February 24, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്‍വെസ്റ്റ് കേരള ഉച്ചകോടി: 1,52,905.67 കോടി രൂപയുടെ നിക്ഷേപവാഗ്ദാനങ്ങൾ

1 min read

കൊച്ചി: ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലൂടെ ഇന്ത്യയിലെയും വിദേശത്തെയും 374 കമ്പനികളില്‍ നിന്നായി കേരളത്തിന് 1,52,905.67 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം. ഈ കമ്പനികളില്‍ 66 എണ്ണം 500 കോടി രൂപയ്ക്കു മുകളില്‍ സംസ്ഥാനത്ത് നിക്ഷേപം നടത്തും. ഉച്ചകോടി(ഐകെജിഎസ് 2025)യുടെ സമാപന സമ്മേളനത്തില്‍ വ്യവസായ നിയമ കയര്‍ മന്ത്രി പി രാജീവ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.24 ഐടി കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു. ഇതിലൂടെ 8500 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുക. 60,000 തൊഴിലവസരവും ഉണ്ടാകും. യാഥാര്‍ത്ഥ്യബോധമുള്ള നിക്ഷേപ നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ തേടുന്നതെന്ന് മന്ത്രി പറഞ്ഞു. പ്ലാന്‍റേഷന്‍ ഭൂമി വിനിയോഗിക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കും. ഭൂനിയമങ്ങളില്‍ നിന്ന് ഇളവുകള്‍ നല്‍കുന്നതിന് മന്ത്രിതല സമിതി രൂപീകരിക്കും. ഉച്ചകോടിയില്‍ നിക്ഷേപകര്‍ ഒപ്പിടുന്ന ഓരോ താത്പര്യപത്രത്തിനും സര്‍ക്കാര്‍ ഫാസ്റ്റ് ട്രാക്ക് സംവിധാനം സ്ഥാപിക്കും. ഈ നിര്‍ദ്ദേശങ്ങളെക്കുറിച്ചുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ അടുത്ത പ്രവൃത്തി ദിവസം മുതല്‍ ആരംഭിക്കും. ഈ നിര്‍ദ്ദേശങ്ങളുടെ തുടര്‍നടപടികള്‍ക്കായി പ്രത്യേക ഡാഷ്ബോര്‍ഡും സംവിധാനവും സ്ഥാപിക്കും. ഓരോ താത്പര്യ പത്രത്തിന്‍റെയും ശരിയായ തുടര്‍ നടത്തിപ്പിനായി പ്രത്യേക സംവിധാനം ഉറപ്പാക്കും. ഇതിനായി ഒരു നോഡല്‍ ഓഫീസറെ നിയോഗിക്കുകയും ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി അവലോകനം നടത്തുകയും ചെയ്യും. ഇതിന്‍റെ പുരോഗതി വിലയിരുത്തുന്നതിന് മുഖ്യമന്ത്രി അവലോകന യോഗം നടത്തും. നിക്ഷേപക സമൂഹത്തിന് ആത്മവിശ്വാസം നല്‍കാനും സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപവും തൊഴിലവസരവും സാധ്യമാക്കുകയാണ് ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയിലൂടെ ലക്ഷ്യമിട്ടതെന്ന് മന്ത്രി വ്യക്തമാക്കി. ഈ ലക്ഷ്യം ഫലപ്രാപ്തിയില്‍ എത്തിയെന്നാണ് സംസ്ഥാനത്തേക്കുള്ള നിക്ഷേപത്തിന്‍റെ ഒഴുക്കിലൂടെ വെളിപ്പെടുന്നത്. കേരളത്തില്‍ വ്യവസായ സംരംഭം ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സുതാര്യമാണ്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ സംരംഭം ആരംഭിക്കാനാകും. സ്ഥലലഭ്യത ഉള്‍പ്പടെ യാതൊരു പ്രശ്നങ്ങളും സംരംഭകര്‍ക്ക് നേരിടേണ്ടി വരില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടി മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. യുഎഇ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റോപിയ സമ്മേളനത്തിന് 2026 ജൂലൈയില്‍ കേരളം ആതിഥേയത്വം വഹിക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ വ്യവസായ അനുകൂല നയങ്ങളും നയങ്ങളിലെ സ്ഥിരതയും നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് ഗുണം ചെയ്യുന്നുവെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടി കേരളത്തില്‍ നിക്ഷേപം നടത്താന്‍ ആഗോള സംരംഭകര്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന സഹകരണ ഫെഡറിലസത്തോട് സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാടാണ് കൈക്കൊള്ളുന്നതെന്ന് മുഖ്യാതിഥിയായിരുന്ന കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചു. ഇത് സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിനും വ്യവസായിക പുരോഗതിക്കും സഹായകമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ദക്ഷിണ കൊറിയ കോണ്‍സല്‍ ജനറല്‍ ചാങ്-നിം കിം, കേരള സര്‍ക്കാരിന്‍റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ്, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക്, ഭാരത് ബയോടെക് ഇന്‍റര്‍നാഷണലിന്‍റെ സഹസ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ഡോ. കൃഷ്ണ എല്ല, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷ്റഫ് അലി, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് എന്നിവരും പങ്കെടുത്തു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് സ്വാഗതവും കെഎസ്ഐഡിസി എംഡി എസ്. ഹരികിഷോര്‍ നന്ദിയും പറഞ്ഞു. ദ്വിദിന ഉച്ചകോടിയില്‍ ആഗോള വ്യവസായ പ്രമുഖര്‍, ആസൂത്രകര്‍, നയരൂപകര്‍ത്താക്കള്‍, സംരംഭകര്‍, നിക്ഷേപകര്‍, സംരംഭകര്‍ തുടങ്ങിയവരുള്‍പ്പെടെ 3,000 പ്രതിനിധികള്‍ പങ്കെടുത്തു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍ അടക്കം 26 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടായി. ജര്‍മനി, വിയറ്റ്നാം, നോര്‍വേ, യുഎഇ, ഫ്രാന്‍സ്, മലേഷ്യ എന്നിവയുള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപ അവസരങ്ങള്‍ പര്യവേഷണം ചെയ്ത രാജ്യ കേന്ദ്രീകൃത സെഷനുകളും നടന്നു.

  ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് തുടക്കമായി
Maintained By : Studio3