ദോഹയിലേക്ക് ദിവസവും രണ്ട് വിമാന സർവീസുകൾ നടത്തുമെന്ന് ഫ്ലൈദുബായ്
1 min readഖത്തർ-യുഎഇ നയതന്ത്ര ബന്ധങ്ങൾ പുനഃസ്ഥാപിക്കപ്പെട്ട ശേഷം ദോഹയിലേക്ക് സർവീസ് പുനഃരാരംഭിക്കുന്ന ഏറ്റവും ഒടുവിലത്തെ വിമാനക്കമ്പനിയാണ് ഫ്ലൈദുബായ്. ജനുവരി 26 മുതലാണ് പുതിയ സർവീസുകൾ പ്രവർത്തനമാരംഭിക്കുക
ദുബായ് നയതന്ത്ര തർക്കങ്ങൾ അവസാനിപ്പിച്ച് ഖത്തറും യുഎഇയും തമ്മിലുള്ള വ്യോമബന്ധം പുനഃസ്ഥാപിച്ചതിന്റെ പശ്ചാത്തലത്തിൽ ദുബായിൽ നിന്നും ദോഹയിലേക്കുള്ള പ്രതിദിന സർവീസുകൾ ഇരട്ടിയാക്കാനൊരുങ്ങി ഫ്ലൈദുബായ്. ജനുവരി 26 മുതൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ദോഹയിലെ ഹമദ് ഇന്റെർനാഷണൽ വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ പുനഃരാരംഭിക്കുമെന്നും ദിവസവും ഇരട്ടി സർവീസുകൾ നടത്തുമെന്നും ഫ്ലൈദുബായ് സിഇഒ ഗെയ്ത് അൽ ഗെയ്ത് അറിയിച്ചു.
ദോഹയിലേക്കുള്ള സർവീസ് പുനഃരാരംഭിക്കുന്നതോടെ ഫ്ലൈദുബായ് സർവ്വീസ് നടത്തുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 64 ആയി ഉയരും. ദോഹ സർവീസുകൾക്കായി യാത്രക്കാരിൽ നിന്നും വർധിച്ച ഡിമാൻഡാണ് ഉള്ളതെന്നും ഈ റൂട്ടിൽ കൂടുതൽ വളർച്ച കൈവരിക്കാൻ കമ്പനിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗെയ്ത് അൽ ഗെയ്ത് പറഞ്ഞു. ഇന്ന് മുതൽ ഫ്ളൈദുബായ് വെബ്സൈറ്റ് മുഖേന യാത്രക്കാർക്ക് ദോഹയിലേക്കുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് കൊമേഴ്സ്യൽ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് സുധീർ ശ്രീധരൻ അറിയിച്ചു.
കോവിഡ്-19യുടെ പശ്ചാത്തലത്തിൽ ബൺഡിൽഡ്, അൺബൺഡിൽഡ് തുടങ്ങിയ രണ്ട് പാക്കേജുകളും ഫ്ലൈദുബായ് അവതരിപ്പിച്ചിട്ടുണ്ട്. വിമാന ജീവനക്കാരുമായും മറ്റ് യാത്രക്കാരുമായുമുള്ള സമ്പർക്കം പരമാവധി കുറച്ചും യാത്രാ ആവശ്യങ്ങൾ പരിഗണിച്ചും ഏർപ്പെടുത്തിയ വിവിധ നിരക്കുകളിലുള്ള പാക്കേജുകളാണിത്. കോവിഡ്-19 ഇൻഷുറൻസ് കവറേജ് ഉൾപ്പടെ എക്സ്റ്റൻഡഡ് മൾട്ടി-റിസ്ക് ട്രാവൽ ഇൻഷുറൻസ് പദ്ധതിയും ഫ്ലൈദുബായ് കഴിഞ്ഞിടെ അവതരിപ്പിച്ചിരുന്നു.
ആസ്റ്റർ ഡിഎം ഹെൽത്ത്കെയറുമായും എൻഎംസി ഹെൽത്ത്കെയറുമായും ചേർന്ന് പ്രത്യേക നിരക്കിൽ യാത്രക്കാർക്ക് പിസിആർ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനവും ഫ്ലൈദുബായ് ഒരുക്കിയിട്ടുണ്ട്. ഈ ആനുകൂല്യം ലഭിക്കുന്നതിനായി ഫ്ളൈദുബായ് ബുക്കിംഗ് സ്ഥിരീകരിക്കുന്ന രേഖയും എമിറേറ്റ്സ് ഐഡിയോ പാസ്പോർട്ടിന്റെ പകർപ്പോ കൈവശം ഉണ്ടായിരിക്കണം