ഇ ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭാരതീയ ജനതാ പാര്‍ട്ടിയില്‍ (ബിജെപി) ചേര്‍ന്ന മെട്രോമാന്‍ ഇ ശ്രീധരന്‍ ആയിരിക്കും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിയുടെ വിജയയാത്രയ്ക്ക് തിരുവല്ലയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെയാണ് സുരേന്ദ്രന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹം മുഖ്യന്ത്രിയായാല്‍ സംസ്ഥാനത്തിന്‍റെ മുഖച്ഛായതന്നെ മാറ്റാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിഎംആര്‍സി യൂണിഫോമില്‍ വ്യാഴാഴ്ച തന്‍റെ അവസാന ദിവസമാകുമെന്ന് നേരത്തെ ശ്രീധരന്‍ പറഞ്ഞിരുന്നു. ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ നിന്ന് (ഡിഎംആര്‍സി) രാജിവച്ചതിനുശേഷം മാത്രമേ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശം സമര്‍പ്പിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. “ഞാന്‍ ഈ വസ്ത്രം ധരിക്കുന്ന അവസാന ദിവസമാണിത്. ഇതാണ് ഡിഎംആര്‍സിയുടെ സാധാരണ ഔട്ട്ഡോര്‍ യൂണിഫോം, ‘1997 നവംബറില്‍ ഡെല്‍ഹിയില്‍ വച്ചാണ് താന്‍ ആദ്യമായി ഈ യൂണിഫോം ധരിച്ചത്”അദ്ദേഹം പറഞ്ഞു.
പുനര്‍നിര്‍മിച്ച പാലരിവട്ടം ഫ്ലൈഓവറില്‍ അന്തിമഘട്ട പരിശോധന പൂര്‍ത്തിയാക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച ശ്രീധരന്‍ എംഎല്‍എയെന്ന നിലയിലോ മറ്റേതെങ്കിലും തസ്തികയിലോ പദ്ധതികളുടെ മേല്‍നോട്ടം തുടരുമെന്ന് പറഞ്ഞു. പാലാരിവട്ടം ഫ്ലൈഓവര്‍ പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവായി ശ്രീധരനെയാണ് സര്‍ക്കാര്‍ നിയമിച്ചിരുന്നത്. സര്‍ക്കാരിന്‍റെ പ്രധാന വികസന പദ്ധതികളുടെ മേല്‍നോട്ടം തുടരുമോയെന്ന ചോദ്യത്തിന്, യൂണിഫോമില്‍ മാത്രമല്ല, താന്‍ തീര്‍ച്ചയായും ഇവിടെയുണ്ടാകുമെന്ന് ശ്രീധരന്‍ പറഞ്ഞു.