ഹമാസ് താവളങ്ങള്‍ക്കുനേരെ ഇസ്രയേല്‍ വ്യോമാക്രമണം
1 min readടെല്‍ അവീവ്: ഗാസാ മുനമ്പിലെ ഹമാസ് താവളങ്ങള്‍ക്കെതിരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഗാസ സിറ്റി ബുധനാഴ്ച പുലര്‍ച്ചെ സ്ഫോടനങ്ങള്‍ കേട്ടാണ് ഉണര്‍ന്നത്. ചൊവ്വാഴ്ച ഗാസയില്‍ നിന്ന് നിരവധി ബലൂണുകള്‍ ഇസ്രയേലിലേക്ക് അയച്ചിരുന്നു. ഇത് നിരവധി തീപിടുത്തങ്ങള്‍ക്ക് കാരണമായതായി ഇസ്രയേല്‍ അഗ്നിശമന സേന അറിയിച്ചു. മെയ്21 ന് ഇരുപക്ഷവും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനുശേഷം ഉണ്ടായ ആദ്യത്തെ ആക്രമണമാണിത്. അന്ന് 11 ദിവസത്തെ പോരാട്ടത്തില്‍ ഇസ്രയേല്‍ പാലസ്തീന്‍ തീവ്രവാദികളുടെ കേന്ദ്രങ്ങളും നേതാക്കളെയും വധിച്ചിരുന്നു.
ചൊവ്വാഴ്ച കിഴക്കന്‍ ജറുസലേമില്‍ ജൂത ദേശീയവാദികള്‍ നടത്തിയ മാര്‍ച്ചിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.ഇത് ഗാസ നിയന്ത്രിക്കുന്ന തീവ്രവാദ ഗ്രൂപ്പായ ഹമാസില്‍ നിന്ന് ഭീഷണി ഉയര്‍ത്തി. ഖാന്‍ യൂനിസിലും ഗാസ സിറ്റിയിലും ഹമാസ് നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങള്‍ യുദ്ധവിമാനങ്ങളുടെ ആക്രമണത്തിന് വിധേയമായതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പ്രസ്താവനയില്‍ പറഞ്ഞു. ഗാസ മുനമ്പില്‍ നിന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ എല്ലാ സാഹചര്യങ്ങളെയും നേരിടാന്‍ ഐഡിഎഫ് തയ്യാറാണെന്നും അതില്‍ പറയുന്നു.വ്യോമാക്രമണത്തില്‍ നാശനഷ്ടത്തിന്‍റെ വ്യാപ്തി സംബന്ധിച്ച റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.
അതേസമയം പാലസ്തീനികള്‍ തങ്ങളുടെ “ധീരമായ ചെറുത്തുനില്‍പ്പ്” തുടരുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യും എന്ന് ഹമാസ് വക്താവ് ട്വിറ്ററില്‍ പ്രസ്താവനയില്‍ പറഞ്ഞു. ഗാസയില്‍ നിന്ന് നേരത്തെ വിക്ഷേപിച്ച ബലൂണുകള്‍ തെക്കന്‍ ഇസ്രയേലില്‍ കുറഞ്ഞത് 20 തീപിടുത്തങ്ങള്‍ക്കാണ് കാരണമായതെന്ന് അഗ്നിശമന സേന അറിയിച്ചു.കഴിഞ്ഞ വാരാന്ത്യത്തില്‍ ഇസ്രയേലില്‍ പുതിയ സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നടന്ന ആദ്യത്തെ അക്രമണമാണിത്.