കമലിന്‍റെ സഖ്യം പ്രചാരണം ആരംഭിക്കുന്നു
ചെന്നൈ: ചലച്ചിത്ര നടനും മക്കള്‍ നീതി മയ്യം (എംഎന്‍എം) നേതാവുമായ കമല്‍ഹാസന്‍ സഖ്യകക്ഷികളുമായുള്ള സീറ്റ് പങ്കിടല്‍ പൂര്‍ത്തിയാക്കി. ഇന്ത്യ ജനനായക കക്ഷി(ഐജെകെ),അഖിലേന്ത്യാ സമത്വ മക്കള്‍ കക്ഷി (എ ഐ എസ് എം കെ) എന്നീ പാര്‍ട്ടികളുമായാണ് മക്കള്‍ നീതി മയ്യം സീറ്റ് പങ്കിടാന്‍ തീരുമാനിച്ചത്. ഈ പാര്‍ട്ടികളുടെ മുന്നണി ഉടന്‍ സജീവമായ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും. എംഎന്‍എം 40 സീറ്റുകള്‍ വീതം ഐജെകെ, എഐഎസ്കെ എന്നീ പാര്‍ട്ടികള്‍ക്ക് അനുവദിച്ചു. 234 അംഗ നിയമസഭയില്‍ എംഎന്‍എം 154 സീറ്റുകളില്‍ മത്സരിക്കും. സീറ്റ് പങ്കിടല്‍ അവസാനിച്ചതോടെ പാര്‍ട്ടി നേതാക്കള്‍ എല്ലാ നിയോജകമണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ആരംഭിച്ചു.
എംഎന്‍എമ്മുമായുള്ള സീറ്റ് പങ്കിടല്‍ തങ്ങള്‍ അന്തിമമാക്കിയിട്ടുണ്ടെന്നും തമിഴ്നാട്ടിലെ 40 നിയമസഭാ സീറ്റുകളില്‍ മത്സരിക്കുകയാണെന്നും പെരമ്പലൂര്‍ നിയോജകമണ്ഡലത്തിലെ എംപിയും ഐജെകെ ചെയര്‍മാനുമായ പരിവേന്ദര്‍ പറഞ്ഞു. ‘ഞങ്ങളുടെ സഖ്യം ശക്തമാണ്, സംസ്ഥാനത്ത് ഞങ്ങള്‍ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കും’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഐഎഡിഎംകെ, ഡിഎംകെ എന്നീ പാര്‍ട്ടികള്‍ തന്‍റെ ദര്‍ശന രേഖ പകര്‍ത്തി തട്ടിയെടുത്തുവെന്ന് എംഎന്‍എം നേതാവ് കമല്‍ ഹാസന്‍ ഇതിനകം തന്നെ ആരോപിച്ചിരുന്നു. വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000രൂപ നല്‍കുന്ന പദ്ധതി അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യറൗണ്ട് തങ്ങള്‍ വിജയിച്ചതായി എംഎന്‍എമ്മിന്‍റെ മുതിര്‍ന്ന നേതാവ് ആര്‍ വേലുമുരുകന്‍ അഭിപ്രായപ്പെട്ടു. ‘എഐഎഡിഎംകെയും ഡിഎംകെയും ഞങ്ങളുടെ ദര്‍ശന രേഖയില്‍നിന്നും ധാരാളം പകര്‍ത്തി. ഇത് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഞങ്ങള്‍ അവതരിപ്പിച്ചതാണ്.
ഇതിനര്‍ത്ഥം ഞങ്ങള്‍ക്ക് ജനങ്ങളുടെ സ്പന്ദനം അറിയാമെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പദ്ധതികളും പരിപാടികളും ആവിഷ്കരിക്കുമെന്നും ആണ്. ഞങ്ങള്‍ ഇപ്പോള്‍ തമിഴ്നാട്ടിലുടനീളം ഇത് വിശദീകരിക്കുകയും ഞങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്നതിനെക്കുറിച്ചും ഞങ്ങളുടെ ദര്‍ശനം രേഖയില്‍ നിന്ന് പോലും എതിരാളികള്‍ എങ്ങനെ പകര്‍ത്തുന്നുവെന്നതിനെക്കുറിച്ചും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും ചെയ്യും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.