September 10, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ദുബായ് ഫ്രീ സോണില്‍ ക്രിപ്‌റ്റോ ബിസിനസുകള്‍ക്ക് പ്രവര്‍ത്തനാനുമതി

ക്രിപ്‌റ്റോ ആസ്തികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് വേണ്ടിയുള്ള നിയന്ത്രണ ചട്ടക്കൂടിന് ഡിഎംസിസി രൂപം നല്‍കും

ദുബായ്: ഉല്‍പ്പന്ന വ്യാപാര സംരംഭങ്ങള്‍ക്ക് മാത്രമായുള്ള സ്വതന്ത്ര വ്യാപാര മേഖലയായ ദുബായ് മള്‍ട്ടികമോഡിറ്റീസ് സെന്ററില്‍ (ഡിഎംസിസി)ക്രിപ്രറ്റോ ആസ്തികളുമായി ബന്ധപ്പെട്ട ബിസിനസുകള്‍ക്ക് പ്രവര്‍ത്തനാനുമതി. ക്രിപ്‌റ്റോ ആസ്തികള്‍ ലഭ്യമാക്കല്‍, അവയുടെ ലിസ്റ്റിംഗ്, വ്യാപാരം എന്നീ സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്കാണ് ഡിഎംസിസിയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇത്തരം ബിസിനസുകള്‍ക്ക് വേണ്ടിയുള്ള നിയന്ത്രണ ചട്ടക്കൂടിന് ഡിഎംസിസി രൂപം നല്‍കും.

ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഡിഎംസിസിയും സെക്യൂരിറ്റീസ് ആന്‍ഡ് കമോഡിറ്റീസ് അതോറിട്ടിയും (എസ്‌സിഎ) ഒപ്പുവെച്ചു. ഡിഎംസിസിയിലെ ക്രിപ്‌റ്റോ സെന്ററാണ് ക്രിപ്‌റ്റോ ആസ്തികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കുള്ള ലൈസന്‍സ് പുറപ്പെടുവിക്കുക. ഡിഎംസിസിയുടെ ലൈസന്‍സ് വിഭാഗവുമായി ചേര്‍ന്ന് എസ്‌സിഎ ഫ്രീ സോണില്‍ ഓഫീസ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്ക് പ്രവര്‍ത്തനനാനുമതി നല്‍കും. 2020ല്‍ യുഎഇയില്‍ അവതരിപ്പിച്ച ക്രിപറ്റോ നയങ്ങള്‍ അനുസരിച്ച് എസ്‌സിഎ കമ്പനികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കും. ക്രിപ്‌റ്റോ അനുബന്ധ മേഖലയുടെ വളര്‍ച്ചയ്ക്കും ദുബായിലെ ബ്ലോക്ക്‌ചെയിന്‍ ആപ്ലിക്കേഷനുകളുടെ വികസനത്തിനും പുതിയ തീരുമാനം നേട്ടമാകുമെന്നാണ് കരുതപ്പെടുന്നത്.

  ഇലക്ട്രിക് വാഹന വിപണിയിലേക്ക് വിന്‍ഫാസ്റ്റ്

എസ്‌സിഎയുമായുള്ള ഈ കരാറിലൂടെ ക്രിപ്‌റ്റോ ആസ്തികള്‍ക്കുള്ള നിലവിലെ ലൈസന്‍സ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഡിഎംസിസിക്ക് കഴിയുമെന്ന് ഡിഎംസിസി ചീഫ് എക്‌സിക്യുട്ടീവ് അഹമ്മദ് ബിന്‍ സുലെയം പറഞ്ഞു. ലോകോത്തര നിലവാരത്തിലുള്ള ബ്ലോക്ക്‌ചെയിന്‍, ക്രിപ്‌റ്റോഗ്രാഫിക് സാങ്കേതികവിദ്യകള്‍ക്കായുള്ള ആവാസവ്യവസ്ഥ ദുബായില്‍ ആരംഭിക്കുന്നതിന് 2020 തുടക്കത്തില്‍ സ്വിസ് സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സിവി വിസി, സിവി ലാബ്‌സുമായി ഡിഎംസിസി കരാറില്‍ ഒപ്പുവെച്ചിരുന്നു. ക്രിപ്‌റ്റോ രംഗത്തെ ഭാവി പങ്കാളിത്തങ്ങള്‍ക്ക് ഈ കരാര്‍ അടിത്തറയാകുമെന്നും ഡിഎംസിസിയുടെ ക്രിപ്‌റ്റോ സെന്റര്‍ ആരംഭിക്കുന്നതില്‍ സുപ്രധാന ചുവടുവെപ്പാണിതെന്നും സുലെയം പറഞ്ഞു.

  ഇലക്ട്രിക് വാഹന വിപണിയിലേക്ക് വിന്‍ഫാസ്റ്റ്

ക്രിപ്‌റ്റോ, ബ്ലോക്ക്‌ചെയിന്‍ രംഗത്ത് ഡിഎംസിസിയുടെ വികസ പദ്ധതികള്‍ തുടരുമെന്നതിനാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസുകള്‍ക്ക് വളരെ എളുപ്പത്തില്‍ ദുബായില്‍ ഓഫീസ് ആരംഭിക്കാനും പ്രവര്‍ത്തനം തുടങ്ങാനും സാധിക്കുമെന്ന് സുലെയം അവകാശപ്പെട്ടു. എസ്‌സിഎയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് കൊണ്ട് ദുബായിയെ ക്രിപ്‌റ്റോ വിപണിയുടെ കേന്ദ്രീകൃത നിയന്ത്രണ കേന്ദ്രമാക്കി മാറ്റുമെന്നും സുലെയം പറഞ്ഞു.

Maintained By : Studio3