സൗദി അറേബ്യയിലെ മാറ്റങ്ങള്‍ മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് പിഐഎഫ് മേധാവി
1 min read2030ല്‍ തങ്ങള്‍ നേടാനാഗ്രഹിക്കുന്ന ലക്ഷ്യങ്ങള്‍ അടുത്ത ഘട്ടത്തിനുള്ള തുടക്കം മാത്രമാണെന്നും 2040 വരെയും ചിലപ്പോള്‍ 2050 വരെയും ഇത്തരം പരിവര്‍ത്തന പദ്ധതികള്‍ തുടര്‍ന്നേക്കുമെന്നും യാസിര്‍ അല്‍ റുമയ്യാന്‍
റിയാദ്: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സൗദി അറേബ്യയിലുണ്ടായ മാറ്റങ്ങള്‍ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് രാജ്യത്തെ സോവറീന്‍ വെല്‍ത്ത് ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) മേധാവി യാസിര്‍ അല്‍ റുമയ്യാന്‍. വിഷന്‍ 2030ക്ക് കീഴില്‍ സൗദി അറേബ്യ കാണാന്‍ പോകുന്ന പരിഷ്‌കാരങ്ങളുടെ ചെറിയൊരു ഒരു ഭാഗം മാത്രമാണ് ഇത്രയും കാലം കണ്ടതെന്ന് ടെക്‌സസിലെ ഹൂസ്റ്റണില്‍ നടക്കുന്ന ഓയില്‍ മാന്‍സ് ദാവോസ് പരിപാടിയില്‍ റുമയ്യാന്‍ പറഞ്ഞു. 2030ല്‍ തങ്ങള്‍ നേടാനാഗ്രഹിക്കുന്ന ലക്ഷ്യങ്ങള്‍ അടുത്ത ഘട്ടത്തിനുള്ള തുടക്കം മാത്രമാണെന്നും 2040 വരെയും ചിലപ്പോള്‍ 2050 വരെയും ഇത്തരം പരിവര്‍ത്തന പദ്ധതികള്‍ തുടരുമെന്നും വിര്‍ച്വല്‍ പരിപാടിയില്‍ റുമയ്യാന്‍ പറഞ്ഞു.
‘സൗദി സമൂഹം മാറിക്കൊണ്ടിരിക്കുകയാണ്. കമ്പനികളും സമൂഹവും എത്തരത്തിലാണ് പ്രവര്‍ത്തിക്കേണ്ടതെന്നത് സംബന്ധിച്ച പുതിയ ആശയങ്ങള്‍ക്ക് ജനങ്ങള്‍ കൂടുതലായി ചെവി കൊടുക്കുന്നു. എന്തിന് സാമൂഹ്യ വ്യവസ്ഥിതി പോലും മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇവയെല്ലാം ചേര്‍ത്ത് വായിച്ചാല്‍ വിഷന്‍ 2030 പദ്ധതിയിലൂടെ ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം സൗദി അറേബ്യ എത്തരത്തിലായിരിക്കുമെന്നത് സംബന്ധിച്ച് ഏകദേശ ധാരണ ലഭിക്കും’ -റുമയ്യാന്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ കൂടുതല്‍ ഓഹരികള്‍ വില്‍ക്കാനുള്ള പദ്ധതി ഇപ്പോഴും പരിഗണനയിലുണ്ടെന്ന് അരാംകോ ചെയര്‍മാന്‍ കൂടിയായ റുമയ്യാന്‍ വ്യക്തമാക്കി. 2019ല്‍ നടന്ന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐപിഒ(പ്രാഥമിക ഓഹരി വില്‍പ്പന)യിലൂടെ അരാംകോ രണ്ട് ശതമാനം കമ്പനി ഓഹരികള്‍ വിറ്റിരുന്നു. വിപണി സാഹചര്യങ്ങള്‍ മെച്ചപ്പെടുകയും വിവിധ നിക്ഷേപ സ്ഥാപനങ്ങളും നിക്ഷേപകരും ഓഹരികളില്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൂടുതല്‍ ഓഹരികള്‍ വില്‍ക്കുമെന്ന് തുടക്കത്തില്‍ തന്നെ തങ്ങള്‍ വ്യക്തമാക്കിയിരുന്നതായി റുമയ്യാന്‍ പറഞ്ഞു.
പുനരുപയോഗ, ഹൈഡ്രജന്‍ ഇന്ധനങ്ങളില്‍ സൗദിക്കുള്ള പ്രതീക്ഷകളെ കുറിച്ചും റുമയ്യാന്‍ സംസാരിച്ചു. ജനങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും അരാംകോയ്ക്ക് പുനരുപയോഗ ഇന്ധനങ്ങളില്‍ താല്‍പ്പര്യമുണ്ട്. പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ, വാതക കമ്പനിയാണെങ്കിലും ഊര്‍ജ, പെട്രോകെമിക്കല്‍ കമ്പനി ആയാണ് തങ്ങള്‍ സ്വയം കരുതുന്നതെന്ന് റുമയ്യാന്‍ വ്യക്തമാക്കി. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി പ്രതിവര്‍ഷം 40 ബില്യണ്‍ ഡോളര്‍ പിഐഎഫ് സൗദി അറേബ്യയില്‍ നിക്ഷേപിക്കുമെന്ന് പുലിറ്റ്‌സര്‍ അവാര്‍ഡ് ജേതാവായ എണ്ണ ചരിത്രകാരന്‍ ഡാനിയല്‍ യെര്‍ഗിനോട് റുമയ്യാന്‍ പറഞ്ഞു.