ഫിസാറ്റിൽ ഐഡിയ ലാബിനു കേന്ദ്ര സർക്കാർ അനുമതി
അങ്കമാലി: ഫിസാറ്റ് എൻജിനിയറിങ് കോളേജിന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ ഏർപ്പെടുത്തിയ ഇ വർഷത്തെ ഐഡിയ ലാബ് പ്രൊജക്റ്റ് ആരംഭിക്കുന്നതിന് അനുമതി ലഭിച്ചു. കേന്ദ്ര സർക്കാരിൻറെ കിഴിലുള്ള എ ഐ സി ടി ഇ യുടെ സഹായത്തോടെ ഒരു കോടി പത്തു ലക്ഷം രൂപയുടെ പ്രൊജക്റ്റ് ആണ് ഫിസാറ്റിൽ നടപ്പാക്കുന്നത്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അവരുടെ നൂതന ആശയങ്ങൾ വികസിപ്പിക്കുന്നതിനു സാങ്കേതിക സഹായവും പരിശീലനവും നൽകുന്നതിന് പുതിയ ലാബ് സഹായകമാകും. അധ്യാപക പരിശീലനം, വിദ്യാർത്ഥികളുടെ നൈപുണ്യ പരിശീലനം, ഐഡിയേഷൻ വർക്ഷോപ്പുകൾ, ബൂട്ട് ക്യാമ്പുകൾ, പ്രൊജക്റ്റ് പരിശീലനം, ഇന്റേൺഷിപ് ട്രെയിനിങ്, സാങ്കേതിക പ്രദർശനങ്ങൾ തുടങ്ങി നിരവധി പരിപാടികൾ ഐഡിയ ലാബിൻറെ ഭാഗമായി നടപ്പാക്കും. വിദ്യാർത്ഥികളുടെ അക്കാദമിക് മികവിന് പുറമെ ശാസ്ത്ര സാങ്കേതിക മേഖലയിൽ ഫിസാറ്റ് സമൂഹത്തിന് നൽകിയ സംഭാവനകൾ ഈ അംഗീകാരം ലഭിക്കുന്നതിന് സഹായകമായി. സാങ്കേതിക മേഖലയിലെ നൂതന ആശയങ്ങൾ വികസിപ്പിക്കുന്നതിൽ വിദ്യാർത്ഥികളും അധ്യാപകരും അവതരിപ്പിച്ച പ്രൊജെക്ടുകളും, അവരുടെ സാങ്കേതിക മേഖലയിലെ മികവും പരിജ്ഞാനവും ഐഡിയ ലാബിനു അനുമതി നൽകുന്നതിനു സഹായകമായതായി ചെയർമാൻ പി ആർ ഷിമിത്ത് അഭിപ്രായപ്പെട്ടു. ഐഡിയ ലാബ് പ്രവർത്തനം തുടങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി കോളേജ് അധികൃതർ അറിയിച്ചു