെ വിജയകരമായി നടപ്പിലാക്കികൊണ്ടിരിക്കുന്നു. മറ്റു സംസ്ഥാങ്ങളിൽ കൂടി ഇതിന്റെ മാർക്കറ്റിങ് നടത്താനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. നാഷണൽ ഹൈവേ അതോറിറ്റിയുമായും ആശയവിനിമയം നടന്നുകൊണ്ടിരിക്കുന്നു.

4. സ്പേസ് ഇലക്ട്രോണിക്സ് രംഗത്തും കെൽട്രോൺ വളരെ സജീവമായി ചുവടുറപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ISRO) സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾസിനു വേണ്ടിയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിർമ്മാണത്തിൽ കെൽട്രോൺ വളരെ സജീവമാണ്. ഇസ്രോയുടെ ഏതു വിക്ഷേപണ സംവിധാനമെടുത്താലും അതിലെ പന്ത്രണ്ടോളം ശതമാനം ഇലക്ട്രോണിക് മൊഡ്യൂളുകളും കെൽട്രോണിന്റെ സംഭാവനയാണ്. ചന്ദ്രയാൻ-3 ലായാലും, ആദിത്യയിലായാലും എല്ലാം കെൽട്രോൺ നിർമ്മിക്കുന്ന ഇലക്ട്രോണിക് മൊഡ്യൂളുകൾ ഉപയോഗിച്ചിരിക്കുന്നു. നിലവിൽ കെൽട്രോണിന്റെ കരകുളത്തും, മൺവിളയിലുമുള്ള കേന്ദ്രങ്ങളിലായി നൂറോളം സാങ്കേതിക വിദഗ്ദ്ധർ ഇതിനായി ജോലി ചെയ്യുന്നു.

5. ശ്രവണസഹായികളുടെ നിർമ്മാണം: സീഡാക്കിന്റെ (C-DAC) സാങ്കേതിക സഹകരണത്തോടെ ശ്രവണസഹായികളുടെ നിർമ്മാണത്തിൽ കെൽട്രോൺ നിർണ്ണായകമായ ചില നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഇപ്പോൾ പ്രതിവർഷം ഏകദേശം എണ്ണായിരത്തോളം ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. വാണീജ്യഅടിസ്ഥാനത്തിൽ ഇതു നിർമ്മിക്കാനും, അതിനൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ചില ശ്രവണസഹായ ഉത്പന്നങ്ങൾ നിർമ്മിക്കാനും കെൽട്രോണിന് പദ്ധതിയുണ്ട്. സീഡാക്കും (C-DAC), ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷന്റെ (DRDO) ഭാഗമായ ഡിഫെൻസ് ബയോ എഞ്ചിനീയറിംഗ് ആൻഡ് ഇലക്ട്രോ മെഡിക്കൽ ലബോറട്ടറി (DEBEL) യുമായും സഹകരിച്ചുകൊണ്ട് കോക്ലിയർ ഇംപ്ളാന്റ്‌ എന്ന ശ്രവണസഹായി നിർമ്മിക്കാനുള്ള ഒരു വലിയ കരാർ കെൽട്രോണിന് ലഭിച്ചിട്ടുണ്ട്. അതിന്റെ പ്രോട്ടോടൈപ്പ് നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. മാസം പൂർത്തിയാകാതെ ജനിക്കുന്ന നവജാതശിശുക്കളുടെ പരിചരണത്തിനാവശ്യമായ ബേബി വാമിംഗ് ഉപകരണങ്ങൾ നിർമ്മിക്കാനും കെൽട്രോണിന് പദ്ധതിയുണ്ട്.

6. കണ്ണൂർ കെൽട്രോൺ കംപോണന്റ് കോംപ്ലക്സിൽ സൂപ്പർ കപ്പാസിറ്റർ പ്ളാൻറ്: കണ്ണൂർ കെൽട്രോൺ കംപോണന്റ് കോംപ്ലക്സ് നിലവിൽ ഇന്ത്യയിലെ തന്നെ ഒരു പ്രമുഖ കപ്പാസിറ്റർ നിർമ്മാണ കേന്ദ്രമാണ്. ഇവിടെ നിർമ്മിക്കുന്ന അലുമിനിയം ഇലക്ട്രോലൈറ്റിക് കാപ്പാസിറ്ററുകളുടെ വിപണിവിഹിതം ഇന്ത്യൻ വിപണിയുടെ ഏതാണ്ട് മുപ്പത്തിയഞ്ചു ശതമാനമാണ്. ഇസ്രോയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ ആദ്യമായി ഒരു സൂപ്പർ കാപ്പസിറ്റർ പ്ലാന്റ് നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ കെൽട്രോൺ നടത്തിവരുന്നു. പതിനെട്ടുകോടിയോളം രൂപ മുതൽമുടക്കിൽ പൈലറ്റ് പ്ലാന്റ് പൂർത്തിയാക്കി കമ്മീഷനിങ് നടന്നുകൊണ്ടിരിക്കുന്നു. നവംബറിൽ പ്രവർത്തനം തുടങ്ങും.

  വരുന്നു പാൻ 2.0

7. കെൽട്രോൺ ഐ.റ്റി. വിഭാഗവും, നോളജ് സെന്ററുകളും: മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്മെന്റ്, പോലീസ് ഡിപ്പാർട്മെന്റ്, ട്രെഷറി, ഇൻഡസ്ട്രീസ് ഡിപ്പാർട്മെന്റ് തുടങ്ങി കേരളാ സർക്കാരിനാവശ്യമായ  തൊണ്ണൂറു ശതമാനം ഐ.റ്റി. സേവനങ്ങളും ലഭ്യമാക്കുന്നത് കെൽട്രോൺ ആണ്. കെൽട്രോൺ ഐ.റ്റി. വിഭാഗത്തിന് നാലു സേവനമുഖങ്ങളാണുള്ളത്. ഐ.റ്റി. അനുബന്ധ ഉപകരണങ്ങളുടെ വിതരണം, ഡാറ്റ നെറ്റ്വർക്കിംഗ് സേവനം, സോഫ്റ്റ്വെയർ വികസനം, സൈബർ സുരക്ഷാ സേവന വിഭാഗം എന്നിങ്ങനെ. കെൽട്രോൺ നോളജ് സെന്ററുകളുടെ കീഴിൽ നൂറ്ററുപതോളം തൊഴിലധിഷ്ഠിത കോഴ്സുകൾ നടത്തപ്പെടുന്നു. കേരളത്തിലുടനീളമായി എൺപത്തിയഞ്ചോളം ട്രെയിനിങ് സെന്ററുകൾ നോളജ് സെന്ററിനു കീഴിലുണ്ട്. പ്രതിവർഷം എണ്ണായിരത്തോളം വിദ്യാർഥികൾ എവിടെനിന്ന് തൊഴിൽപരിശീലനം നേടുന്നു.

കെൽട്രോണിന്റെ ഭാവി വികസന ലക്ഷ്യങ്ങൾ?
ഒരു സെമി-കണ്ടക്ടർ പാർക്കും, അസംബ്ലി യൂണിറ്റും, പ്രിന്റഡ് സർക്യൂട്ട്-ബോർഡ് നിർമ്മാണ കേന്ദ്രവും സ്വകാര്യ പങ്കാളിത്വത്തോടെ കെൽട്രോണിന്റെ നേതൃത്വത്തിൽ ആരംഭിക്കാൻ ഉദ്ദേശ്ശിക്കുന്നു. 2026-ത്തോടെ  കെൽട്രോണിന്റെ വിറ്റുവരവ് ആയിരം കോടിയിലെത്തിക്കാനും, ഇത് 2030കളിൽ രണ്ടായിരം കോടിയിലെത്തിക്കാനുമുള്ള ആസൂത്രണങ്ങളുമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. നിലവിൽ പ്രാവീണ്യവും മേധാവിത്വവുമുള്ള മേഖലകളിൽ പ്രവർത്തനം ശക്തമാക്കിയും, മറ്റു സാധ്യതയുള്ള മേഖലകളിൽ സംയുക്ത സംരഭങ്ങളിലൂടെയും, സാങ്കേതിക സഹകരണത്തിലൂടെയും വളർച്ച കൈവരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

കെൽട്രോണിന്റെ മുന്നിലുള്ള വെല്ലുവിളികൾ?
അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും നവീകരിക്കാനും, യന്ത്രവൽക്കരണം കൊണ്ടുവരാനും, സാങ്കേതിക ജ്ഞാനവും, പരിചയവുമുള്ള പുതിയ ആളുകളെ കൊണ്ടുവരാനും ആവശ്യമായ മൂലധനം കണ്ടെത്തുക എന്നുള്ളതാണ് ഏറെ പ്രധാനം. പദ്ധതിയിടുന്ന നേട്ടങ്ങൾ കൈവരിക്കാൻ ഏകദേശം അഞ്ഞൂറു കോടിരൂപയോളം അധിക മുതൽമുടക്ക് കെൽട്രോണിന് ആവശ്യമായി വരുന്നുണ്ട്. അധികമായി വരുന്ന പ്രവർത്തനമൂലധനം ഉൾച്ചേർക്കുക എന്നുള്ളത് തന്നെയാണ് പ്രധാന വെല്ലുവിളി.

താങ്കളുടെ നേതൃത്വത്തിൽ കെൽട്രോണിൽ വന്ന പ്രധാന മാറ്റങ്ങൾ?
ഇസ്രോയുടെ ഒരു വികസന കാഴ്ചപ്പാടുമായാണ് ഞാൻ കെൽട്രോണിൽ വരുന്നത്. ഇസ്രോയിൽ ആയിരുന്നപ്പോൾ തന്നെ ഞാൻ ഇസ്രോയുടെ പ്രതിനിധി എന്ന നിലയിൽ കെൽട്രോണിന്റെ ബോർഡിൽ അംഗമായിരുന്നു. അതുകൊണ്ടുതന്നെ കൃത്യമായ ഒരു അവബോധം എനിക്കുണ്ടായിരുന്നു. പുതു സാങ്കേതിക വിദ്യയുടെ സ്വംശീകരണത്തിലും, നവീകരണത്തിലും, അതിന്റെ പരസ്പരമുള്ള പങ്കുവയ്ക്കലിലും, നിശ്ചിതഇടവേളകളിലുള്ള നിരൂപണത്തിലും, വിശകലനത്തിനുമെല്ലാം പ്രാധാന്യം നൽകുന്ന ഒരു വിജ്ഞാന അധിഷ്ഠിത സംസ്കാരമാണ് വിക്രം സാരാഭായ് സ്പേസ് സെന്ററെറിൽ/ ഇസ്രോയിൽ ഉള്ളത്. ആ തരത്തിലുള്ള ഒരു കാഴ്ചപ്പാട് കെൽട്രോണിലും കൊണ്ടുവരാൻ ശ്രമിക്കുന്നു. ഇസ്രോയുമായി (VSSC,ISRO) സഹകരിച്ചുകൊണ്ട് കെൽട്രോണിൽ ഒരു സൂപ്പർ കപ്പാസിറ്റർ നിർമ്മാണകേന്ദ്രം തുടങ്ങാൻ സാധിച്ചതും, റിസർച്ച് ആൻഡ് ഡവലപ്മെന്റ് സെന്റർ കൊണ്ടുവരാൻ കഴിഞ്ഞതും, സംയുക്ത സംരംഭങ്ങൾ തുടങ്ങാൻ കഴിഞ്ഞതും, അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിഞ്ഞതുമെല്ലാം നേട്ടമായി കരുതുന്നു. ഗുണനിലവാരം ഉറപ്പുവരുത്തുന്നതിലും, ഡോക്യൂമെന്റഷൻ നിലവാരത്തിലുമെല്ലാം പുതു മാനദണ്ഡങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. കെൽട്രോണിന്  ഉയരങ്ങൾ കീഴടക്കാൻ കഴിയും എന്ന ഒരു പുതു ദിശാബോധം ജീവനക്കാർക്കിടയിൽ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ കാര്യം.

Maintained By : Studio3