പ്രാഥമിക വിപണിയിൽ ഉടനെ ലിസ്റ്റിങ്ങിനൊരുങ്ങുന്ന ഓഹരികൾ
1. പ്രോട്ടിയന്‍ ഇ-ഗവേണന്‍സ് ടെക്നോളജീസ്
വിവര സാങ്കേതികവിദ്യാ അധിഷ്ഠിത സേവനങ്ങള്‍ നല്‍കുന്ന ഇന്ത്യയിലെ മുന്നിര കമ്പനികളിലൊന്നായ പ്രോട്ടിയന്‍ ഇ-ഗവേണന്‍സ് ടെക്നോളജീസ് പ്രാഥമിക ഓഹരി വില്പനയ്ക്കായി സെബിയില്‍ ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസ്, (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. മുന്‍പ് എന്‍എസ്ഡിഎല്‍ ഇ-ഗവേണന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കമ്പനി ഐപിഒ വഴി 12,080,140 ഓഹരികള്‍ വരെ വില്‍പന നടത്താനാണ് ഉദ്ദേശിക്കുന്നത്.
2. റെയിന്‍ബോ ചില്‍ഡ്രന്‍സ് മെഡികെയര്‍
പ്രമുഖ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രി ശൃംഖലയായ റെയിന്‍ബോ ചില്‍ഡ്രന്‍സ് മെഡികെയര്‍ പ്രാഥമിക ഓഹരി വില്പനയ്ക്കായി സെബിയില്‍ ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസ് സമര്‍പ്പിച്ചു. 280 കോടി രൂപയുടെ പുതിയ ഓഹരികളും ഓഹരി ഉടമകള്‍ വില്‍ക്കുന്ന 2.4 കോടി വരെയുള്ള ഓഹരികളും ഉള്‍പ്പെട്ടതായിരിക്കും ഐപിഒ. കമ്പനിയുടെ എന്‍സിഡികള്‍ മുന്‍കൂട്ടി കൊടുത്തു തീര്‍ക്കാന്‍ പുതിയ ഓഹരികള്‍ പ്രയോജനപ്പെടുത്തും. 1999-ല്‍ ഹൈദരാബാദില്‍ 50 കിടക്കകളുള്ള പീഡിയാട്രിക് സ്പെഷാലിറ്റി ആശുപത്രി സ്ഥാപിച്ച റെയിന്‍ബോയ്ക്ക് 2021 സെപ്റ്റംബറിലെ കണക്കു പ്രകാരം ആറു പട്ടണങ്ങളിലായി 14 ആശുപത്രികളിലും മൂന്നു ക്ലിനിക്കുകളിലുമായി 1500 കിടക്കകളാണുള്ളത്.
3. കാമ്പസ് ആക്ടീവ്വെയര്‍
സ്പോര്‍ട്ട്സ്, കായികവിനോദ പാദരക്ഷകളുടെ കാര്യത്തില്‍ ഇന്ത്യയിലെ മുന്നിരക്കാരായ കാമ്പസ് ആക്ടീവ്വെയര്‍ പ്രാഥമിക ഓഹരി വില്പനയ്ക്കായി സെബിയില്‍ ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. അഞ്ചു രൂപ മുഖവിലയുള്ള 5.1 കോടി വരെ ഓഹരികള്‍ ഐപിഒ വഴി വില്‍പന നടത്തുവാനാണ് ഉദ്ദേശിക്കുന്നത്. കമ്പനിയുടെ പ്രമോട്ടര്‍മാരുടെ ഓഹരികളാണ് ഇതുവഴി വില്‍പന നടത്തുക. ആകെ ഓഹരികളുടെ 78.21 ശതമാനമാണ് ഇപ്പോള്‍ പ്രമോട്ടര്‍മാര്‍ക്കുള്ളത്. 2020-ല്‍ രാജ്യത്തെ ബ്രാന്‍ഡഡ് സ്പോര്‍ട്ട്, കായികവിനോദ പാദരക്ഷകളുടെ 15 ശതമാനം വിപണി വിഹിതം ഉണ്ടായിരുന്ന കമ്പനി 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇത് ഏകദേശം 17 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.
4. ടിബിഒ ടെക്
രാജ്യത്തെ പൂര്‍ണ സേവന എയര്‍ലൈന്‍ വില്‍പന രംഗത്ത് രണ്ടാം സ്ഥാനമുള്ള ടിബിഒ ടെക് 2,100 കോടി രൂപയുടെ ഐപിഒയ്ക്ക് ഒരുങ്ങുന്നു. ഇതിനായുള്ള ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസ് സെബിയില്‍ സമര്‍പ്പിച്ചു. 900 കോടി രൂപ വരെയുള്ള പുതിയ ഓഹരികള്‍, 1,200 കോടി രൂപ വരെയുള്ള നിലവിലെ ഓഹരികളുടെ വില്‍പന എന്നിവ അടങ്ങിയതായിരിക്കും ഐപിഒ. ഐപിഒ വഴി സമാഹരിക്കുന്ന തുക തങ്ങളുടെ സംവിധാനം ശക്തമാക്കുന്നതിനാണ് പ്രധാനമായും ഉപയോഗിക്കുക. 90 കോടി രൂപയോളം തന്ത്രപരമായ ഏറ്റെടുക്കലുകള്‍ക്കും നിക്ഷേപങ്ങള്‍ക്കും വേണ്ടി പ്രയോജനപ്പെടുത്തും.