ഹൗറ മൈതാൻ-എസ്പ്ലനേഡ് അണ്ടർവാട്ടർ മെട്രോ
കൊൽക്കത്ത: കൊൽക്കത്തയിൽ 15,400 കോടി രൂപയുടെ വിവിധ ഗതാഗത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിച്ചു. നഗര മൊബിലിറ്റി മേഖലകളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന മെട്രോ റെയിൽ, റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർ.ആർ.ടി.എസ്) എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതികൾ. പ്രധാനമന്ത്രി എല്ലാ മെട്രോ പദ്ധതികളുടെയും അവലോകനം നടത്തുകയും, കൊൽക്കത്തയിലെ ഇന്ത്യയുടെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോയായ എസ്പ്ലനേഡ് – ഹൗറ മൈതാൻ മെട്രോ റൂട്ടിൽ മെട്രോ യാത്ര നടത്തുകയും ചെയ്തു. ”നഗരത്തിലെ മെട്രോ ശൃംഖല ഗണ്യമായി മെച്ചപ്പെടുത്തപ്പെട്ടതിനാൽ കൊൽക്കത്തയിലെ ജനങ്ങൾക്ക് ഇത് വളരെ സവിശേഷമായ ദിവസമാണ്. ബന്ധിപ്പിക്കലിന് ഉത്തേജനം ലഭിക്കുകയും ഗതാഗതക്കുരുക്ക് കുറയുകയും ചെയ്യും. നമ്മുടെ രാജ്യത്തെ ഏതെങ്കിലും പ്രധാന നദിക്ക് അടിയിലൂടെയുള്ള ആദ്യത്തെ അണ്ടർവാട്ടർ മെട്രോ ട്രാൻസ്‌പോർട്ട് ടണൽ ഹൗറ മൈതാൻ-എസ്പ്ലനേഡ് മെട്രോ ഭാഗത്തിൽ ആണെന്നത് അഭിമാനകരമായ സന്ദർഭമാണ് നൽകുന്നത്”, പ്രധാനമന്ത്രി പറഞ്ഞു.
നഗര സഞ്ചാരം സുഗമമാക്കുന്നതിനുള്ള മാർഗ്ഗങ്ങൾ മെച്ചപ്പെടുത്തുകയെന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കൊൽക്കത്ത മെട്രോയുടെ ഹൗറ മൈതാനം- എസ്പ്ലനേഡ് മെട്രോ വിഭാഗം, കവി സുഭാഷ് – ഹേമന്ത മുഖോപാദ്ധ്യായ മെട്രോ വിഭാഗം, തരാതല – മജെർഹത്ത് മെട്രോ വിഭാഗം (ജോക- എസ്പ്ലനേഡ് ലൈനിന്റെ ഭാഗം); പൂനെ മെട്രോയുടെ റൂബി ഹാൾ ക്ലിനിക്ക് മുതൽ രാംവാഡി വരെയുള്ള ഭാഗം; എസ്.എൻ ജംഗ്ഷൻ മെട്രോ സ്റ്റേഷൻ മുതൽ തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ വരെയുള്ള കൊച്ചി മെട്രോ റെയിലിന്റെ ഒന്നാം ഘട്ട വിപുലീകരണ പദ്ധതി (ഫേസ് ഒന്ന് ബി); ആഗ്ര മെട്രോയുടെ താജ് ഈസ്റ്റ് ഗേറ്റ് മുതൽ മങ്കമേശ്വർ വരെയുള്ള ഭാഗം; ഡൽഹി-മീററ്റ് ആർ.ആർ.ടി.എസ് ഇടനാഴിയുടെ ദുഹായ്-മോദിനഗർ (വടക്ക്) ഭാഗം എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ ഭാഗങ്ങളിലെ ട്രെയിൻ സർവീസുകൾ അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു. പിംപ്രി ചിഞ്ച്വാഡ് മെട്രോ-നിഗ്ഡിക്ക് ഇടയിലേക്ക് നീട്ടുന്നതിനുള്ള പൂനെ മെട്രോ റെയിൽ പദ്ധതിയുടെ ഒന്നാം ഘട്ട വിപുലീകരണത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.റോഡിലെ ഗതാഗത തിരക്ക് കുറയ്ക്കാനും തടസ്സമില്ലാത്തതും സുഗമവുമായ റെയിൽ ബന്ധിപ്പിക്കൽ നൽകാനും ഈ ഭാഗങ്ങൾ സഹായിക്കും. നദിക്ക് അടിയിലൂടെ ഗതാഗത തുരങ്കമുള്ള രാജ്യത്തെ ആദ്യത്തെ മെട്രോ ഭാഗമാണ് കൊൽക്കത്ത മെട്രോയുടെ ഹൗറ മൈതാനം – എസ്പ്ലനേഡ് മെട്രോ ഭാഗം. ഇന്ത്യയിലെ ഏറ്റവും ആഴമേറിയ മെട്രോ സ്‌റ്റേഷനാണ് ഹൗറ മെട്രോ സേ്റ്റഷൻ. അതുകൂടാതെ, ഇന്ന് ഉദ്ഘാടനം ചെയ്ത താരതല – മജർഹട്ട് മെട്രോ സെക്ഷന്റെ ഭാഗമായ മജർഹട്ട് മെട്രോ സ്‌റ്റേഷൻ റെയിൽവേ ലൈനുകൾക്കും പ്ലാറ്റ്‌ഫോമുകൾക്കും കനാലിനും കുറുകെയുള്ള ഒരു സവിശേഷമായ എലിവേറ്റഡ് മെട്രോ സ്‌റ്റേഷനുമാണ്. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട ആഗ്ര മെട്രോയുടെ ഭാഗങ്ങൾ ചരിത്രപ്രധാനമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റെയിൽ ബന്ധിപ്പിക്കൽ വർദ്ധിപ്പിക്കും. ആർ.ആർ.ടി.എസ് ഭാഗം ദേശീയ എൻ.സി.ആറിലെ (തലസ്ഥാന മേഖല) സാമ്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തും.