സി ആർ പി എഫ് വനിതാ മോട്ടോർ റാലി
തിരുവനന്തപുരം : രാജ്യത്ത് ജനങ്ങളിൽ ദേശീയോദ്‌ഗ്രഥനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി സി ആർ പി എഫ് സംഘടിപ്പിക്കുന്ന വനിതാ ഉദ്യോഗസ്ഥരുടെ മോട്ടോർ സൈക്കിൾ റാലിക്ക് തിരുവനന്തപുരം പള്ളിപ്പുറം സി ആർ പി എഫ് ഗ്രൂപ്പ് സെന്ററിൽ സ്വീകരണം നൽകി. തിരുവനന്തപുരം റേഞ്ച്
ഡി ഐ ജി. ആർ നിശാന്തിനി, മുൻ ഡി ജി പി. ബി സന്ധ്യ തുടങ്ങിയവർ ചേർന്ന് റാലി ഫ്ലാഗ് ഇൻ ചെയ്തു. സി ആർ പി എഫ് ഡെപ്യൂട്ടി കമാൻഡന്റ് സിന്ധുവിന്റെ നേതൃത്വത്തിൽ 50 അംഗ സംഘമാണ് 25 ബൈക്കുകളിലായി കന്യാകുമാരിയിൽ നിന്ന് പള്ളിപ്പുറത്തെത്തിയത്. 97 കിലോമീറ്റർ ദൂരം 3 മണിക്കൂർ കൊണ്ട് ഇവർ സഞ്ചരിച്ചു. സംഘത്തിൽ 8 പേർ മലയാളികളാണ്. ദക്ഷിണ മേഖലയുടെ ഭാഗമായ റാലി കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ സഹമന്ത്രി ശ്രീ. എ. നാരായണ സ്വാമി രാവിലെ കന്യാകുമാരിയിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു.
നാരീശക്തി വിളിച്ചോതുന്ന സി ആർ പി എഫ് വനിതാ ഉദ്യോഗസ്ഥരുടെ ബൈക്ക് റാലി യുവ തലമുറയ്ക്ക് പ്രചോദനമാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന മുൻ ഡി ജി പി, ബി. സന്ധ്യ പറഞ്ഞു. ബൈക്ക് റാലിയിൽ പങ്കെടുക്കുന്ന രാജ്യത്തിന്റെ നാനാ ഭാഗത്ത് നിന്നുള്ള ഉദ്യോഗസ്ഥർ ഇന്ത്യയുടെ ചെറു പതിപ്പാണെന്നും ശ്രീമതി. ബി സന്ധ്യ പറഞ്ഞു. സി ആർ പി എഫ് പള്ളിപ്പുറം ഗ്രൂപ്പ് സെന്റർ, ഡി ഐ ജി വിനോദ് കാർത്തിക്, ഗ്രൂപ്പ് സെന്റർ കമാൻഡന്റ് രാജേഷ് യാദവ് തുടങ്ങിയവർ സന്നിഹിതനായിരുന്നു.
2023 ഒക്ടോബർ 07 (ശനിയാഴ്ച) രാവിലെ 06:30ന് പള്ളിപ്പുറം സി ആർ പി എഫ് ഗ്രൂപ്പ് സെന്ററിൽ നിന്ന് മധുരയിലേക്ക് പുറപ്പെടുന്ന റാലി ഒളിമ്പ്യൻ ശ്രീമതി ഓമന കുമാരി ഫ്ലാഗ് ഓഫ് ചെയ്യും. രാഷ്‌ട്രീയ ഏക്താ ദിവസിന്റെ ഭാഗമായി ഒക്ടോബർ 05 മുതൽ 31 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുന്ന തരത്തിലാണ് സി ആർ പി എഫിലെ വനിതാ ഉദ്യോഗസ്ഥരുടെ റാലി സംഘടിപ്പിക്കുന്നത്.