ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജെഡിയു
ലക്‌നൗ: 2022 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രമായി മത്സരിക്കാന്‍ ജനതാദള്‍ (യുണൈറ്റഡ്) തീരുമാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി സംഘടനയെ ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്തം ദേശീയ ജനറല്‍ സെക്രട്ടറി കെ സി ത്യാഗിയെ പാര്‍ട്ടി ഏല്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ത്യാഗി അടുത്തിടെ പാര്‍ട്ടി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി.
ബിഹാറിനു പുറത്ത് തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ജെഡിയു ആഗ്രഹിക്കുന്നുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ജെഡിയു തീരുമാനം ബിജെപിയുടെ തന്ത്രങ്ങള്‍ക്ക് തിരിച്ചടിയാകും. ഒബിസി കേന്ദ്രീകൃത പ്രചാരണത്തിനാണ് ജെഡിയു പദ്ധതിയിടുന്നത്. ഈ നീക്കവുമായി ജെഡിയു മുന്നോട്ടുപോയാല്‍ ഒബിസി മേഖലയില്‍ ബിജെപിക്കുള്ള സ്വാധീനം കുറയാന്‍ അത് കാരണമാകും.
”സമൂഹത്തിലെ ഏറ്റവും പിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന നയങ്ങളാണ് ജെഡിയു നേതാവു ബീഹാര്‍ മുഖ്യമന്ത്രിയും ആയ നിതീഷ്‌കുമാറിന്റേത്. പാര്‍ട്ടിയുടെ പ്രചാരണം ഇതില്‍ അടിസ്ഥാനമാക്കിയാണ്.ഇത് മറ്റ് പാര്‍ട്ടികളെ വേദനിപ്പിക്കുന്നുണ്ടെങ്കില്‍ അതില്‍ ഞങ്ങള്‍ക്ക് ആശങ്കയില്ല’ അദ്ദേഹം പറയുന്നു. ഉത്തര്‍പ്രദേശിലെ അങ്ങേയറ്റം പിന്നോക്ക വിഭാഗങ്ങള്‍ക്ക് (ഇബിസി) സംവരണത്തിനുള്ള ആവശ്യം ഉയര്‍ത്താനാണ് ജെഡിയു പദ്ധതിയിടുന്നത്.
”ബിഹാറില്‍ എല്ലാ പാര്‍ട്ടികളും കാര്‍പൂരി താക്കൂറിന്റെ വാര്‍ഷികം ആഘോഷിക്കുന്നു. ഞങ്ങള്‍ ഇപ്പോള്‍ യുപിയിലേക്ക് കൊണ്ടുപോയി കാര്‍പൂരി താക്കൂര്‍ സൂത്രവാക്യത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഇബിസികള്‍ക്കായി സംവരണം നടത്തണമെന്ന ആവശ്യം ഉന്നയിക്കും”ജെഡി (യു) നേതാവ് പറഞ്ഞു. യുപിയിലെ ജെഡിയു പാര്‍ട്ടി ഘടകം ഇബിസികള്‍ക്ക് 30 ശതമാനം സംവരണം ഉറപ്പാക്കുമെന്നാണ് അവര്‍ പറയുന്നത്.