പ്രതിഷേധങ്ങള്‍ക്കും നീണ്ടുനില്‍ക്കാനാവും: ടിക്കൈറ്റ്
ന്യൂഡെല്‍ഹി: സര്‍ക്കാരിന് അഞ്ചുവര്‍ഷക്കാലം അധികാരത്തില്‍ തുടരാന്‍ കഴിയുമെങ്കില്‍ പ്രക്ഷോഭങ്ങള്‍ക്കും അത് സാധിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) വക്താവ് രാകേഷ് ടിക്കൈറ്റ് പറഞ്ഞു. കേന്ദ്രം പുതുതായി പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രക്ഷോഭം വ്യാഴാഴ്ച അമ്പതാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സര്‍ക്കാരിന് അഞ്ച് വര്‍ഷത്തേക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും, എന്തുകൊണ്ട് പ്രക്ഷോഭം തുടരാനാവില്ല? സുപ്രീം കോടതിയുടെ തീരുമാനത്തെ ഞങ്ങള്‍ മാനിക്കുന്നു, എന്നാല്‍ സമിതിയില്‍ (സുപ്രീംകോടതി നിശ്ചയിച്ച) സന്തുഷ്ടരല്ല. നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ ഞങ്ങളുടെ പ്രക്ഷോഭം തുടരും, ”അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 26 ന് കര്‍ഷകര്‍ ആസൂത്രണം ചെയ്ത പരിപാടികള്‍ക്കുള്ള ഒരുക്കങ്ങളാരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തുടനീളം പരേഡ് നടത്തുന്നത് ഉള്‍പ്പെടെ പ്രസ്ഥാനം ശക്തമാക്കുന്നതിന് മുമ്പ് പ്രഖ്യാപിച്ച മറ്റെല്ലാ പരിപാടികളും തുടരാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. യുണൈറ്റഡ് ഫാര്‍മേഴ്സ് ഫ്രണ്ടിന്റെ ബാനറില്‍ രാജ്യത്തെ നാല്‍പ്പതോളം കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ അമ്പതാം ദിവസവും കര്‍ഷകരുടെ പ്രതിഷേധം തുടര്‍ന്നു.
കര്‍ഷകരുടെ തര്‍ക്കവിഷയമായ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് കേന്ദ്ര സര്‍ക്കാരുമായി ഇതുവരെ എട്ട് ഘട്ട ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. എട്ടാല്‍ ഇതില്‍ ഇതുവരെ ഒരു സമവായത്തിലെത്താന്‍ ഇരുപക്ഷത്തിനും സാധിച്ചിട്ടില്ല. ഇതിനിടെ വിവാദ നിയമങ്ങള്‍ നടപ്പാക്കുന്നത് കഴിഞ്ഞ ദിവസം സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. പ്രശ്നം പരിഹരിക്കുന്നതിനായി നാല് അംഗങ്ങള്‍ ഉള്‍പ്പെടുന്ന വിദഗ്ധ സമിതിയും സുപ്രീംകോടതി രൂപീകരിച്ചു. എന്നിരുന്നാലും, കര്‍ഷക സംഘടനകള്‍ സമിതിയില്‍ അതൃപ്തരാണ്. ഇക്കാര്യം അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു.