ഡുവിലെയും എത്തിസലാതിലെയും വിദേശ ഉടമസ്ഥാവകാശം 49 ശതമാനമാക്കി വർധിപ്പിച്ചു
1 min readദുബായ്, അബുദാബി ഓഹരി വിപണികളിൽ നിന്നുള്ള വിവരം അനുസരിച്ച് നിലവിൽ എത്തിസലാത് ഓഹരികളുടെ 4.8 ശതമാനവും ഡുവിന്റെ 0.48 ശതമാനവും ഓഹരികളാണ് വിദേശികളുടെ കൈവശമുള്ളത്
ദുബായ് : യുഎഇയിലെ ടെലികോം സേവന ദാതാക്കളായ എത്തിസലാതും ഡുവും കമ്പനിയിൽ വിദേശ പൌരന്മാർക്കുള്ള ഉടമസ്ഥാവകാശ പരിധി 49 ശതമാനമാക്കി വർധിപ്പിച്ചു. അബുദാബി ആസ്ഥാനമായ എത്തിസലാത് കമ്പനിയിലെ വിദേശ ഉടമസ്ഥാവകാശ പരിധി 20 ശതമാനത്തിൽ നിന്നും 49 ശതമാനമാക്കിയാണ് വർധിപ്പിച്ചത്.
യുഎഇ പൌരന്മാർ അല്ലാത്തവർക്ക് (വ്യക്തികളോ സ്ഥാപനങ്ങളോ) കമ്പനിയിൽ 49 ശതമാനം വരെ ഓഹരികൾ സ്വന്തമാക്കാമെന്ന് ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ സമർപ്പിച്ച റെഗുലേറ്ററി ഫയലിംഗിൽ ഡു വ്യക്തമാക്കി. അതേസമയം പ്രാദേശിക, അന്തർദേശീയ ടെലി കമ്മ്യൂണിക്കേഷൻ കമ്പനികൾക്ക് ഡു ഓഹരികൾ വാങ്ങാൻ അവകാശമില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയിൽ 5 ശതമാനം ഓഹരി അവകാശമുള്ള ഇഐടിസി ഹോൾഡിംഗ് ഓഹരിയുടമകൾ ഒഴിച്ച് മറ്റാർക്കും, നിയമപരമായ സ്ഥാപനങ്ങൾക്കും നേരിട്ടോ അല്ലാതെയോ കമ്പനിയിൽ 5 ശതമാനത്തിൽ കൂടുതൽ ഓഹരികൾ സ്വന്തമാക്കാൻ പറ്റില്ലെന്നാണ് കമ്പനി വിശദീകരിച്ചിരിക്കുന്നത്.
നിലവിലെ പരിധിയായ 20 ശതമാനത്തിൽ നിന്നും 49 ശതമാനമായാണ് എത്തിസലാത് വിദേശ ഉടമസ്ഥാവകാശ പരിധി ഉയർത്തിയിരിക്കുന്നത്. ഡയറക്ടർ ബോർഡിൽ ചർച്ച ചെയ്ത ശേഷമാണ് യുഎഇ പൌരന്മാർ അല്ലാത്തവർക്കുള്ള വിദേശ ഉടമസ്ഥാവകാശ പരിധി 49 ശതമാനമാക്കാൻ തീരുമാനിച്ചതെന്ന് അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ സമർപ്പിച്ച ഫയലിംഗിൽ കമ്പനി വ്യക്തമാക്കി.
വിദേശ ഉടമസ്ഥാവകാശ പരിധി ഉയർത്തുന്നത് എംഎസ് സിഐ, എഫ്ടിഎസ്ഇ റസ്സൽ തുടങ്ങിയവയുടെ ഇമേർജിംഗ്-മാർക്കറ്റ് സൂചികയിൽ മികച്ച ഇടം നേടാനും അതുവഴി നിക്ഷേപം മെച്ചപ്പെടുത്താനും കമ്പനികളെ സഹായിക്കുമെന്നാണ് വിലയിരുത്തൽ. യുഎഇയിലെ ഏറ്റവും വലിയ ഫോൺ ഓപ്പറേറ്ററായ എത്തിസലാത് 2015ലാണ് ആദ്യമായി വിദേശ ഉടമസ്ഥാവകാശത്തിന് അനുമതി നൽകിയത്. ദുബായ്, അബുദാബി ഓഹരി വിപണികളിൽ നിന്നുള്ള വിവരം അനുസരിച്ച് നിലവിൽ എത്തിസലാത് ഓഹരികളുടെ 4.8 ശതമാനവും ഡുവിന്റെ 0.48 ശതമാനവും ഓഹരികളാണ് വിദേശികളുടെ കൈവശമുള്ളത്.