സിബിള്‍ സ്കോറും റിപ്പോര്‍ട്ടും പരിശോധിക്കുന്നവരുടെ എണ്ണം 51 ശതമാനം വര്‍ധിച്ചു
കൊച്ചി: നൂറു ദശലക്ഷത്തിലേറെ ഇന്ത്യക്കാര്‍ തങ്ങളുടെ സിബില്‍ സ്കോറും റിപ്പോര്‍ട്ടും പരിശോധിച്ചതായി 2024 മാര്‍ച്ചിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ സ്വന്തം സിബിള്‍ സ്കോറും റിപ്പോര്‍ട്ടും പരിശോധിക്കുന്നവരുടെ എണ്ണം 51 ശതമാനം വര്‍ധിച്ചതായാണ് 2023-24 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മെട്രോ ഇതര നഗരങ്ങളില്‍ സ്വയം നിരീക്ഷണം നടത്തുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ 57 ശതമാനം വര്‍ധനവാണ് ഉണ്ടായത്. മെട്രോ മേഖലകളില്‍ 33 ശതമാനം വര്‍ധനവും ഉണ്ടായി. 2024 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം വാണിജ്യ സ്ഥാപനങ്ങള്‍ ആദ്യമായ തങ്ങളുടെ കമ്പനി ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ട്രാന്‍സ് യൂണിയന്‍ സിബില്‍ പുറത്തിറക്കിയ എംപവറിങ് ഫിനാന്‍ഷ്യല്‍ ഫ്രീഡം, ദി റൈസ് ഓഫ് ക്രെഡിറ്റ് സെല്‍ഫ് മോണിറ്ററിങ് ഇന്‍ ഇന്ത്യ എന്ന റിപോര്‍ട്ടാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ അവബോധം വര്‍ധിക്കുന്നത് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറയാണു നല്‍കുന്നതെന്ന് റിപ്പോര്‍ട്ടിനെ കുറിച്ചു സംസാരിക്കവെ ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു.