ഡിഎംകെ നേതാവ് എംകെ സ്റ്റാലിനെ പരിഹസിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി.
ചെന്നൈ: ഡിഎംകെ നേതാവ് എംകെ സ്റ്റാലിനെ പരിഹസിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ‘പിതാവ് പരേതനായ കരുണാനിധി പോലും സ്റ്റാലിനെ വിശ്വസിച്ചിരുന്നില്ല. പിന്നെ എങ്ങനെ സംസ്ഥാനത്തെ ജനങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കും?’ മുഖ്യമന്ത്രി ചോദിക്കുന്നു. അസുഖം ബാധിച്ചിരുന്ന അവസാന രണ്ട് വര്‍ഷങ്ങളില്‍പോലും അദ്ദേഹം പാര്‍ട്ടിനേതൃത്വം സ്റ്റാലിന് കൈമാറിയില്ല. അദ്ദേഹത്തിന് മകനില്‍ വിശ്വാസമില്ലായിരുന്നു. അങ്ങനൊരു സാഹചര്യം നിലനില്‍ക്കെ ജനങ്ങള്‍ എന്തടിസ്ഥാനത്തില്‍ പ്രതിപക്ഷനേതാവിനെ വിശ്വസിക്കുമെന്ന് തിരുവണ്ണാമലയില്‍ നടന്ന റാലിയില്‍ പളനിസ്വാമി ചോദിച്ചു.
സ്റ്റാലിന്‍ നിരവധി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി മുഖ്യമന്ത്രി ആരോപിച്ചു. “കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ മുഖ്യമന്ത്രിയാണ്. ഒരു ഉദ്യോഗസ്ഥനെ പോലും ഞാന്‍ ഭീഷണിപ്പെടുത്തിയിട്ടില്ല … എന്നാല്‍ സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു,” അദ്ദേഹം പറഞ്ഞു. ഡിഎംകെ അധികാരത്തില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഇതാണ് സ്ഥിതിയെങ്കില്‍ അവര്‍ക്ക് അധികാരം നല്‍കിയാല്‍ എന്തായിരിക്കും സാഹചര്യം എന്ന് പളനിസ്വാമി വോട്ടര്‍മാരോട് ചോദിച്ചു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത് ഡിഎംകെയുടെ ചരിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു സീറ്റിലെങ്കിലും എഐഎഡിഎംകെ വിജയിച്ചാല്‍ വിജയി ഒരു ‘ബിജെപി എംഎല്‍എ’യായിരിക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞ ഒരു ദിവസത്തിലാണ് പളനിസ്വാമിയുടെ പ്രസ്താവന. പ്രധാനമന്ത്രി മോദിയുടെ അടിമയാണ് എഐഎഡിഎംകെ സര്‍ക്കാര്‍. ഈ തിരഞ്ഞെടുപ്പില്‍ ഒരു എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയും വിജയിക്കരുതെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു.