മോദിയെ പ്രശംസിച്ചു; ആസാദിനെതിരെ കോണ്‍ഗ്രസിന്‍റെ പ്രതിഷേധം
ജമ്മു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെതിരെ ജമ്മുവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പാര്‍ട്ടി പതാകകള്‍ കയ്യില്‍ പിടിച്ച് അവര്‍ ആസാദിനെതിരെ മുദ്രാവാക്യം വിളിക്കുകയും അദ്ദേഹത്തിന്‍റെ കോലം കത്തിക്കുകയും ചെയ്തു. പ്രധാനമന്ത്രി മോദിയെ പ്രശംസിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയെ സഹായിക്കുന്നില്ല. ആസാദിന് ഏറ്റവും മികച്ച സ്ഥാനങ്ങള്‍ കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ അദ്ദേഹം ബിജെപി നിലപാട് സ്വീകരിക്കാന്‍ തുടങ്ങിയെന്നും പ്രതിഷേധിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു.
ജമ്മു കശ്മീര്‍ അവകാശങ്ങളും സംസ്ഥാന പദവിയും കവര്‍ന്ന നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയാണെന്ന് പാര്‍ട്ടി നേതാവ് ഷഹനവാസ് ചൗധരി പറഞ്ഞു. അദ്ദേഹത്തെ പുറത്താക്കണമെന്ന് പ്രതിഷേധക്കാര്‍ സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടു. ജമ്മുവിലെ ഗുജ്ജാര്‍ ദേശ് ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ചടങ്ങില്‍ ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ആസാദ് സംസാരിച്ചത്.
പ്രധാനമന്ത്രി മോദി തന്‍റെ എളിയ പശ്ചാത്തലത്തെക്കുറിച്ചും ഒരു ഗ്രാമത്തില്‍ നിന്നാണ് വരുന്നതെന്നതിനെക്കുറിച്ചും ഒളിക്കുന്നില്ലെന്ന് ചില ജമ്മു കശ്മീര്‍ നേതാക്കളുടെ സാന്നിധ്യത്തില്‍ ഗുജ്ജാര്‍ സമുദായത്തിലെ അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ആസാദ് പറഞ്ഞിരുന്നു. പ്രധാനമന്ത്രി മോദിയുമായി തനിക്ക് രാഷ്ട്രീയ ഭിന്നതയുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെങ്കിലും തന്‍റെ യഥാര്‍ത്ഥ സ്വഭാവം മോദി മറച്ചുവെക്കുന്നില്ല. തങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം മറച്ചുവെക്കുന്ന നേതാക്കള്‍ കൃത്രിമ ലോകത്താണ് ജീവിക്കുന്നതെന്ന യോഗത്തില്‍ ആസാദ് തുറന്നടിച്ചിരുന്നു.