പീഠഭൂമിയില്‍ ഉപയോഗിക്കാവുന്ന യുഎവിയുമായി ചൈന
1 min readന്യൂഡെല്‍ഹി: പീഠഭൂമിയില്‍ പ്രവര്‍ത്തന ശേഷിയുള്ള ഒരു ആളില്ലാ ആകാശ വാഹനം (യുഎവി) ചൈന വികസിപ്പിച്ചെടുത്തതായി റിപ്പോര്‍ട്ട്. കൈലാഷ് പര്‍വതനിരയിലെ ഇന്ത്യയുമായുള്ള യഥാര്‍ത്ഥ നിയന്ത്രണ ലൈനില്‍ ഇത് വിന്യസിക്കാനാണ് ബെയ്ജിംഗിന്‍റെ പദ്ധതിയെന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ പറയുന്നു. ഷാന്‍സിയിലാണ് ഈ യുഎവി വികസിപ്പിച്ചെടുത്തത്. ടിബറ്റ് ഓട്ടോണമസ് റീജിയനിലെ ഗാര്‍ ഗുന്‍സയില്‍ യുഎവി അതിന്‍റെ ആദ്യത്തെ ഫ്ളൈയിംഗ് ആന്‍റ് കണ്‍ട്രോള്‍ ടാസ്ക് പൂര്‍ത്തിയാക്കി.
ഹൈലാന്‍ ഏവിയേഷന്‍ സംഘമാണ് വിമാനം ഏറ്റെടുത്തത്. 4,700 മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള ബാഗ ടൗണ്‍ഷിപ്പില്‍നിന്ന് യുഎവി പുറപ്പെട്ടു. അതിനുശേഷം കൈലാഷ് പര്‍വ്വത പ്രദേശത്ത് പട്രോളിംഗ്, തിരയല്‍ എന്നിവ നടത്തിയതായും പ്രതിരോധവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കൈലാഷ് പര്‍വതനിര ആരംഭിക്കുന്നത് പാങ്കോംഗ് സോ തടാകത്തിന്‍റെ തെക്കന്‍ തീരത്തുനിന്നുമാണ്.
വടക്കുപടിഞ്ഞാറുനിന്നും തെക്കുകിഴക്കായി പോകുന്ന പര്‍വതിനിര 60 കിലേമീറ്ററോളമുണ്ട്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തി തര്‍ക്കം ഉണ്ടായപ്പോള്‍ ഈ പ്രദേശത്തിനായി ഇന്ത്യയും ചൈനയും കൊമ്പുകോര്‍ത്തിരുന്നു. 4,000-5,500 മീറ്റര്‍ വരെ ഉയരമുള്ള പരുക്കനും നിരപ്പില്ലാത്തതുമായ ഭൂപ്രദേശമാണ് കൈലാഷ് റിഡ്ജിന്‍റെ സവിശേഷത. ഗുരുങ് ഹില്‍, സ്പാന്‍ഗുര്‍ ഗ്യാപ്പ്, മുഗര്‍ ഹില്‍, മുഖ്പാരി, ഹെല്‍മെറ്റ് ടോപ്പ്, റെസാങ് ലാ, റെചിന്‍ ലാ എന്നിവ ഈ റിഡ്ജില്‍ ഉള്‍പ്പെടുന്നതാണ്.
കഴിഞ്ഞ വര്‍ഷം, കിഴക്കന്‍ ലഡാക്കിലെ പാങ്കോംഗ് സോയയുടെ വടക്കന്‍ തീരത്തെ അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന്, 2020 ഓഗസ്റ്റ് 29 നും 2020 ഓഗസ്റ്റ് 30 നും രാത്രി കൈലാഷ് പര്‍വതനിര ഏറ്റെടുക്കാന്‍ ചൈന ശ്രമിച്ചിരുന്നു. ഇന്ത്യന്‍ സൈന്യം ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ശ്രമത്തെ പരാജയപ്പെടുത്തി കൈലാഷ് നിരയിലെ മിക്ക കുന്നുകളുടെയും നിയന്ത്രണം ഏറ്റെടുത്തു. സതേണ്‍ ബാങ്ക് ഓഫ് പാങ്കോംഗ് സോ തടാകത്തില്‍ ഇന്ത്യന്‍ സൈനികര്‍ പിഎല്‍എയുടെ ഈ ന്രീക്കം മുന്‍കൂട്ടി തടഞ്ഞു. ഇന്ത്യയുടെ നടപടി വസ്തുതകള്‍ ഏകപക്ഷീയമാക്കാനുള്ള ചൈനീസ് ഉദ്ദേശ്യങ്ങളെ തകര്‍ത്തായി ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.
ഈ വര്‍ഷം ഫെബ്രുവരിയിലാണ്, ഇന്ത്യയും ചൈനയും പാംഗോംഗ് തടാകത്തിന്‍റെ തെക്ക്, വടക്കന്‍ തീരത്ത് ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളില്‍ നിന്ന് പിന്‍മാറ്റം ആരംഭിക്കുന്നത്. നിരവധി തവണ സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ നീക്കമുണ്ടായത്. കരാര്‍ പ്രകാരം ഇന്ത്യന്‍ സൈന്യം പാങ്കോംഗ് തടാകത്തിന്‍റെ തെക്കന്‍ കരയിലെ പര്‍വത കുന്നുകള്‍ ഉപേക്ഷിച്ചു. ചൈന ഫിംഗര്‍ 8 ലേക്ക് പിന്‍മാറി. ഇന്ത്യന്‍ സൈന്യം ഫിംഗര്‍ 2 നും 3 നും ഇടയിലുള്ള ധന്‍ സിംഗ് താപ്പ പോസ്റ്റിലേക്ക് തിരിച്ചുപോയി. അതിനുശേഷം ഇന്ത്യന്‍, ചൈനീസ് സൈന്യം ഹോട്ട് സ്പ്രിംഗ്സ്, ഗോഗ്ര, 900 ചതുരശ്ര കിലോമീറ്റര്‍ ഡെപ്സാങ് സമതലങ്ങള്‍ എന്നിവിടങ്ങളിലെ അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് രണ്ടുതവണ കൂടിക്കാഴ്ച നടത്തി.
ഇതിനിടയില്‍, ചൈന വെസ്റ്റേണ്‍ (ലഡാക്ക്), മധ്യ (ഉത്തരാഖണ്ഡ്, ഹിമാചല്‍), കിഴക്ക് (സിക്കിം, അരുണാചല്‍) എന്നിവിടങ്ങളില്‍ വീണ്ടും പീരങ്കികള്‍, കവചിതവാഹനങ്ങള്‍ എന്നിവ വിന്യസിക്കാന്‍ തുടങ്ങി. അതിനുശേഷം ഇന്ത്യന്‍ സേനയും അതിര്‍ത്തിയില്‍ നിതാന്ത ജാഗ്രതയിലാണ്. എ ല്‍എസിയിലെ ചൈനീസ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൂക്ഷ്മ നിരീക്ഷണം നടത്തുന്നുമുണ്ട്. ഇപ്പാള്‍ ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ബെയജിംഗിന്‍റെ പെട്രോളിംഗും തരച്ചിലും എല്ലാം സൂചിപ്പിക്കുന്നത് അവര്‍ ലഡാക്കിനെ ഉപേക്ഷിച്ചിട്ടില്ല എന്നാണ്. അതിര്‍ത്തിയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ ഏറ്റുമുട്ടല്‍ അവര്‍ക്ക് നാണക്കേട് ഉണ്ടാക്കിയതാണ്.
അനായാസം കിഴക്കന്‍ ലഡാക്കില്‍ കടന്നുകയറാമെന്ന ചൈനയുടെ ധാര്‍ഷ്ട്യത്തിനേറ്റ പ്രവഹരമായിരുന്നു ഇന്ത്യയുടെ തിരിച്ചടി. കൂടാതെ അന്താരാഷ്ട്രതലത്തില്‍ ബെയ്ജിംഗിന് ഈ നടപടിമൂലം കനത്ത എതിര്‍പ്പുകള്‍ നേരിടേണ്ടിവരികയും ചെയ്തു. ഇന്ത്യയുമായുള്ള വ്യാപാരവും ഏതാണ്ട് നിലച്ച മട്ടാണ്. ലഡാക്കിലെ കടന്നുകയറ്റം ബെയ്ജിംഗിന് സാമ്പത്തികമായും സാങ്കേതികമായും തിരിച്ചടിയായി മാറിയിരുന്നു.