രാജ്യത്തിന്‍റെ സ്വാഭിമാനവ്യക്തിത്വം സ്വതന്ത്രമാക്കാന്‍ ശാസ്ത്രസമൂഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തത്: ജയന്ത് സഹസ്രബുദ്ധേ
തിരുവനന്തപുരം: രാജ്യത്തിന്‍റെ സ്വാഭിമാനവ്യക്തിത്വം സ്വതന്ത്രമാക്കാന്‍ ശാസ്ത്രസമൂഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതെന്ന് വിജ്ഞാന്‍ ഭാരതി ദേശിയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ജയന്ത് സഹസ്രബുദ്ധെ പറഞ്ഞു. ലോകപ്രശസ്ത ശാസ്ത്രജ്ഞനും നോബല്‍സമ്മാന ജേതാവുമായ സര്‍ സിവി രാമന്‍റെ ജന്‍മവാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ (ആര്‍ജിസിബി) സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ ‘സ്വാതന്ത്ര്യസമരവും ശാസ്ത്രവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നമ്മുടെ രാജ്യത്ത് സത്യാഗ്രഹം ആദ്യമായി നടപ്പാക്കിയത് പ്രശസ്ത ശാസ്ത്രജ്ഞനായ ജഗദീശ് ചന്ദ്രബോസായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ ഉന്നതവിജയം നേടി തിരികെ നാട്ടിലെത്തയ അദ്ദേഹത്തിന് ജോലി നല്‍കാന്‍ കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജ് തയ്യാറായില്ല. 3 വര്‍ഷം ശമ്പളമില്ലാതെ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചാണ് അദ്ദേഹം ആ നടപടിക്കെതിരെ പ്രതിഷേധിച്ചത്.
നമ്മുടെ രാജ്യത്തിന്‍റെ വ്യക്തിത്വം ഇല്ലാതാക്കി അടിമമനോഭാവം വളര്‍ത്തുന്നതിനു വേണ്ടിയാണ് ബ്രിട്ടീഷുകാര്‍ ഇവിടെ ശാസ്ത്രപഠനം ആരംഭിച്ചത്. ബ്രിട്ടീഷ് അല്ലാത്തതെല്ലാം പൊള്ളായണെന്ന് പഠിപ്പിച്ചു. ജര്‍മ്മന്‍ കണ്ടുപിടുത്തമായ ഹോമിയോപ്പതിയെ പിന്തുണച്ചതിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനില്‍ നിന്ന് പുറത്താക്കപ്പെട്ട ഡോ. മഹീന്ദ്രലാല്‍ സര്‍ക്കാരാണ് പിന്നീട് ഇന്ത്യന്‍ ശാസ്ത്രസമൂഹത്തിന് ആണിക്കല്ലായ ഇന്ത്യ അസോസിയേഷന്‍ ഫോര്‍ കള്‍ട്ടിഫിക്കേഷന്‍ ഓഫ് സയന്‍സ് സ്ഥാപിച്ചത്. സര്‍ സിവി രാമന് തന്‍റെ ഗവേഷണസൗകര്യങ്ങള്‍ മുഴുവന്‍ ചെയ്തു കൊടുത്തത് ഈ സ്ഥാപനമാണെന്ന് ജയന്ത് സഹസ്രബുദ്ധെ പറഞ്ഞു.
അന്താരാഷ്ട്രതലത്തില്‍ പ്രശസ്തരായ എല്ലാ ഇന്ത്യന്‍ ശാസ്തജ്ഞരും തങ്ങളുടെ ദേശീയവാദത്തിലൂന്നിയ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായാണ് ഗവേഷണങ്ങളെ കണ്ടെതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ശാസ്ത്രഗവേഷണം മാത്രം ഉപയോഗിച്ചാണ് പി സി റായ് ബംഗാള്‍ കെമിക്കല്‍ ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയത്. ശാസ്ത്രജ്ഞന്‍റെ മേലങ്കിയണിഞ്ഞ വിപ്ലവകാരിയെന്നായിരുന്നു അദ്ദേഹത്തെ ബ്രിട്ടീഷ് പോലീസ് വിശേഷിപ്പിച്ചത്.
ബ്രിട്ടീഷുകാര്‍ക്കൊപ്പം കഴിവുള്ളവരാണ് ഇന്ത്യാക്കാരെന്ന് അവരെ ബോധ്യപ്പെടുത്താനുള്ള ദേശീയവാദത്തിന്‍റെ പാരമ്യത്തിലാണ് ലോകമറിഞ്ഞ ശാസ്ത്രകണ്ടുപിടുത്തങ്ങള്‍ ഇന്ത്യാക്കാര്‍ നടത്തിയിട്ടുള്ളതെന്ന് നോബല്‍ സമ്മാനജേതാവ് എസ് ചന്ദ്രശേഖര്‍ പറഞ്ഞ കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വ്യക്തികളുടെ സ്വാഭിമാനമാണ് ഏതൊരു രാജ്യത്തിന്‍റെയും ആത്മാവ്. അതിനെ നശിപ്പിക്കാനുള്ള ആയുധമായാണ് ശാസ്ത്രത്തെ ബ്രിട്ടീഷുകാര്‍ ഇവിടെ കൊണ്ടു വന്നത്. എന്നാല്‍ ആ വ്യക്തിത്വം പണയപ്പെടുത്താതെ ബ്രിട്ടീഷുകാര്‍ക്കൊപ്പമോ അല്ലെങ്കില്‍ അവരേക്കാള്‍ ഒരു പടി മുകളിലോ ആണ് ഇന്ത്യാക്കാര്‍ എന്ന് തെളിയിക്കാന്‍ രാജ്യത്തെ ശാസ്ത്രസമൂഹം നടത്തിയ ഇടപെടലുകളും ത്യാഗങ്ങളും സ്വാതന്ത്ര്യസമര ചരിത്രത്തിന്‍റെ ഭാഗമാകേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ ചരിത്രം വര്‍ത്തമാനകാല ശാസ്ത്രസമൂഹം പഠിക്കേണ്ടതുണ്ട്. അതു തന്നെയാണ് ആദ്യമായി നോബല്‍സമ്മാനം കരസ്ഥമാക്കിയ ആദ്യ വെള്ളക്കാരനല്ലാത്ത ഡോ. സിവി രാമന്‍റെ ജന്‍മദിനത്തില്‍ നല്‍കാവുന്ന ഏറ്റവും വലിയ ആദരവെന്നും ജയന്ത് സഹസ്രബുദ്ധെ പറഞ്ഞു.
സ്വാതന്ത്ര്യസമരത്തില്‍ ശാസ്ത്രലോകത്തിന്‍റെ പങ്കിലേക്ക് കൂടുതല്‍ വെളിച്ചം വീഴ്ത്തേണ്ടത് അത്യാവശ്യമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. സര്‍ സി വി രാമന്‍റെ പൈതൃകം അദ്ദേഹത്തിന്‍റെ ശിഷ്യരിലൂടെയാണ് തുടര്‍ന്നു പോരുന്നത്. ജയന്ത് സഹസ്രബുദ്ധെയുടെ പ്രഭാഷണം അതിനാല്‍ ഏറെ പ്രാധാന്യമുള്ളതാണെന്നും പ്രൊഫ. ചന്ദ്രഭാസ് പറഞ്ഞു.