നാഗരിക ഡിസൈനിന്‍റെ കാര്യത്തിൽ ഗൗരവപൂർണമായ സമീപനം വേണം
![](https://futurekerala.in/wp-content/uploads/2021/06/Future-Kerala-LIC-Housing-Finance-plans-to-raise-about-Rs-2334.69-crore.jpg)
കൊച്ചി: ഇന്ത്യയുടെ ഡിസൈന്‍ ഹബ്ബാകാന്‍ കൊച്ചിയ്ക്ക് ഏറെ സാധ്യതയുണ്ടെന്ന് വേള്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുഡിഒ) പ്രസിഡന്‍റ് ഡോ. തോമസ് ഗാര്‍വേ പറഞ്ഞു. കൊച്ചിയില്‍ ഇന്‍സൈറ്റ് സെന്‍റര്‍ ഫോര്‍ ഡിസൈന്‍ ടെക്നോളജി ആന്‍ഡ് ക്രിയേറ്റീവ് ആര്‍്ട്ട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ആദ്യമായിട്ടാണ് കേരളം സന്ദര്‍ശിക്കുന്നതെന്ന് പറഞ്ഞ ഡോ. ഗാര്‍വേ, കേരളത്തിലെ ഡിസൈന്‍ മേഖലയിലെ വിദ്യാര്‍ത്ഥികളും പ്രൊഫഷണലുകളുമായി നടത്തിയ ആശയവിനിമയം ഏറെ ആവേശജനകമായിരുന്നുവെന്ന് വ്യക്തമാക്കി. മികച്ച ആശയങ്ങളും വിജ്ഞാനദായകമായ സംവിധാനങ്ങളും ഇവിടുത്തെ ഡിസൈന്‍ മേഖലയ്ക്കുണ്ട്. ഇന്‍സൈറ്റ് സെന്‍റര്‍ പോലുള്ള സ്ഥാപനങ്ങള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഡിസൈന്‍ സമൂഹത്തിനും വേള്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷന്‍റെ എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. വന്‍കിട നഗരങ്ങളെ അപേക്ഷിച്ച് ഡിസൈന്‍ പ്രതിഭ കൊച്ചിയില്‍ ധാരാളമുണ്ട്. ഇതുപയോഗപ്പെടുത്തിയാല്‍ രാജ്യത്തിന്‍റ ഡിസൈന്‍ ഹബ്ബായി കൊച്ചി മാറുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ആഗോള ക്രിയേറ്റീവ് കമ്പനികള്‍ക്ക് നിക്ഷേപം നടത്താനും പ്രവര്‍ത്തനം വ്യാപിപ്പിക്കാനുമുള്ള എല്ലാ സാധ്യതയുമുണ്ട്. നാഗരിക ഡിസൈനിന്‍റെ വിഷയത്തില്‍ കുറെക്കൂടി ഗൗരവമായ സമീപനം രാജ്യത്തെ നഗര ഭരണകര്‍ത്താക്കള്‍ കാണിക്കേണ്ടതുണ്ട്. എല്ലാ നഗരങ്ങള്‍ക്കും ചീഫ് ഡിസൈന്‍ ഓഫീസര്‍മാര്‍ വേണം. ഓരോ ചെറിയ നിര്‍മ്മാണ പ്രവൃത്തി പോലും ഡിസൈന്‍ മാനദണ്ഡങ്ങളനുസരിച്ചായിരിക്കണം ചെയ്യേണ്ടത്. പൈതൃക സ്വത്തുക്കളെ മികച്ച രീതിയില്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേള്‍ഡ് ഡിസൈന്‍ കോണ്‍ഗ്രസ് പോലുള്ള അന്താരാഷ്ട്ര ഉച്ചകോടികള്‍ സംഘടിപ്പിക്കുന്നതിന് ഇന്ത്യ ശ്രമിക്കേണ്ടിയിരിക്കുന്നു. ഒളിമ്പിക്സ് പോലെ രാജ്യങ്ങള്‍ മത്സരിച്ചാണ് വേദികള്‍ സ്വന്തമാക്കുന്നത്. അതിനായുള്ള പരിശ്രമം രാജ്യത്തെ ഏതെങ്കിലും നഗരം മുന്‍കയ്യെടുത്ത് നടത്തണം. കൊച്ചി പോലുള്ള നഗരങ്ങള്‍ ഡിസൈന്‍ ആശയത്തില്‍ ഒളിഞ്ഞിരിക്കുന്ന രത്നങ്ങളാണെന്ന് ഡോ. ഗാര്‍വി പറഞ്ഞു. ഇത്തരം നഗരങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്താന്‍ വേള്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷന്‍ പരിശ്രമിക്കുന്നുണ്ട്. വ്യക്തമായ തയ്യാറെടുപ്പുകളോടെ മുന്നോട്ടു വന്നാല്‍ ഉദ്യമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും വേള്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വിവിധ ഡിസൈന്‍ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍, ഡിസൈന്‍ മേഖലയിലെ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, പ്രൊഫഷണല്‍ ഡിസൈനര്‍മാര്‍, മേക്കര്‍ വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകള്‍, തുടങ്ങിയവര്‍ ഡോ. തോമസ് ഗാര്‍വേയുമായി സംവദിച്ചു. ഇന്‍സൈറ്റ് സെന്‍റര്‍ ഫോര്‍ ഡിസൈന്‍ ടെക്നോളജി ആന്‍ഡ് ക്രിയേറ്റീവ് ആര്‍ട്ട് ചെയര്‍മാന്‍ രാഹുല്‍ ആര്‍ (ഐആര്‍എസ്), കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ പ്രിന്‍സിപ്പല്‍ മനോജ് കിണി തുടങ്ങിയവര്‍ സംബന്ധിച്ചു.