November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൊറോണ വ്യാപനം കുറയുമ്പോള്‍ ഖജുരാഹോ ചിലങ്കയണിയുന്നു

1 min read

ഭോപ്പാല്‍: രാജ്യത്ത് കൊറോണ വൈറസ് പ്രതിസന്ധി ക്രമേണ അടങ്ങുകയാണ്. ഈ സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളിലും സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് തിരശീല ഉയരുകയാണ്. മധ്യപ്രദേശിലെ പ്രശസ്തമായ ഖജുരാഹോ, മാണ്ടു നൃത്തോത്സവങ്ങള്‍ ഇതിനുദാഹരണമാണ്. മാണ്ടു നൃത്തോത്സവം ഈ മാസം 13നും 14നും നടക്കും. ലോകപ്രശസ്ത ക്ഷേത്രനഗരവും വിനോദ സഞ്ചാര കേന്ദ്രവുമായ ഖജുരാഹോയിലെ നൃത്തോത്സവം ഈ മാസം 20മുതല്‍ 26വരെയാണ്.

ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തശൈലികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ദേശീയവും അന്തര്‍ദേശീയവുമായ പ്രശസ്തി നേടിയ മേളയാണിത്. സംസ്ഥാന സര്‍ക്കാരും ടൂറിസം ബോര്‍ഡും ചേര്‍ന്നാണ് രണ്ട് ഉത്സവങ്ങളും സംഘടിപ്പിക്കുന്നത്. കോവിഡ് -19 മഹാമാരി പോലുള്ള ദുഷ്കരമായ സമയത്ത് അതിന്‍റെ ഭയാനകമായ ഓര്‍മകളില്‍നിന്നും പുറത്തുവരാന്‍ ഇതുപോലെയുള്ള സാംസ്കാരിക ഉത്സവങ്ങള്‍ക്ക് ഒരു പരിധിവരെ കഴിയുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി ഉഷാ താക്കൂര്‍ അഭിപ്രായപ്പെട്ടു. ഈ ഉത്സവങ്ങളുടെ ഭാഗമാകാന്‍ എല്ലാ വിനോദ സഞ്ചാരികളെയും മന്ത്രി ക്ഷണിച്ചു.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

പുരാതന നഗരമായ മാണ്ടുവില്‍ നടക്കുന്ന മേളയില്‍ ചരിത്ര നഗരത്തിന്‍റെ രസകരമായ നിരവധി പ്രാധാന്യങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംസ്ഥാന സാംസ്കാരിക ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശേഖര്‍ ശുക്ല പറഞ്ഞു. ‘കബീര്‍ കഫെ’, സ്വതന്ത്ര മ്യൂസിക് ബാന്‍ഡുകള്‍, പ്രാദേശിക കലാകാരന്മാര്‍ എന്നിവരും മേളയില്‍ കലാപരിപാടികള്‍ അവതരിപ്പിക്കും.

ഖജുരാഹോ നൃത്തോത്സവത്തിന്‍റെ സംഘാടകര്‍ ഭോപ്പാലിലെ ഉസ്താദ് അലാവുദ്ദീന്‍ ഖാന്‍ സംഗീത & കലാ അക്കാദമിയാണ്. മേളയില്‍ നൃത്തരംഗത്ത് പ്രതിഭ തെളിയിച്ച രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പ്രശസ്തരായവര്‍ വ്യത്യസ്ത പരിപാടികളിലൂടെ പ്രേക്ഷകരെ ആകര്‍ഷിക്കും. ഇതുകൂടാതെ യോഗ, ധ്യാനം, പ്രകൃതിചികിത്സ തുടങ്ങിയവയിലൂടെ ‘വെല്‍നസ് ആന്‍റ് മൈന്‍ഡ്ഫുള്‍ ടൂറിസത്തിന്‍റെ’ കേന്ദ്രമായി സംസ്ഥാനത്തെ വികസിപ്പിക്കുന്നതിന് നിരന്തരമായ ശ്രമങ്ങള്‍ നടക്കുകയാണ്. ‘ആസ് പാസ് ടൂറിസം’ എന്ന ആശയത്തില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ഹ്രസ്വകാല ടൂര്‍ പദ്ധതികളും മധ്യപ്രദേശ് ആവിഷ്കരിച്ചിട്ടുണ്ട്.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി
Maintained By : Studio3