ദുബായ് ഇസ്ലാമിക് ബാങ്കിന്റെ അറ്റാദായത്തില്‍ 38 ശതമാനം ഇടിവ്
അറ്റാദായം 2019ലെ 5.1 ബില്യണ്‍ ദിര്‍ഹത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം 3.16 ബില്യണ്‍ ദിര്‍ഹമായി കുറഞ്ഞു
ദുബായ്: ദുബായ് ഇസ്ലാമിക് ബാങ്കിന്റെ (ഡിഐബി) അറ്റാദായത്തില്‍ 38 ശതമാനം ഇടിവ്. ഇന്നലെ പുറത്തുവിട്ട സാമ്പത്തിക റിപ്പോര്‍ട്ടിലാണ് 2019നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ലാഭം കുത്തനെ ഇടിഞ്ഞതായി കമ്പനി വ്യക്തമാക്കിയത്. പ്രവചനാതീതമായ സാഹചര്യങ്ങളില്‍ കമ്പനിക്ക് പരിരക്ഷ നല്‍കരുന്നതിനും സമീപ ഭാവിയില്‍ തന്നെ ശക്തമായ തിരിച്ചുവരവ് ഉറപ്പാക്കുന്നതിനുമായുള്ള നീക്കിയിരുപ്പ് വര്‍ധിപ്പിച്ചതാണ് അറ്റാദായം ഇടിയാനുള്ള പ്രധാന കാരണം.
അറ്റാദായം 2019ലെ 5.1 ബില്യണ്‍ ദിര്‍ഹത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം 3.16 ബില്യണ്‍ ദിര്‍ഹമായി കുറഞ്ഞു. 2019ലെ 13.68 ബില്യണ്‍ ദിര്‍ഹത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം വരുമാനം 13.14 ബില്യണ്‍ ദിര്‍ഹമായി കുറഞ്ഞു. ആകെ വായ്പകളുടെ 5.7 ശതമാനം നിഷ്‌ക്രിയ വായ്പകളാണ്. കാഷ് കവറേജും ഓവറോള്‍ കവറേജും തമ്മിലുള്ള അനുപാതം യഥാക്രമം 76 ശതമാനവും 104 ശതമാനവുമാണ്.