ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് : വര്‍ക്ക് ഫ്രം ഹോമും ഓണ്‍ലൈന്‍ ക്ലാസുകളും നേത്ര, കര്‍ണ ആരോഗ്യത്തെ ബാധിക്കുന്നു
1 min readകോവിഡ്-19 പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷം കാഴ്ച, കേള്‍വി പ്രശ്‌നങ്ങള്‍ക്കായി ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചതായി ഗുഡ്ഗാവില്‍ നിന്നുള്ള ഡോക്ടര്‍മാര്‍
ഗുഡ്ഗാവ്: കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലുള്ള ഓണ്‍ലൈന്‍ ക്ലാസുകളും വര്‍ക്ക് ഫ്രം ഹോമും കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ കാഴ്ച, കേള്‍വി പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നുവെന്ന് ഗുഡ്ഗാവില്‍ നിന്നുള്ള ഡോക്ടര്‍മാര്‍. ഇയര്‍ഫോണ്‍, മൊബീല്‍ ഫോണ്‍, ലാപ്പ്‌ടോപ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കാന്‍ സാധിക്കാത്തവരില്‍ ഭാവിയില്‍ കാഴ്ച, കേള്‍വി പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്.
അതേസമയം ഗുഡ്ഗാവില്‍ ജനങ്ങള്‍ കൂടുതലായി കേള്‍വി പ്രശ്‌നങ്ങള്‍ പരാതിപ്പെടാനുള്ള കാരണം ഒരുപക്ഷേ അവിടുത്തെ ശബ്ദ മലിനീകരണം മൂലമായിരിക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. എന്നാല്‍ ഈ വസ്തുത ഒഴിച്ച് നിര്‍ത്തിയാല്‍ പൊതുവെ ജീവിതശൈലിയില്‍ ഉണ്ടായ മാറ്റം പ്രായാധിക്യത്തേക്കാളേറെ കാഴ്ച, കേള്‍വി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
കോവിഡ്-19 പകര്‍ച്ചവ്യാധി ആരംഭിക്കുന്നതിന് മുമ്പ് വളരെ കുറച്ച് രോഗികള്‍ മാത്രമാണ് കേള്‍വി പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി ആശുപത്രികളില്‍ എത്തിയിരുന്നത്. എന്നാല്‍ പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷം ഇവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. കാഴ്ചാപ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. വലിയ തോതിലുള്ള ഹെഡ്‌ഫോണ്‍, മൊബീല്‍, ലാപ്പ്‌ടോപ്പ് ഉപയോഗമാണ് സമീപകാലത്തായി ഇത്തരം പരാതികള്‍ കൂടാനുള്ള പ്രധാന കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നിരന്തരമായി ഉയര്‍ന്ന ശബ്ദത്തില്‍ ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നതും മൊബീല്‍, ലാപ്പ്‌ടോപ്പുകള്‍ ഉപയോഗിക്കുന്നതും കാഴ്ചയും കേള്‍വിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ വഷളാക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.
120 ഡെസിബെല്‍ തീവ്രതയുള്ള ശബ്ദങ്ങള്‍ ചെവിക്ക് ഹാനികരമാണ്. 140 സെഡിബെല്‍ തീവ്രതയുള്ള ശബ്ദങ്ങള്‍ കര്‍ണങ്ങള്‍ക്ക് സ്ഥായിയായ തകരാറുകള്‍ സൃഷ്ടിക്കും.100 ഡെസിബെല്ലിന് മുകളിലുള്ള ശബ്ദങ്ങള്‍ ശാരീരിക, മാനസിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മുതിര്‍ന്നവര്‍ ഹെഡ്‌ഫോണുകളുടെ ശബ്ദപരിധി നിയന്ത്രിച്ച് അമിതശബ്ദം ചെവിയിലെത്തുന്നത് തടയാറുണ്ടെങ്കിലും ഇതറിയാത്തത് കൊണ്ടോ അല്ലെങ്കില്‍ മനഃപ്പൂര്‍വ്വം വേണ്ടെന്ന് വെക്കുന്നത് കൊണ്ടോ കുട്ടികള്‍ ഉയര്‍ന്ന ശബ്ദത്തില്‍ തന്നെയാണ് ഹെഡ്‌ഫോണുകള്‍ ഉപയോഗിക്കുന്നത്. ഇത് ചെറിയ പ്രായത്തില്‍ തന്നെ കേള്‍വി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.
നിരവധിയാളുകള്‍ തുടര്‍ച്ചയായി എട്ട് മണിക്കൂറിലധികം ഹെഡ്‌ഫോണും ലാപ്പ്‌ടോപ്പും ഉപയോഗിക്കുന്നുണ്ട്. ഇത് ചെവിയ്ക്ക് വലിയ രീതിയിലുള്ള സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. മാത്രമല്ല അണുവിമുക്തമാക്കാത്ത ഹെഡ്‌ഫോണുകളുടെ ഇയര്‍ ബഡുകളും ഇയര്‍ പ്ലഗുകളും ചെവിക്കുള്ളിലെ അണുബാധയ്ക്ക് കാരണമാകുമെന്നും ഇഎന്‍ടി വിദഗ്ധര്‍ പറയുന്നു. തുടര്‍ച്ചയായി ഹെഡ്‌ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ഇടയ്ക്കിടയ്ക്ക് ഇവ ഊരിവെച്ച് ചെവിക്ക് വിശ്രമം നല്‍കണമെന്നും കാറ്റ് കടക്കാന്‍ അനുവദിക്കണമെന്നും ഇവര്‍ നിര്‍ദ്ദേശിക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഹെഡ് ഫോണുകള്‍ ഒട്ടും തന്നെ ഉപയോഗിക്കരുതെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി ലാപ്‌ടോപ്പോ കംപ്യൂട്ടറോ ഉപയോഗിക്കുന്ന കുട്ടികള്‍ മറ്റ് ശബ്ദസഹായികളെ ആശ്രയിക്കേണ്ടതില്ലെന്നും അത്തരം ഉപകരണങ്ങളിലെ ശബ്ദസംവിധാനങ്ങള്‍ തന്നെ ഉപയോഗിച്ചാല്‍ മതിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.