പൈതൃക ടൂറിസത്തിനായി 33 സ്പൈസ് യാത്രാ പാതകള്‍
കൊച്ചി: ആഗോളതലത്തില്‍ പ്രശംസ നേടിയ പൈതൃക ടൂറിസം വിപുലീകരിച്ച് കാസര്‍ഗോഡ് മുതല്‍ കൊല്ലം വരെ വ്യാപിച്ചുകിടക്കുന്ന 33 സ്പൈസ് യാത്രാ പാതകള്‍ പ്രഖ്യാപിച്ച് കേരളം. യാത്രികരെ സംസ്ഥാനത്തിന്‍റെ സമ്പന്നമായ ചരിത്രത്തിലൂടെയും സംസ്കാരത്തിലൂടെയും കൊണ്ടുപോകുന്നതിനായിട്ടാണ് സ്പൈസ് യാത്രാ പാത വികസിപ്പിച്ചത്. മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ് സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് കൊച്ചി ബോള്‍ഗാട്ടി പാലസില്‍ സംഘടിപ്പിച്ച പ്രഥമ അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആണ് പദ്ധതി പ്രഖ്യാപിച്ചത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആഗോള സമുദ്ര വ്യാപാരത്തിന്‍റെയും സാംസ്കാരിക ഇടപെടലുകളുടെയും കേന്ദ്രമായി കേരളത്തെ അടയാളപ്പെടുത്തിയ സ്പൈസ് റൂട്ടിലൂടെയാണ് ഈ യാത്ര. സംസ്ഥാനത്തിന്‍റെ വൈവിധ്യമാര്‍ന്ന സംസ്കാരത്തില്‍ ഇഴചേര്‍ന്ന പ്രദേശങ്ങളും ചരിത്രവും രുചികളും അറിയാനും ആഴത്തിലുള്ള അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതിനുമായിട്ടാണ് സഞ്ചാരികളെ ക്ഷണിക്കുന്നത്. കാസര്‍കോട് ബേക്കലില്‍ നിന്ന് ആരംഭിക്കുന്ന ഈ യാത്ര കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലെ ചരിത്രത്തിന്‍റെയും സാംസ്കാരിക ഇടപെടലുകളുടെയും മുദ്ര പതിപ്പിച്ച സ്ഥലങ്ങളിലേക്ക് ‘സ്പൈസ് ജേര്‍ണീസ്’ സന്ദര്‍ശകരെ കൊണ്ടുപോകും. ഇതില്‍ ചരിത്രപ്രാധാന്യമുള്ള ഇടങ്ങള്‍, തെരുവുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍, തുറമുഖങ്ങള്‍ എന്നിവ ഉള്‍പ്പെടും. വ്യത്യസ്ത പ്രദേശങ്ങളെ നിര്‍വചിച്ച ചരിത്രത്തെയും സംസ്കാരത്തെയും അടിസ്ഥാനമാക്കി എട്ട് ക്ലസ്റ്ററുകളായിട്ടാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. ഇതിലാണ് 33 യാത്രാ പാക്കേജുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കാസര്‍ഗോഡ്-ബേക്കല്‍ ക്ലസ്റ്ററിന് രണ്ട് ഭാഗങ്ങളാണുള്ളത്. കുടക് തുളുനാട് സ്പൈസ് ട്രെയില്‍, കുടക് ബേക്കല്‍ സ്പൈസ് റൂട്ട് എന്നിവ. ഇതില്‍ ചിലത് കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്നു. കണ്ണൂര്‍-തലശ്ശേരി സര്‍ക്യൂട്ടില്‍ മാപ്പിള പാചക സെഷന്‍, തെയ്യം അനുഭവം, കൊളോണിയല്‍ പൈതൃക ഇടങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അനുഭവങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. കണ്ണൂര്‍-കോഴിക്കോട് എന്നിവയാണ് മലബാര്‍ പ്രദേശത്തെ മറ്റു ക്ലസ്റ്ററുകള്‍. ആഗോള സുഗന്ധവ്യഞ്ജന തുറമുഖമെന്ന നിലയില്‍ കൊച്ചിയുടെ വളര്‍ച്ച വെളിപ്പെടുത്തുന്നതാണ് ഫോര്‍ട്ട് കൊച്ചി ക്ലസ്റ്ററിലേക്കുള്ള യാത്ര. കൊളോണിയല്‍ തെരുവുകളും ഘടനകളും വ്യാപാര, സാംസ്കാരിക ഇടങ്ങളും ഭക്ഷണാനുഭവവും ഇതില്‍ ഉള്‍പ്പെടുന്നു. എറണാകുളം-തൃശൂര്‍ മുസിരിസ് ഹെറിറ്റേജ് വാക്ക് സ്പൈസ് റൂട്ട് പൈതൃക കഥകളാല്‍ നിറഞ്ഞതാണ്. ക്രിസ്തുമതത്തിനു മുമ്പുള്ള കാലഘട്ടത്തിലെ സുഗന്ധവ്യഞ്ജന വ്യാപാരം മുതല്‍ പുരാതന തുറമുഖമായ മുസിരിസുമായുള്ള പ്രദേശത്തിന്‍റെ ജൂത ബന്ധം, പശ്ചിമേഷ്യയില്‍ നിന്നും മെഡിറ്ററേനിയന്‍ ദേശങ്ങളില്‍ നിന്നുമുള്ള വ്യാപാര കപ്പലുകള്‍ എന്നിവ ഇതിന്‍റെ ഭാഗമാണ്. കായലുകള്‍, കനാലുകള്‍, ഉള്‍നാടന്‍ ജലപാതകള്‍, അറബിക്കടല്‍ എന്നിവയാല്‍ ചുറ്റപ്പെട്ട വിശാലമായ പശ്ചാത്തലത്തില്‍ പൈതൃകത്തിന്‍റെ സമ്പന്നമായ അനുഭവമാണ് ആലപ്പുഴയില്‍ സന്ദര്‍ശകര്‍ക്ക് ലഭിക്കുക. കൊല്ലത്ത് ചരിത്രപരമായും സാംസ്കാരികമായും വാണിജ്യപരമായും പ്രാധാന്യമുള്ള സ്ഥലങ്ങളും തീരദേശത്തെയും കിഴക്കന്‍ മലയോരത്തെയും സാമൂഹിക, ജൈവവൈവിധ്യങ്ങളും ഉള്‍പ്പെടുന്നു. രാജ്യങ്ങള്‍ക്കിടയില്‍ ചരിത്രം, സംസ്കാരം, സര്‍ഗാത്മകത, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഇന്‍റര്‍നാഷണല്‍ സ്പൈസ് റൂട്ട്സ് ഹെറിറ്റേജ് നെറ്റ് വര്‍ക്കിന് കേരളം തുടക്കം കുറിച്ചു. നൂറ്റാണ്ടുകളായി ആഗോള സമുദ്ര വ്യാപാരത്തിന്‍റെയും സാംസ്കാരിക വിനിമയത്തിന്‍റെയും കേന്ദ്രമായി കേരളത്തെ അടയാളപ്പെടുത്തിയ സ്പൈസ് റൂട്ടുകളുടെ പാരമ്പര്യം പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഹെറിറ്റേജ് നെറ്റ് വര്‍ക്ക് സമ്മേളനത്തിന്‍റെ ഉദ്ഘാടന വേളയില്‍ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു.
