ദമകിന് 2020ല്‍ 1 ബില്യണ്‍ ദിര്‍ഹം നഷ്ടം; മൊത്തത്തിലുള്ള വരുമാനം 4.7 ബില്യണ്‍ ദിര്‍ഹം
വിപണി പച്ച പിടിക്കാന്‍ 2 വര്‍ഷമെങ്കിലും എടുക്കുമെന്ന് ദമക് പ്രോപ്പര്‍ട്ടീസ് മേധാവ് ഹുസ്സൈന്‍ സജ്‌വാനി
ദുബായ്: ദുബായിലെ പ്രമുഖ കെട്ടിട നിര്‍മാതാക്കളായ ദമക് പ്രോപ്പര്‍ട്ടീസ് കഴിഞ്ഞ വര്‍ഷം 1.04 ബില്യണ്‍ ദിര്‍ഹം നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 37 ദശലക്ഷം ദിര്‍ഹം നഷ്ടമുണ്ടായിരുന്ന സ്ഥാനത്താണിത്. 4.7 ബില്യണ്‍ ദിര്‍ഹമാണ് ദമക് 2020ലെ മൊത്തത്തിലുള്ള വരുമാനമായി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 4.4 ബില്യണ്‍ ദിര്‍ഹമായിരുന്നു.
അതേസമയം മുന്‍കൂട്ടിയുള്ള ബുക്കിംഗുകളില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ 3.1 ബില്യണ്‍ ദിര്‍ഹത്തില്‍ നിന്നും 2.3 ബില്യണ്‍ ദിര്‍ഹമായി കുറഞ്ഞു. മൊത്തത്തിലുള്ള ആസ്തികള്‍ 23.8 ബില്യണ്‍ ദിര്‍ഹത്തില്‍ നിന്നും 21.1 ബില്യണ്‍ ദിര്‍ഹമായി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് ദമകിന് ആകെ 3.2 ബില്യണ്‍ ദിര്‍ഹം കടബാധ്യതയാണുള്ളത്.
അകോയ, ബിസിനസ് ബേ ഡെവലപ്‌മെന്റ്‌സ് എന്നിവയിലായി കഴിഞ്ഞ വര്‍ഷം 3,000 യൂണിറ്റുകളാണ് ദമക് ഉടമസ്ഥര്‍ക്ക് കൈമാറിയത്. മൊത്തത്തില്‍ 32,000 യൂണിറ്റുകളുടെ ഡെലിവറിയെന്ന നേട്ടവും കഴിഞ്ഞ വര്‍ഷം ദമക് സ്വന്തമാക്കി. ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തിയ വര്‍ഷമായിരുന്നു 2020 എന്നും ട്രാവല്‍, ടൂറിസം മേഖലകളാണ് പകര്‍ച്ചവ്യാധിക്കാലത്ത് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടതെന്നും ദമക് ചെയര്‍മാന്‍ ഹുസ്സൈന്‍ സജ്‌വാനി പറഞ്ഞു. ദമക് സാമ്പത്തികമായുള്ള തിരിച്ചുവരവിന്റെ പാതയിലാണെങ്കിലും റിയല്‍ എസ്‌റ്റേറ്റ് മേഖലയുടെ മൊത്തത്തിലുള്ള തിരിച്ചുവരവിന് ചുരുങ്ങിത് 12 മുതല്‍ 24 മാസമെങ്കിലും എടുക്കുമെന്നും സജ്‌വാനി അഭിപ്രായപ്പെട്ടു.