സംസ്ഥാനത്തെ ആദ്യ കാരവന്‍ ടൂറിസം പാക്കേജുമായി കെടിഡിസി
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ കാരവന്‍ ടൂറിസം പാക്കേജിന് കേരള ടൂറിസം ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെടിഡിസി) തുടക്കമിട്ടു. സംസ്ഥാന കാരവന്‍ ടൂറിസം പദ്ധതിക്ക് ഊര്‍ജമേകുന്ന ആകര്‍ഷകമായ ‘കാരവന്‍ ഹോളിഡെയ്സ്’ പാക്കേജ് വിനോദസഞ്ചാരികള്‍ക്ക് പ്രകൃതിയോട് ഒത്തിണങ്ങിയ ഏറ്റവും മികച്ച യാത്രാനുഭവമാണ് പ്രദാനം ചെയ്യുന്നത്. സൗജന്യ പ്രഭാതഭക്ഷണവും പാര്‍ക്കിങ്ങും ലഭ്യമാക്കുന്ന മിതമായ നിരക്കിലുള്ള പാക്കേജാണിത്.
ആഡംബര കാരവനുകളില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ ഈ പാക്കേജിന് ഒരു സഞ്ചാരിക്ക് 3999 രൂപയും നികുതിയും യാത്രയ്ക്കും ഒരു രാത്രിയിലെ താമസത്തിനുമായി നല്‍കണം. ഇതിനുപുറമേ കിലോമീറ്ററിന് 40 രൂപ ക്രമത്തില്‍ യാത്രാനിരക്ക് നിജപ്പെടുത്തിയിട്ടുണ്ട്. ഒരു കാരവനില്‍ നാലു മുതിര്‍ന്നവര്‍ക്കും രണ്ടു കുട്ടികള്‍ക്കും വരെ യാത്രചെയ്യാം. സംസ്ഥാനത്തെ ആതിഥേയമേഖലയിലെ പ്രമുഖ പൊതുമേഖല സ്ഥാപനമായ കെടിഡിസി കാരവന്‍ സേവന ദാതാക്കളുമായി കാരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ കുമരകം-വാഗമണ്‍-തേക്കടി റൂട്ടാണ് പാക്കേജിന് തിരഞ്ഞെടുത്തിരിക്കുന്നത്. പ്രഭാതത്തില്‍ കുമരകം കായലോരത്തു നിന്നും യാത്ര തുടങ്ങി 80-100 കിലമീറ്ററോളം സുന്ദരകാഴ്ചകള്‍ ആസ്വദിച്ച് മധ്യകേരളത്തിലൂടെ യാത്രചെയ്ത് ഉച്ചയ്ക്കു ശേഷം വാഗമണ്ണില്‍ എത്തും. വാഗമണ്ണിലെ കാരവന്‍ മെഡോസില്‍ വിനോദസഞ്ചാരികള്‍ക്ക് സൗജന്യ പാര്‍ക്കിങ്ങിനും തീകായുന്നതിനും സൗകര്യമുണ്ട്.
അടുത്ത ദിവസം ഇക്കോടൂറിസം ഹബ്ബായ തേക്കടിയിലേക്ക് തിരിക്കും. അവിടെയുള്ള കെടിഡിസിയുടെ ഹോട്ടലുകളില്‍ താമസിക്കാം. ഒരു ദിവസം തങ്ങിയുള്ള യാത്രയോ, മുഴുവന്‍ റൂട്ടിലേക്കുള്ള യാത്രയോ സഞ്ചാരികളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം.
കേരളത്തിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമായതിനാല്‍ കെടിഡിസിയുടെ ആകര്‍ഷകമായ ഈ ടൂര്‍പാക്കേജിന് ഏറെ പ്രധാന്യമുണ്ടെന്ന് കെടിഡിസി ചെയര്‍മാന്‍ പികെ ശശി പറഞ്ഞു. ആഭ്യന്തര – രാജ്യാന്തര വിനോദസഞ്ചാരികള്‍ക്ക് മിതമായ നിരക്കില്‍ ഏറ്റവും മികച്ച യാത്രാനുഭവം ലഭ്യമാക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.