ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടി ഫെബ്രുവരി 25 മുതല്‍ 28 വരെ കുമരകത്ത്
കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ലോകമാതൃകയാണെന്ന് ഇതിനോടകം സാര്‍വ്വദേശീയതലത്തില്‍ പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. 15 വര്‍ഷങ്ങള്‍ കൊണ്ട് കേരളം ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ ആര്‍ജ്ജിച്ച നേട്ടങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും ഉത്തരവാദിത്ത ടൂറിസത്തിലെ നവ പ്രവണതകള്‍ കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളില്‍ കൂട്ടിച്ചേര്‍ക്കാനും ഉച്ചകോടി കൊണ്ട് ലക്ഷ്യമിടുന്നു. ഒപ്പം യു എന്‍ വിമനുമായി ചേര്‍ന്ന് വിവിധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിന്‍റെ ചര്‍ച്ചകളും ഉച്ചകോടിയില്‍ നടക്കും.
ഫെബ്രുവരി 26 രാവിലെ 9 മണിക്ക് കുമരകം ലേക്ക് സോങ്ങ് റിസോര്‍ട്ടില്‍ ടൂറിസം പൊതുമരാമത്ത് മന്ത്രി ശ്രീ.പി.എ.മുഹമ്മദ് റിയാസ് ഉച്ചകോടി ഉദ്ഘാടനം ചെയ്യും. സഹകരണ – രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ശ്രീ. വി എന്‍ വാസവന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തോമസ് ചാഴികാടന്‍ എം.പി. മുഖ്യാതിഥിയാകും.
ഇന്ത്യയിലും വിദേശത്തുമായി പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് സുസ്ഥിരവും ഉത്തരവാദിത്ത പൂര്‍ണ്ണവും അനുഭവവേദ്യവുമായ കൂടുതല്‍ ടൂറിസം ഉല്‍പ്പന്നങ്ങളും പാക്കേജുകളും കേരളത്തില്‍ വികസിപ്പിക്കുന്നതിനും അതു വഴി കൂടുതല്‍ സഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും ഉച്ചകോടിയിലുണ്ടാകുമെന്ന് ശ്രീ പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
യു എന്‍ വിമന്‍ പ്രതിനിധി സൂസന്‍ ഫെര്‍ഗൂസണ്‍ , അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രം സ്ഥാപകന്‍ ഡോ. ഹാരോള്‍ഡ് ഗുഡ്വിന്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ കെ എസ് ശ്രീനിവാസ്, കേരള ടൂറിസം ഡയറക്ടര്‍ ശ്രീ പി ബി നൂഹ്, ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ രൂപേഷ് കുമാര്‍ കെ തുടങ്ങിയവര്‍ സംബന്ധിക്കും.
27 ന് വൈകിട്ട് പുതുക്കിയ കേരള ഉത്തരവാദിത്ത ടൂറിസം പ്രഖ്യാപനത്തോടെ സമാപിക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ ഫെബ്രുവരി 28 ന് മറവന്‍തുരുത്ത് വാട്ടര്‍ സ്ട്രീറ്റ് സന്ദര്‍ശിക്കും.
ഉച്ചകോടിയില്‍ 15 വിദേശ പ്രഭാഷകര്‍ നേരിട്ടും 20 പേര്‍ ഓണ്‍ലൈനായും പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധികളും പ്രഭാഷകരും ഉച്ചകോടിയുടെ ഭാഗമാകും.
രജിസ്ട്രേഡ് ഡെലിഗേറ്റ്സ് ഉള്‍പ്പെടെ 200 പേരാണ് ഉച്ചകോടിയില്‍ സംബന്ധിക്കുന്നത്. 12 ലധികം വിവിധ സെഷനുകളിലായി 60 പ്രഭാഷകര്‍ ഉച്ചകോടിയില്‍ സംസാരിക്കും.
ഇന്‍സ്പൈറിങ്ങ് സ്റ്റോറീസ് ഫ്രം ഡെസ്റ്റിനേഷന്‍സ് എന്ന സെഷനില്‍ പ്രതിനിധികളുടേതടക്കം 100 അനുഭവകഥകള്‍ അവതരിപ്പിക്കപ്പെടുമെന്ന പ്രത്യേകതയും ഉച്ചകോടിക്കുണ്ട്.