സിഎസ്ബി ബാങ്കിന് 118.57 കോടി രൂപ അറ്റാദായം
കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം ത്രൈമാസത്തിൽ സിഎസ്ബി ബാങ്ക് 118.57 കോടി രൂപ അറ്റാദായമുണ്ടാക്കി. മുൻവർഷം ഇതേ കാലയളവിലെ അറ്റാദായമായ 68.90 കോടി രൂപയെ അപേക്ഷിച്ച് 72 ശതമാനം വർധനവാണിത്. അർധ വാർഷികാടിസ്ഥാനത്തിൽ 47 ശതമാനം വർധനവോടെ 179.57 കോടി രൂപയുടെ അറ്റാദായവും സിഎസ്ബി ബാങ്ക് കൈവരിച്ചിട്ടുണ്ട്. സെപ്റ്റംബർ 30–ന് അവസാനിച്ച അർധവാർഷികത്തിൽ 36 ശതമാനം വർധനവോടെ 324.12 കോടി രൂപയുടെ പ്രവർത്തന ലാഭവും കൈവരിച്ചിട്ടുണ്ട്.
നടപ്പു വർഷത്തിലെ രണ്ടാം ത്രൈമാസത്തിൽ 2.63 ശതമാനമാണ് ബാങ്കിന്‍റെ അറ്റ എൻപിഎ. ബാങ്കിന്‍റെ ആകെ നിക്ഷേപം 9.12 ശതമാനം വർധിച്ചതായും അറ്റ വായ്പകൾ 12.22 ശതമാനം വർധിച്ചതായും ബാങ്കിന്‍റെ സാമ്പത്തിക ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു. സമ്പദ്ഘടന പ്രതീക്ഷാ നിർഭരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും എല്ലാ മേഖലയിലുമുള്ളവരുടെ സംയോജിതമായ ശ്രമങ്ങളിലൂടെ കോവിഡിനെ സാധാരണ നിലയിലേക്ക് എത്തിക്കാൻ സഹായിച്ചിട്ടുണ്ടെന്നും പ്രവർത്തന ഫലങ്ങളെ കുറിച്ചു പ്രതികരിക്കവെ മാനേജിങ് ഡയറക്ടറും സിഇഒയുമായ സി വിആർ രാജേന്ദ്രൻ പറഞ്ഞു. വരുന്ന ഉൽസവ കാലത്തോടെ സ്ഥിതിഗതികൾ കൂടുതൽ മെച്ചപ്പെടും. സിഎസ്ബി ബാങ്കിന് ഒന്നാം ത്രൈമാസത്തേക്കാൾ മികച്ച നിലയാണ് രണ്ടാം ത്രൈമാസത്തിൽ കൈവരിക്കാനായിട്ടുള്ളത്. സേവനങ്ങളുടേയും പ്രക്രിയകളുടേയും കാര്യത്തിൽ നടപ്പാക്കി കഴിഞ്ഞതും ഇനിയും നടപ്പാക്കാൻ ഉദ്ദേശിക്കുന്നതുമായവ റീട്ടെയിൽ മേഖലയിൽ കൂടുതൽ മെച്ചപ്പെട്ട പങ്കു നേടിയെടുക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.