Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ദേശീയ കൈത്തറി ദിനആഘോഷം തിരുവനന്തപുരത്ത്

1 min read

തിരുവനന്തപുരം: കൈത്തറി മേഖലയിലെ കേരളത്തിന്‍റെ ദീര്‍ഘകാല പാരമ്പര്യം, ഗുണനിലവാരം, വൈവിധ്യം, പുതിയ പ്രവണതകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംസ്ഥാനത്ത് നാളെ (ആഗസ്റ്റ് 7) ദേശീയ കൈത്തറി ദിനം ആഘോഷിക്കും. തിരുവനന്തപുരം ഫോര്‍ട്ട് മാന്വര്‍ ഹോട്ടലില്‍ നടക്കുന്ന സംസ്ഥാനതല പരിപാടി വൈകിട്ട് മൂന്നിന് നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വ്യവസായ വാണിജ്യ വകുപ്പിനു കീഴിലുള്ള കൈത്തറി – ടെക്സ്റ്റൈല്‍സ് ഡയറക്ടറേറ്റും ഹാന്‍ഡ് ലൂം മാര്‍ക്കും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിലെ കൈത്തറി മേഖലയുടെ വളര്‍ച്ചയും നെയ്ത്തുകാരുടെ ഉന്നമനവും ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികള്‍ ദിനാഘോഷത്തിന്‍റെ ഭാഗമായി നടക്കും. ചടങ്ങില്‍ കൈത്തറി സഹകരണ സംഘങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണവും കൈത്തറി തൊഴിലാളികളെ ആദരിക്കലും പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വ്വഹിക്കും. ആന്‍റണി രാജു എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തും. കൈത്തറി ക്ലസ്റ്ററുകളുടെ നവീന ആശയത്തിലുള്ള വ്യത്യസ്തമായ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് ലൂം, കണ്ണൂര്‍ (ഐഐഎച്ച്ടി) അവതരിപ്പിക്കുന്ന ഫാഷന്‍ ഷോ എന്നിവ ദിനാഘോഷത്തിലെ പ്രധാന പരിപാടികളാണ്. തിരുവനന്തപുരം ജില്ലയില്‍ പുതിയതായി അനുമതി ലഭിച്ച മൂന്ന് കൈത്തറി ക്ലസ്റ്ററുകളുടെ ഉദ്ഘാടനവും നടക്കും. കൈത്തറി മേഖലയെ അഭിസംബോധന ചെയ്യുന്ന വിവിധ വിഷയങ്ങളില്‍ രാവിലെ 10 മുതല്‍ ടെക്നിക്കല്‍ സെഷനുകള്‍ സംഘടിപ്പിക്കും. ‘കൈത്തറി വസ്ത്രങ്ങളിലെ കേരള തനിമയും നൂതന ഡിസൈനുകളും’ എന്ന വിഷയത്തില്‍ കണ്ണൂര്‍ നിഫ്റ്റിലെ അസി. പ്രൊഫ. അഭിലാഷ് ബാലന്‍ പി, ‘ഭൗമസൂചിക പദവിയുടെ പ്രാധാന്യത്തോടെ കൈത്തറിക്ക് ആഗോള തിരിച്ചറിയല്‍’ എന്ന വിഷയത്തില്‍ ഐഐഎച്ച്ടി കണ്ണൂരിലെ ടെക്നിക്കല്‍ സൂപ്രണ്ട് ബ്രിജേഷ് കെ.വി, ‘കൈത്തറി വസ്ത്രങ്ങളുടെ വിപണന സാധ്യതകളി’ല്‍ കൊല്ലം ഐഎഫ്ടിയിലെ ഫാക്കല്‍റ്റി ഡോ. കരോലിന്‍ ബേബിയും ‘ഡിസൈന്‍- പ്രിന്‍റിംഗ് സാധ്യതകള്‍ ആയാസകരമായ നെയ്ത്തി’ല്‍ ഐഐഎച്ച്ടി സേലം സീനിയര്‍ ലക്ചര്‍ (റിട്ട.) ജി. സുകുമാരന്‍ നായര്‍ എന്നിവര്‍ സെഷനുകള്‍ നയിക്കും. കൈത്തറി തൊഴിലാളികളുടെ കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. എക്കോടെക്സ് ഹാന്‍ഡ് ലൂം കണ്‍സോര്‍ഷ്യം വി. ഗോപിനാഥന്‍, കൈത്തറി-ടെക്സ്റ്റൈല്‍സ് ഡയറക്ടര്‍ ഡോ. കെ.എസ് കൃപകുമാര്‍, ഹാന്‍വീവ് ചെയര്‍മാന്‍ ടി.കെ ഗോവിന്ദന്‍, ഹാന്‍ടെക്സ് കണ്‍വീനര്‍ പി.വി രവീന്ദ്രന്‍, കൈത്തറി സഹകരണ സംഘം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എം ബഷീര്‍, കൈത്തറി തൊഴിലാളി യൂണിയന്‍ സംസ്ഥാന ട്രഷറര്‍ പാറക്കുഴി സുരേന്ദ്രന്‍, കൈത്തറി തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്‍റ് സുബോധന്‍ ജി., കൈത്തറി തൊഴിലാളി യൂണിയന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്‍റ് പള്ളിച്ചല്‍ വിജയന്‍, സഹകരണ സംഘം അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് ബാഹുലേയന്‍ ഡി., ഡബ്ല്യു.എസ്.സി കണ്ണൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എം. ആനന്ദന്‍, ഐഐഎച്ച്ടി കണ്ണൂര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ എന്‍. ശ്രീധന്യന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യന്‍ കൈത്തറി വ്യവസായത്തിന്‍റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും നെയ്ത്തുകാരുടെ സാമൂഹിക-സാമ്പത്തിക വികസനം ലക്ഷ്യമിട്ടു കൊണ്ടുമാണ് ആഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായി ആചരിക്കുന്നത്. കേരളത്തിലെ പരമ്പരാഗത കൈത്തറി മേഖലയെ കൈപിടിച്ചുയര്‍ത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വിവിധ ക്ഷേമപദ്ധതികളാണ് നടപ്പാക്കുന്നത്. 2016-17 വര്‍ഷം മുതല്‍ നടപ്പാക്കിവരുന്ന സൗജന്യ കൈത്തറി യൂണിഫോം പദ്ധതി ഈ മേഖലയുടെ പുനരുജ്ജീവനത്തിന് സഹായകരമായിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 539 പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 198 എണ്ണം ഫാക്ടറി ടൈപ്പ് സംഘങ്ങളും 341 എണ്ണം കോട്ടേജ് ടൈപ്പ് സംഘങ്ങളുമാണ്. നിലവില്‍ 355 പ്രാഥമിക കൈത്തറി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൈത്തറി മേഖലയിലെ 84.42 ശതമാനം തറികളും സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. 159 സംഘങ്ങള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. 14642 നെയ്ത്തുകാര്‍ ജോലി ചെയ്യുന്ന ഈ മേഖലയിലെ വാര്‍ഷിക ഉല്‍പ്പാദനം 52.54 മില്ല്യണ്‍ മീറ്ററാണ്. യന്ത്രത്തറി മേഖലയില്‍ ആകെ 1804 എണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ എണ്ണം 56 ആണ്. ഈ മേഖലയിലെ വാര്‍ഷിക ഉല്‍പ്പാദനം 65.26 മില്ല്യന്‍ മീറ്ററാണ്. കൈത്തറിയുടെ സംയോജിതവും സമഗ്രവുമായ വികസനവും കൈത്തറി നെയ്ത്തുകാരുടെ ക്ഷേമവും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് സ്മാള്‍ ക്ലസ്റ്റര്‍ ഡവലപ്മെന്‍റ് പ്രോഗ്രാം (എസ് സിഡിപി). ഈ പദ്ധതി പ്രകാരം 50 മുതല്‍ 500 വരെയുള്ള നെയ്ത്തുകാരെ ഉള്‍പ്പെടുത്തി പ്രാദേശികമായി ഓരോ ക്ലസ്റ്ററുകള്‍ രൂപീകരിക്കാന്‍ സാധിക്കും. ഇവയ്ക്ക് പരമാവധി രണ്ട് കോടി രൂപ വരെ ധനസഹായം ലഭിക്കും. എസ് സിഡിപി പ്രകാരം കേരളത്തില്‍ ഇതുവരെ 15 കൈത്തറി ക്ലസ്റ്ററുകള്‍ രൂപീകരിച്ചിട്ടുണ്ട്.

  ഇന്‍വസ്റ്റ് കേരള നിക്ഷേപക സംഗമം നിര്‍മ്മാണം തുടങ്ങിയ പദ്ധതികള്‍ നൂറ് തികയുന്നു
Maintained By : Studio3