January 6, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പീഡിയാട്രിക് ഗെയ്റ്റ് ട്രെയിനറുമായി ജെന്‍ റോബോട്ടിക്സ്

1 min read

തിരുവനന്തപുരം: കുട്ടികളിലെ നടത്ത വൈകല്യം പരിഹരിക്കുന്നതിനുള്ള ഇന്ത്യയിലെ ആദ്യത്തെ റോബോട്ടിക് ഗെയ്റ്റ് ട്രെയിനറായ ജി-ഗെയ്റ്റര്‍ പീഡിയാട്രികുമായി ജെന്‍ റോബോട്ടിക്സ്. റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്ത പരിശീലനം നല്കുന്ന ‘ജി-ഗെയ്റ്റര്‍ പീഡിയാട്രിക്’ സംസ്ഥാന ആരോഗ്യ- വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. തണല്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ സബിത് ഉമറിന് കൈമാറിക്കൊണ്ടാണ് ജി-ഗെയ്റ്റര്‍ പീഡിയാട്രിക് പുറത്തിറക്കിയത്. സെറിബ്രല്‍ പാള്‍സി, മസ്കുലര്‍ ഡിസ്ട്രോഫി, മസ്തിഷ്കാഘാതം, സുഷുമ്നാ നാഡിയിലെ ക്ഷതം തുടങ്ങിയവ കാരണം നടത്ത വൈകല്യമുള്ള കുട്ടികള്‍ക്ക് ജി-ഗെയ്റ്റര്‍ പീഡിയാട്രിക് ഗെയ്റ്റ് ട്രെയിനറിലൂടെ നടത്ത പരിശീലനം സാധ്യമാകും. നടത്ത വൈകല്യമുള്ള കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിലെ സുപ്രധാന ചുവടുവെയ്പ്പാണിതെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഇത്തരം വൈകല്യങ്ങളുള്ള കുട്ടികളുടേയും അവരുടെ മാതാപിതാക്കളുടേയും മുഖത്ത് പുഞ്ചിരി വിരിയിക്കാന്‍ ജി-ഗെയ്റ്റര്‍ പീഡിയാട്രിക് കാരണമാകും. ലോകം കൂടുതല്‍ സുന്ദരമായി മാറുന്നതിനൊപ്പം കുഞ്ഞുങ്ങളുടെ ജീവിതനിലവാരവും ഇതിലൂടെ മെച്ചപ്പെടും. മനുഷ്യജീവിതത്തില്‍ ഗുണകരമായ മാറ്റം കൊണ്ടുവരാന്‍ സാങ്കേതികവിദ്യ കാരണമാകുമെന്ന് ജെന്‍ റോബോട്ടിക്സ് തെളിയിച്ചു. രാജ്യത്തെ പത്ത് സെന്‍റര്‍ ഓഫ് എക്സലന്‍സിലൊന്നായി കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്ത തിരുവനന്തപുരത്തെ ശ്രീ അവിട്ടം തിരുനാള്‍ (എസ്എടി) ആശുപത്രിയില്‍ ജി-ഗെയ്റ്റര്‍ പീഡിയാട്രിക് ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ശക്തവും സമയോചിതവുമായ സാമൂഹ്യ ഇടപെടലുകളിലൂടെ കെട്ടിപ്പടുത്ത കേരളത്തിലെ ആരോഗ്യമേഖലയെ പുത്തന്‍ സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ കൂടുതല്‍ ശക്തമാക്കാനുള്ള കാല്‍വയ്പ്പാണിത്. രാജ്യത്തെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കും മാതൃമരണ നിരക്കും കേരളത്തിലാണെന്നത് അഭിമാനാര്‍ഹമാണ്. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നേട്ടങ്ങള്‍ കൈവരിക്കാന്‍ കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് സാധിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ടെക്നോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ കെ ഡിസ്ക് മെമ്പര്‍ സെക്രട്ടറി ഡോ.പി വി ഉണ്ണിക്കൃഷ്ണന്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഫോര്‍ ചൈല്‍ഡ് ഹെല്‍ത്ത് ഡോ. രാഹുല്‍ യു ആര്‍, ബ്ലാംഗ്ലൂര്‍ ത്രിലൈഫ് ഹോസ്പിറ്റല്‍ സിഇഒ ഡോ. ഷഫീഖ് എ എം തുടങ്ങിയവര്‍ പങ്കെടുത്തു. നടത്ത വൈകല്യങ്ങളുള്ള മുതിര്‍ന്നയാളുകളെ റോബോട്ടിക് സഹായത്തോടെ പരിശീലിപ്പിക്കുന്ന ജി-ഗെയ്റ്ററില്‍ നിന്നാണ് ജെന്‍ റോബോട്ടിക്സിന്‍റെ യാത്ര ആരംഭിച്ചതെന്ന് ജെന്‍ റോബോട്ടിക്സ് സിഇഒ വിമല്‍ ഗോവിന്ദ് എം കെ പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരമ്പരാഗത ഫിസിയോതെറാപ്പി ചികിത്സയെക്കാള്‍ കാര്യക്ഷമമായി കുട്ടികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും. എക്സോസ്കെലിറ്റണ്‍ അടിസ്ഥാനമാക്കിയുള്ള ജി-ഗെയ്റ്റര്‍ പീഡിയാട്രികിന്‍റെ നടത്ത പുനരധിവാസത്തില്‍ നൂതന ജിപ്ലോട്ട് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. മോട്ടോര്‍ പാറ്റേണ്‍ റീലേണിംഗില്‍ കുട്ടികളെ സഹായിക്കുന്ന ഇന്‍റലിജന്‍റ് തെറാപ്പി മോഡിലും ജി-ഗെയ്റ്റര്‍ പീഡിയാട്രിക് പ്രവര്‍ത്തിക്കുന്നുണ്ട്. പേശികളുടെ ഏകോപനം മെച്ചപ്പെടുത്തുക, ചലനശേഷി വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്കുന്ന വിധത്തിലാണ് ഇതിന്‍റെ നിര്‍മ്മാണം. ഒരു ഗെയിം കളിക്കുന്ന ലാഘവത്തോടെ കുട്ടികള്‍ക്ക് ഇത് ഉപയോഗിക്കാനാകും. കുട്ടികളിലെ സ്വാഭാവിക നടത്തപ്രക്രിയ മെച്ചപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും. ശിശുസൗഹൃദ ഡിസൈനും ഇതിന്‍റെ പ്രത്യേകതയാണ്. സെറിബ്രല്‍ പാള്‍സി കാരണം ഏകദേശം 18 ദശലക്ഷം കുട്ടികള്‍ ചലന പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്തരം കുട്ടികള്‍ക്കുള്ള ഗുണകരമായ പുനരധിവാസ പരിചരണം ഇപ്പോഴും അകലെയാണ്. ഇതിനുള്ള പരിഹാരമെന്ന നിലയില്‍ ആരോഗ്യ സംരക്ഷണ സംവിധാനത്തില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ പീഡിയാട്രിക് ഗെയ്റ്റ് ട്രെയിനറിലൂടെയുള്ള നടത്ത പരിശീലനം സഹായകമാകും. ആശുപത്രികള്‍, ന്യൂറോ സംബന്ധിയായ പ്രശ്നങ്ങള്‍ക്കുള്ള പുനരധിവാസ കേന്ദ്രങ്ങള്‍ തുടങ്ങിയിടങ്ങളില്‍ ജി-ഗെയ്റ്റര്‍ പീഡിയാട്രിക് ഉപയോഗപ്രദമാണ്.

  10 കോടി രൂപയുടെ വെഞ്ച്വര്‍ കാപിറ്റല്‍ സ്വന്തമാക്കി സിഇടി വിദ്യാര്‍ഥികളുടെ സ്റ്റാര്‍ട്ടപ്പ്

 

Maintained By : Studio3