75വയസിന് മുകളിലുള്ളവര്‍ക്ക് ആദായനികുതി റിട്ടേണ്‍ വേണ്ട
ന്യൂഡെല്‍ഹി: 75 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരും ഒരു സാമ്പത്തിക വര്‍ഷത്തില്‍ പെന്‍ഷനും പലിശ വരുമാനവും മാത്രം ഉള്ളതുമായ മുതിര്‍ന്ന പൗരന്മാരെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ ബജറ്റ് 2021 നിര്‍ദ്ദേശിക്കുന്നു. ഇതനുസരിച്ച് അവര്‍ ഇനി ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യേണ്ടതില്ല. അവര്‍ക്ക് വരുമാനം നല്‍കുന്ന ബാങ്ക് അവരുടെ അക്കൗണ്ടില്‍ നിന്ന് ആവശ്യമായ നികുതി കുറയ്ക്കും.
മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ നികുതി ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി 2018 ലെ ബജറ്റ് നിരവധി നികുതി നിയമ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. അതിനനുസൃതമായാണ് ഈ നടപടി. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ആദായ നികുതി തര്‍ക്കങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതിയും രൂപീകരിക്കും.
സെക്ഷന്‍ 80 ടിടിബി പ്രകാരം, മുതിര്‍ന്നവര്‍ക്ക് ബാങ്കുകളില്‍ നിന്നും പോസ്റ്റോഫീസുകളില്‍ നിന്നും ലഭിക്കുന്ന 50,000 രൂപവരെയുള്ള പലിശ വരുമാനത്തിന് നികുതി ഒഴിവാക്കാം. നേരത്തെ, മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാങ്ക്, പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളില്‍ നിന്നുള്ള പലിശ വരുമാനത്തിന് സമാനമായ നികുതി ഇളവ് ലഭിച്ചിരുന്നുവെങ്കിലും സെക്ഷന്‍ 80 ടിടിഎ പ്രകാരം 10,000 രൂപ വരെ ആയിരുന്നു അത്.
മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാങ്ക് സ്ഥിര നിക്ഷേപ പലിശയ്ക്കുള്ള ടിഡിഎസ് പരിധിയും വര്‍ദ്ധിപ്പിച്ചു. മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുത്തിട്ടില്ലാത്ത് ഒരു മുതിര്‍ന്ന പൗരന്‍ സാമ്പത്തിക വര്‍ഷത്തില്‍ മെഡിക്കല്‍ ചെലവുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍, ആദായനികുതിയുടെ സെക്ഷന്‍ 80 ഡി പ്രകാരം അത്തരം ചെലവുകള്‍ക്കായി 50,000 രൂപ വരെ കിഴിവ് അവകാശപ്പെടാമെന്നും ബജറ്റില്‍ പറയുന്നു. നേരത്തെ, 80 വയസും അതില്‍ കൂടുതലുമുള്ള സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍ക്ക് അവര്‍ ഏതെങ്കിലും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസിയുടെ പരിധിയില്‍ വരില്ലെങ്കില്‍ 30,000 രൂപ വരെയുള്ള മെഡിക്കല്‍ ചെലവുകള്‍ കുറയ്ക്കാന്‍ അനുവാദം നല്‍കിയിരുന്നു.
പ്രധാന്‍ മന്ത്ര വയ വന്ദന യോജനയില്‍ (പിഎംവിവൈ) മുതിര്‍ന്നവര്‍ക്ക് നിക്ഷേപം നടത്താനുള്ള സമയപരിധി 2023 മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. ഇപ്പോള്‍ ഈ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ കഴിയുന്ന പരമാവധി തുക 15 ലക്ഷം രൂപയാണ്. മുന്‍ പരിധി 7.5 ലക്ഷം രൂപയായിരുന്നു.