ജിടെക് മാരത്തണ്‍-2025 ഫെബ്രുവരി 9 ന് ടെക്നോപാര്‍ക്കില്‍
തിരുവനന്തപുരം: ‘ഡ്രഗ് ഫ്രീ കേരള’ എന്ന സന്ദേശം ഉയര്‍ത്തി സംസ്ഥാനത്തെ ഐടി കമ്പനികളുടെ വ്യവസായ സ്ഥാപനമായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജിടെക്) സംഘടിപ്പിക്കുന്ന ജിടെക് കേരള മാരത്തണ്‍ മൂന്നാം പതിപ്പിന്‍റെ വെബ്സൈറ്റ് പുറത്തിറക്കി. ടെക്നോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ടെക്നോപാര്‍ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) ആണ് വെബ്സൈറ്റ് പുറത്തിറക്കിയത്. 2025 ഫെബ്രുവരി 9 ന് ടെക്നോപാര്‍ക്കിലാണ് മാരത്തണ്‍ നടക്കുക. ലഹരി ദുരുപയോഗത്തിനെതിരെയുള്ള കേരളത്തിലെ ഏറ്റവും വലിയ മാരത്തണ്‍ ആണിത്. ഇതില്‍ പങ്കെടുക്കാന്‍ പൊതുജനങ്ങള്‍ക്ക് www.gtechmarathon.com എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. ടാറ്റ എല്‍ക്സി സെന്‍റര്‍ മേധാവിയും ജിടെക് സെക്രട്ടറിയുമായ ശ്രീകുമാര്‍ വി, ജിടെക് കമ്മ്യൂണിറ്റി ഔട്ട്റീച്ച് ഫോക്കസ് ഗ്രൂപ്പ് കണ്‍വീനര്‍ ടോണി ജോസഫ്, ജിടെക് മാരത്തണ്‍ 2025 ന്‍റെ റേസ് ഡയറക്ടര്‍ റോണി സെബാസ്റ്റ്യന്‍, ജിടെക് സിഇഒ ഈപ്പന്‍ ടോണി ജോണ്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ലഹരിക്കെതിരെയുള്ള ജിടെക് കേരള മാരത്തണ്‍ മഹത്തായ ഒരു സംരംഭമാണെന്ന് കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു. ഈ പരിപാടി ഒരു ലക്ഷ്യത്തിനുവേണ്ടി നിലകൊള്ളുകയും വ്യക്തികളില്‍ സ്വയം അവബോധം സൃഷ്ടിക്കാന്‍ ഉതകുന്നതുമാണ്. ലഹരി രഹിത സന്ദേശത്തിനൊപ്പം ‘ആരോഗ്യത്തോടെയിരിക്കുക, സന്തോഷമായിരിക്കുക’ എന്ന ആശയവും ഇത് മുന്നോട്ടുവയ്ക്കുന്നു. ലിംഗ, പ്രായ, ഫിറ്റ്നസ് ഭേദമില്ലാതെ സമൂഹത്തിന്‍റെ വിവിധ തുറകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ളവരെ ഒരുമിച്ച് കൊണ്ടുവരുന്നതിനാല്‍ മാരത്തണ്‍ മികച്ച അനുഭവമായിരിക്കുമെന്നും സിഇഒ കൂട്ടിച്ചേര്‍ത്തു. മാരത്തണില്‍ 7,500 ഓളം പേരെയാണ് പ്രതീക്ഷിക്കുന്നതെന്ന് ശ്രീകുമാര്‍ വി പറഞ്ഞു. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നടന്ന കഴിഞ്ഞ പതിപ്പില്‍ ആറായിരത്തോളം പേരാണ് പങ്കെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാരത്തണിന്‍റെ രജിസ്ട്രേഷന്‍ 2025 ജനുവരി 25 ന് അവസാനിക്കുമെന്നും നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 10 ശതമാനം ഇളവ് ഉണ്ടായിരിക്കുമെന്നും ടോണി ജോസഫ് പറഞ്ഞു. ഹാഫ് മാരത്തണ്‍ (21.1 കി.മീ), 10 കി.മീ., ഫണ്‍ റണ്‍ (3 കി.മീ – 5 കി.മീ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മാരത്തണ്‍ നടക്കുന്നത്. കേരളത്തില്‍ മയക്കുമരുന്ന് ദുരുപയോഗത്തിന്‍റെ വ്യാപനത്തെക്കുറിച്ചും അതിന്‍റെ ദൂഷ്യഫലങ്ങളെക്കുറിച്ചും പൊതുസമൂഹത്തിലും ചെറുപ്പക്കാരിലും അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ 80 ശതമാനം ഐടി പ്രൊഫഷണലുകള്‍ അടങ്ങുന്ന 300 ലധികം ഐടി കമ്പനികള്‍ ജിടെക്കിലെ അംഗങ്ങളാണ്. ആകെ 1.50 ലക്ഷത്തിലധികം ജീവനക്കാര്‍ ഇതില്‍ ഉള്‍പ്പെടും. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, കോഗ്നിസെന്‍റ്, ഐബിഎസ് സോഫ്റ്റ് വെയര്‍, യുഎസ്ടി, ഇവൈ, ടാറ്റാ എല്‍ക്സി തുടങ്ങി കേരളത്തിലെ എല്ലാ പ്രമുഖ ഐടി കമ്പനികളും ജി-ടെക്കിന്‍റെ ഭാഗമാണ്.