സ്വീഡിഷ് ഏജൻസിയിൽ ജിയോക്ക് 220 കോടി ഡോളർ ഫണ്ട് പിന്തുണ
 
                ജിയോബുക്ക് നിര്‍മിക്കുന്നതിന് ചൈനീസ് കമ്പനിയായ ബ്ലൂബാങ്ക് കമ്യൂണിക്കേഷന്‍ ടെക്‌നോളജിയുമായി റിലയന്‍സ് ജിയോ പങ്കാളിത്തം സ്ഥാപിച്ചതായി നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു
മുംബൈ: 5ജി നെറ്റ്‌വർക്ക് വിപുലീകരിക്കുന്നതിനുള്ള ഉപകരണങ്ങൾക്കായി സ്വീഡിഷ് കയറ്റുമതി ക്രെഡിറ്റ് ഏജൻസിയായ ഇ കെ എന്നിൽ നിന്ന് 2.2 ബില്യൺ ഡോളർ ഫണ്ട് പിന്തുണ ലഭിച്ചതായി പ്രമുഖ ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ അറിയിച്ചു. 5ജി നെറ്റ്‌വർക്ക് വിന്യസിക്കുന്നതിനായി സ്വീഡിഷ് കമ്പനിയായ എറിക്‌സണിൽ നിന്നും ഫിന്നിഷ് കമ്പനിയായ നോക്കിയയിൽ നിന്നും കമ്പനി വലിയ തോതിൽ ടെലികോം ഗിയറുകൾ വാങ്ങിയിരുന്നു. ആഗോളതലത്തിൽ തന്നെ ഒരു സ്വകാര്യ കോർപ്പറേറ്റിന് ഇ കെ എൻ നൽകിയ ഏറ്റവും വലിയ പിന്തുണയാണിത്. ജിയോ ആദ്യമായാണ് ഒരു സ്വീഡിഷ് എക്‌സ്‌പോർട്ട് ക്രെഡിറ്റ് ഏജൻസിയുമായി കൈകോർക്കുന്നത്. ജിയോയുടെ ഇന്ത്യ ഒട്ടാകെയുള്ള 5ജി വിന്യാസവുമായി ബന്ധപ്പെട്ട് ഉപകരണങ്ങൾക്കും സേവനങ്ങൾക്കും ധനസഹായം നൽകുന്നതിനായി ഈ ഫണ്ടിൽ നിന്ന് ലഭിക്കുന്ന വരുമാനം വിനിയോഗിക്കും.
ലോകത്താകമാനം ടെലികോം ഗിയർ കയറ്റുമതിയിൽ കുറവുണ്ടായപ്പോൾ, റിലയൻസ് ജിയോയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന 5G റോൾഔട്ട് എറിക്സണിന്റെയും നോക്കിയയുടെയും ബിസിനസ്സിലെ ഇടിവ് നികത്താൻ സഹായിച്ചു. 2023 ജൂൺ പാദത്തിൽ വിൽപ്പനയിൽ 74 ശതമാനം വളർച്ചയോടെ ഏകദേശം 10,700 കോടി രൂപ നേടിയതായി എറിക്‌സൺ റിപ്പോർട്ട് ചെയ്‌തു, അതിൽ 90 ശതമാനം ബിസിനസും ഇന്ത്യയിൽ നിന്നാണ്. 2023 ജൂൺ പാദത്തിൽ നോക്കിയയുടെ ഇന്ത്യയിലെ വിൽപ്പന 333 ശതമാനം വളർച്ചയോടെ ഏകദേശം 9,500 കോടി രൂപയായി. 2023 മാർച്ചോടെ രാജ്യത്തുടനീളമുള്ള മൊത്തം 5ജി ബേസ് സ്റ്റേഷനുകളിൽ 80% വിഹിതം ജിയോയുടേതാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് വാർഷിക റിപ്പോർട്ടിൽ പറയുന്നു.

 
                                 
                                