ഡ്രോണ്‍ ആക്രമണം: കശ്മീരിലെ രാഷ്ട്രീയ പ്രക്രിയയെ അട്ടിമറിക്കാനെന്ന് സൂചന
1 min readന്യൂഡെല്‍ഹി: ഫെബ്രുവരിമുതല്‍ നിയന്ത്രണ രേഖയില്‍ നിലനിര്‍ത്തുന്ന ദുര്‍ബലമായ വെടിനിര്‍ത്തലിന്മേല്‍ സമ്മര്‍ദ്ദം ചെലുത്താനും കശ്മീരിലെ സമാധാന പ്രക്രിയക്ക് തടസം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് ഭീകരര്‍ ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് സൈനിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജമ്മുവിലെ ഇന്ത്യന്‍ വ്യോമസേനാ സ്റ്റേഷന് നേരെ നടന്ന ആക്രമണത്തിനുശേഷം അടുത്ത ദിവസവും ആക്രമണശ്രമങ്ങള്‍ ഉണ്ടായത് ഇത് ശരിവെക്കുന്നു. പിന്നീട് പറന്നുവന്ന ഡ്രോണുകളെ കരസേന നേരിട്ടപ്പോള്‍ അവ ലക്ഷ്യമുപേക്ഷിച്ച് കാടുകളിലേക്ക് അപ്രത്യക്ഷമാകുകയായിരുന്നു. ഡ്രോണുകള്‍ പറത്തിവിട്ട സങ്കേതം സേന അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഇക്കാര്യങ്ങളില്‍ വിദഗ്ധരായ കമാന്‍ഡോകളെ ജമ്മുവില്‍ വിന്യസിക്കുകയും ചെയ്തു. കൂടാതെ കശ്മീര്‍ വീണ്ടും അശാന്തമാകുന്നു എന്ന ധാരണ അന്താരാഷ്ട്രതലത്തില്‍ത്തന്നെ കൊണ്ടുവരാനും അതുവഴി പാക് സര്‍ക്കാരിന് വിഷയം യുഎന്നില്‍ ഉന്നയിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യും. എല്ലാറ്റിലുമപരിയായി ഇന്ത്യാ-പാക് ബന്ധം വീണ്ടും കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങും. ഭീകരര്‍ ആഗ്രഹിക്കുന്നതും അങ്ങനെയുള്ള ഒരു മാറ്റമാണ്.
ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയം ചര്‍ച്ചചെയ്യാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിരോധ മേഖലയിലെ ഭാവി വെല്ലുവിളികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഡ്രോണ്‍ ആക്രമണത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും ഇതുസംബന്ധിച്ച എല്ലാവിരലുകളും പാക്കാസ്ഥാനിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് വ്യക്തമാണ്. ഇംപാക്റ്റ് ചാര്‍ജറുകളുപയോഗിച്ച് ഐഇഡികള്‍ ഉപേക്ഷിച്ചതിന് ശേഷം ഡ്രോണ്‍ തിരികെ പോകുന്നതും അവ ഭീകരര്‍ വീണ്ടെടുക്കുന്നതും സങ്കീര്‍ണ്ണതയും ആസൂത്രണവും കാണിക്കുന്നുവെന്ന് ഏജന്‍സികള്‍ വിശ്വസിക്കുന്നു. ഇത് കശ്മീരില്‍ പതിവില്ലാത്തതാണ്. പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പായ ലഷ്കര്‍-ഇ-തോയ്ബ ഡ്രോണ്‍ അധിഷ്ഠിത ആക്രമണത്തിന് ശ്രമിക്കുന്നതായി 2019 ല്‍ രഹസ്യാന്വേഷണ വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. 5 കിലോ പേലോഡ് വഹിക്കാന്‍ തീവ്രവാദ സംഘം ഡ്രോണ്‍ പരിഷ്കരിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ പാക്കിസ്ഥാന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആയുധങ്ങളും വെടിക്കോപ്പുകളും ഇന്ത്യന്‍ ഭാഗത്തേക്ക് കടത്താന്‍ ശ്രമിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീര്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ആക്രമണം ഉണ്ടായതെന്നും നിയന്ത്രണ രേഖയിലെ ദുര്‍ബലമായ വെടിനിര്‍ത്തലിന്മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശ്രമമാണിതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
വെടിനിര്‍ത്തല്‍ കരാറിലെ സമ്മര്‍ദ്ദമായിരിക്കും ആക്രമണത്തിന്‍റെ സ്വാഭാവിക പരിണിതഫലം. സമാധാനം ആഗ്രഹിക്കാത്ത ഘടകങ്ങളും നേതാക്കളും പാക് ഭരണകൂടത്തിനുള്ളില്‍ ഉണ്ട്. കശ്മീരില്‍ ഒരു പുതിയ രാഷ്ട്രീയ പ്രക്രിയ ആരംഭിക്കാനുള്ള ശ്രമത്തിന്‍റെ പശ്ചാത്തലത്തിലാണ് ആക്രമണം നടന്നതെന്ന് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. ഇത്തരം ആക്രമണങ്ങള്‍ നടത്താനുള്ള ഭീകരരുടെ ശേഷിയും ഇവിടെ വ്യക്തമാകുകയാണ്. അതിനാല്‍ ഇനി ഡ്രോണ്‍ ആക്രണണങ്ങളെയും നാം കരുതിയിരുന്നേ പറ്റുവെന്ന് സൈനിക വക്താക്കള്‍ മുന്നറിയിപ്പ് നല്‍കിയട്ടുണ്ട്.
“വലിയ നാശനഷ്ടങ്ങള്‍ വരുത്തുന്നതിനേക്കാള്‍, പ്രധാനം ഇത് ഒരു സൂചനയാണ് നല്‍കുന്നത് എന്നാണ്. ഞങ്ങള്‍ക്ക് ഇപ്പോള്‍വേണമെങ്കിലും ഈ മാര്‍ഗം ഉപയോഗിച്ച് നിങ്ങളെ അടിക്കാന്‍ കഴിയും എന്ന പ്രഖ്യാപനമാണ് ഇവിടെ ഭീകരര്‍ നടത്തുന്നത്’,പ്രതിരോധ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സ്ഫോടകവസ്തുക്കള്‍ “പരമാവധി 3 കിലോഗ്രാം” ആണെന്നും രണ്ട് ഐഇഡികളുടെയും ഭാരം വ്യത്യസ്തമാണെന്നും വിശ്വസിക്കപ്പെടുന്നു. ഫോറന്‍സിക് ടീമിന്‍റെ വിശകലന റിപ്പോര്‍ട്ടിന് ശേഷമാണ് ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കുക. ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസ് സൈനിക പിന്മാറ്റം നടന്നുകൊണ്ടിരിക്കുകയാണ്. ഈ നടപടി കശ്മീരിലേക്ക് ഭീകരരെ എത്തിക്കാന്‍ സാധ്യതയേറെയാണെന്ന് നേരത്തെ സൈനിക നേതൃത്വം വ്യക്തമാക്കിയിരുന്നു. അഫ്ഗാനിലെ സ്ഥിതിഗതികള്‍ ഇന്ത്യ നിരീക്ഷിച്ചുവരികയാണ്. കശ്മീരില്‍ രാഷ്ട്രീയ നടപടിക്രമങ്ങള്‍ പുനരാരംഭിക്കാനുള്ള യോഗം കഴിഞ്ഞ ശേഷം മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതിന് ഭികരര്‍ രംഗത്തിറങ്ങുകയായിരുന്നു. കൂടാതെ പോലീസ് അധികാരികള്‍ക്കുനേരെയും കശ്മീരില്‍ ആക്രമണം നടന്നു.പഴയ കാലം താഴ്വരയിലേക്ക് തിരികെത്തുന്നു എന്ന സൂചന ജനങ്ങള്‍ക്ക് നല്‍കാനുള്ള ഭീകരരുടെ ശ്രമമാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.
ഈ ആക്രമണം വളരെയധികം ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്ന് പാക്കിസ്ഥാനിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ശരത് സഭാര്‍വാള്‍ പറയുന്നു.” ഫെബ്രുവരി (ഈ വര്‍ഷം) മുതല്‍ നിലവിലുണ്ടായിരുന്ന വെടിനിര്‍ത്തല്‍ ധാരണ നിയന്ത്രണ രേഖയില്‍ ശാന്തതയുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍ ഈ സംഭവം അതിനെ ഒരു പരിധിവരെ അസ്വസ്ഥമാക്കി, “അദ്ദേഹം പറഞ്ഞു. അന്വേഷണം എവിടേക്കാണ് നീള ുന്നതെന്ന് നമുക്ക് നോക്കാമെന്ന് മുന്‍ ഹൈക്കമ്മീഷണര്‍ പറയുന്നു.അവിടെ പാക്കിസ്ഥാന്‍റെ പങ്ക് തെളിയിക്കപ്പെട്ടാല്‍ പ്രതിസന്ധികള്‍ക്ക് സാധ്യതയേറെയാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരമൊരു സംഭവം വീണ്ടും നടന്നാല്‍ അത് നേരിട്ട് നിയന്ത്രണരേഖയിലെ വെടിനിര്‍ത്തലിന് ഹാനികരമാകുമെന്നും മുതിര്‍ന്ന നയതന്ത്രജ്ഞന്‍ മുന്നറിയിപ്പ് നല്‍കി.
‘ജമ്മു കശ്മീരില്‍ ഒരു രാഷ്ട്രീയ പ്രക്രിയ ആരംഭിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. സുരക്ഷാ സേന ഇപ്പോള്‍ത്തന്നെ ശക്തമായ തന്ത്രങ്ങള്‍ മെനയണം. ഇത്തരത്തിലുള്ള സംഭവങ്ങള്‍ തുടരുകയാണെങ്കില്‍ അത് എല്ലാ സമാധാന ശ്രമങ്ങളെയും തകര്‍ക്കും. തന്ത്രപ്രധാനമായ കാര്യങ്ങളില്‍ തിരശ്ശീലയ്ക്ക് പിന്നിലെ ശാന്തമായ ചര്‍ച്ചകള്‍ വളരെ ആവശ്യമാണ്’-അദ്ദേഹം പറഞ്ഞു. ഈ വിഷയം ഇന്ത്യ ഐക്യരാഷ്ട്ര സഭയിലും ഉന്നയിച്ചിട്ടുണ്ട്.ഡ്രോണുകളുടെ ഉപയോഗമാണ് നിലവിലുള്ള ആശങ്കകള്‍ക്ക് മറ്റൊരു കാരണമെന്ന് യുഎന്‍ പൊതുസഭയില്‍ സംസാരിച്ച ആഭ്യന്തര മന്ത്രാലയ സ്പെഷ്യല്‍ സെക്രട്ടറി വി.എസ്.കെ. കൗമുദി പറഞ്ഞു. ഇന്‍റലിജന്‍സ് ശേഖരണം, ആയുധങ്ങള്‍, സ്ഫോടകവസ്തുക്കള്‍ എന്നിവയുടെ വിതരണം, ടാര്‍ഗെറ്റുചെയ്ത ആക്രമണങ്ങള്‍ എന്നിവയ്ക്കായി തീവ്രവാദ ഗ്രൂപ്പുകള്‍ ഈ ഏരിയല്‍ / ഉപ-ഉപരിതല പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നത് ലോകമെമ്പാടുമുള്ള സുരക്ഷാ ഏജന്‍സികള്‍ക്ക് വെല്ലുവിളി ആയിരിക്കുന്നു. കൃത്രിമബുദ്ധി, റോബോട്ടിക്സ്, ബ്ലോക്ക്ചെയിന്‍, ഡാര്‍ക്ക് വെബ് തുടങ്ങിയ സാങ്കേതികവിദ്യകളും ഇപ്പോള്‍ രാജ്യത്തിന് സുരക്ഷാ ഭീഷണിയാണെന്ന് കൗമുദി പറഞ്ഞു. പാക്കിസ്ഥാനിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് “തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ക്കെതിരെ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാന്‍ അന്താരാഷ്ട്ര സമൂഹം പാക്കിസ്ഥാനോട് ആഹ്വാനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ എന്നും ആഭ്യന്തര മന്ത്രാലയ സ്പെഷ്യല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.