September 18, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

1 min read

കൊച്ചി:ഡ്രെഡ്ജിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്കായി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജറിനുള്ള കീല്‍ ഇട്ടു. കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഓണ്‍ലൈനായാണ് കീല്‍ സ്ഥാപിച്ചത്. ഡ്രെഡ്ജിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിനായാണ് 12,000 ക്യുബിക് മീറ്റര്‍ ഹോപ്പര്‍ കപ്പാസിറ്റിയുള്ള ഡിസിഐ ഡ്രെഡ്ജ് ഗോദാവരി എന്ന പേരിട്ടിരിക്കുന്ന ട്രെയിലിംഗ് സക്ഷന്‍ ഹോപ്പര്‍ ഡ്രെഡ്ജര്‍ (ടിഎസ്എച്ച്ഡി) നിര്‍മിക്കുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയുടെ നാവിക ശേഷിയുടെ സുപ്രധാന നാഴിക്കല്ലായി മാറും. ഇന്ത്യ ഗവണ്‍മെന്റിന്റെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായുള്ള ആത്മനിര്‍ഭര്‍ ഭാരത്’ സംരംഭത്തിന് കീഴിലുള്ള ഒരു പ്രധാന ചുവടുവെയ്പ്പാണ്. ഡിസിഐ ഡ്രെഡ്ജ് ഗോദാവരി ഡിസൈനിലും നിര്‍മ്മാണത്തിലും പ്രമുഖരായ നെതര്‍ലാന്‍ഡ്സിലെ റോയല്‍ ഐച്ച്‌സി യുടെ സഹകരണത്തോടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. കമ്മീഷന്‍ ചെയ്തുകഴിഞ്ഞാല്‍, ഈ ഡ്രെഡ്ജര്‍ ഇന്ത്യയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും സാങ്കേതികമായി നൂതനമായ ഡ്രെഡ്ജര്‍ ആയിരിക്കും. ഏറ്റവും വലിയ ഇന്ത്യന്‍ ഡ്രെഡ്ജിംഗ് കമ്പനിയായ എംഎസ് ഡിസിഐ (M/s DCI) യുടെ ശേഷി ഈ കപ്പല്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കും, അതുവഴി മാരിടൈം ഇന്ത്യ വിഷന്‍ (MIV-2030) പ്രകാരം വിഭാവനം ചെയ്തിട്ടുള്ള ഇന്ത്യയിലെ എല്ലാ പ്രധാന തുറമുഖങ്ങളുടെയും ശേഷി വര്‍ദ്ധിപ്പിക്കാനും സാധിക്കും. ഇന്ത്യയുടെ ഡ്രെഡ്ജിംഗ് ശേഷി വര്‍ധിക്കുന്നതോടെ തീരദേശ, ഉള്‍നാടന്‍ ഷിപ്പിംഗ് വിപണിയുടെ വളര്‍ച്ചയ്ക്കും പിന്തുണ ലഭിക്കും.
127 മീറ്റര്‍ നീളവും 28 മീറ്റര്‍ വീതിയുമാണ് കപ്പലിനുള്ളത്. നെതര്‍ലാന്‍ഡ്സിലെ റോയല്‍ ഐഎച്ച്സിയുടെ ആഗോളതലത്തില്‍ പ്രശംസ നേടിയ ‘ബീഗിള്‍’ പ്ലാറ്റ്ഫോമിന് കീഴിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയുടെ എല്ലാ തുറമുഖ – ജലഗതാഗത വികസന ആവശ്യങ്ങളും നിറവേറ്റുന്ന വിധമാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. രാജ്യത്തിന്റെ തുറമുഖ വികസന പ്രവര്‍ത്തനങ്ങളില്‍ ഇത് നിര്‍ണായകമാകും.
ചടങ്ങില്‍ ഇന്ത്യയിലെ നെതര്‍ലാന്‍ഡ്സ് അംബാസഡര്‍, മരിസ ജെറാര്‍ഡ്സ്, വിപിഎ ആന്‍ഡ് ഡിസിഐ ചെയര്‍പേഴ്‌സണ്‍ ഡോ. എം. അംഗമുത്തു, ഡിസിഐ എംഡി ദുര്‍ഗേഷ്‌കുമാര്‍, കൊച്ചി കപ്പല്‍ശാല സിഎംഡി മധു എസ് നായര്‍, റോയല്‍ നെതര്‍ലന്‍ഡ്‌സ് എംബസി സാമ്പത്തിക ഉപദേഷ്ടാവ് ബേണ്‍ഡ് ഷോള്‍ട്‌സ്, കൊച്ചി കപ്പല്‍ശാല ഫിനാന്‍സ് ഡയറക്ടര്‍ ജോസ് വി ജെ, കൊച്ചി കപ്പല്‍ശാല ഡയറക്ടര്‍ ഓപ്പറേഷന്‍സ് ശ്രീജിത്ത് കെ എന്‍, കൊച്ചി കപ്പല്‍ശാല ക്യാപ്റ്റന്‍ കെ എം ചൗധരി, ജനറല്‍ മാനേജര്‍ (ബിഡി) ഡിസിഐ റോജിയര്‍ കാലിസ്, റോയല്‍ ഐഎച്ച്സി നെതര്‍ലാന്‍ഡ്സ് ഡയറക്ടര്‍ കൂടാതെ കൊച്ചി കപ്പല്‍ശാല ഉദ്യോഗസ്ഥര്‍, ഡിസിഐ, റോയല്‍ ഐഎച്ച്സി നെതര്‍ലന്‍ഡ്സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥര്‍, പോര്‍ട്ട് ട്രസ്റ്റും മറ്റ് ഓഹരി ഉടമകളും പങ്കെടുത്തു.

  ആക്സിസ് ബാങ്ക് വെല്‍ത്ത് മാനേജ്മെന്‍റ് സേവനം വ്യാപിപ്പിക്കുന്നു
Maintained By : Studio3