ദുബായ് ഇന്റെര്‍നാഷണല്‍ ബോട്ട് ഷോ അടുത്ത വര്‍ഷത്തേക്ക് മാറ്റി
1 min read2022 മാര്‍ച്ച് എട്ട് മുതല്‍ 12 വരെയുള്ള തീയ്യതികളില്‍ പ്രദര്‍ശനം നടക്കുമെന്ന് സംഘാടകരായ വേള്‍ഡ് ട്രേഡ് സെന്റര്‍
ദുബായ്: മൂന്നാംവട്ടവും ദുബായ് ഇന്റെര്‍നാഷണല്‍ ബോട്ട് ഷോ മാറ്റിവെച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് എട്ട് മുതല്‍ 12 വരെയുള്ള തീയ്യതികളില്‍ പരിപാടി നടത്താമെന്നാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് ഷോയുടെ സംഘാടകരായ ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ അറിയിച്ചു.
നൗകകളുടെ സഞ്ചാരത്തിലും നീക്കത്തിലും അന്താരാഷ്ട്ര തലത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങളും പ്രാദേശിക ഉപഭോക്താക്കള്‍ക്ക് ആഗോള ബ്രാന്‍ഡുകളില്‍ പരമാവധി വൈവിധ്യം നല്‍കാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയും കണക്കിലെടുത്താണ് പരിപാടി അടുത്ത വര്‍ഷത്തേക്ക് നീട്ടിയതെന്ന് സംഘാടകര്‍ വെബ്‌സൈറ്റിലൂടെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 10-14 തീയ്യതികളിലാണ് ആദ്യം ഷോ നിശ്ചയിച്ചിരുന്നത്. ഇത് പിന്നീട് 2021 മാര്‍ച്ചിലേക്കും ഇപ്പോള്‍ അടുത്ത വര്‍ഷം മാര്‍ച്ചിലേക്കും നീട്ടി.
പരിപാടി മാറ്റിവെക്കാനുള്ള തീരുമാനത്തിന് ഷോയില്‍ പങ്കെടുക്കുന്നവരുടെ ഭാഗത്ത് നിന്നും അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നത്. സന്ദര്‍ശകര്‍ക്ക് പരമാവധി വൈവിധ്യവും സുരക്ഷയും ഒരുക്കുകയെന്നത് ഗള്‍ഫ് ക്രാഫ്റ്റിന്റെ മുന്‍ഗണനകളില്‍ ഒന്നാണെന്നും അതിനാല്‍ തന്നെ ഷോ മാറ്റിവെക്കാനുള്ള തീരുമാനത്തെ അനുകൂലിക്കുന്നതായും ഗള്‍ഫ് ക്രാഫ്റ്റ് സിഇഒ അബീര്‍ അല്‍ഷാലി പറഞ്ഞു. കൂടുതല്‍ അനുകൂലമായ സമയത്തേക്ക് പരിപാടി നീട്ടിവെക്കാനുള്ള തീരുമാനം ആഗോള ബോട്ട് നിര്‍മാതാക്കളെ സംബന്ധിച്ചെടുത്തോളം ഏറ്റവും മികച്ച തീരുമാനമാണെന്ന് ലര്‍സ്സന്‍ യാട്ടിലെ സെയില്‍സ് ഡയറക്ടര്‍ മിഷേല്‍ ബ്രിമനും പ്രതികരിച്ചു.
നിരവധി വാട്ടര്‍ ക്രാഫ്റ്റുകളുടെ അകമ്പടിയോടെ ദുബായ് മറീന ഹാര്‍ബറിലാണ് പരിപാടി നടക്കുക. പല വിഭാഗത്തില്‍ പെട്ട ബോട്ടുകളുടെ പ്രദര്‍ശനത്തിനൊപ്പം വിനോദത്തിനുള്ള അവസരങ്ങളും വെള്ളത്തിലോടിക്കുന്ന അക്വാട്ടിക് ബൈക്ക്, പേഴ്‌സണല്‍ സബ്മറൈന്‍, ഇലക്ട്രിക് സര്‍ഫ് ബോട്ടുകള്‍ തുടങ്ങിയ അക്വാട്ടിക് ഗാഡ്‌ജെറ്റുകളും ടോയ്‌സും പ്രദര്‍ശനത്തിനുണ്ടാകും.