മഹാരാഷ്ട്ര : മുന്‍ ആഭ്യന്തര മന്ത്രിക്കെതിരെ കുരുക്ക് മുറുകുന്നു
1 min readസിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
മുംബൈ: മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ സിബിഐയുടെ കുരുക്ക് മുറുകുന്നു. ദേശ്മുഖിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ഏജന്‍സി ഒന്നിലധികം നഗരങ്ങളിലായി പത്ത് സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുകയും ചെയ്തതായി അന്വേഷണ ഏജന്‍സി അറിയിച്ചു. മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരംബിര്‍ സിംഗ് ഉന്നയിച്ച അഴിമതി ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്. ഏപ്രില്‍ 14 ന് മുംബൈയില്‍ സിബിഐ 8 മണിക്കൂര്‍ ചോദ്യം ചെയ്ത ദേശ്മുഖിനെ ശനിയാഴ്ച രണ്ടാം റൗണ്ട് ചോദ്യം ചെയ്യലിന് വിധേയനാക്കുകയായിരുന്നു. സിബിഐയുടെ നടപടി രാഷ്ട്രീയ തലത്തില്‍ വിസ്ഫോടനം സൃഷ്ടിച്ചിട്ടുണ്ട്.
മുന്‍ ആഭ്യന്തരമന്ത്രി ഒരു പോലീസ് ഉദ്യോഗസ്ഥനോട് ഹോട്ടലുകളില്‍നിന്നും മറ്റും മാസം 100കോടി രൂപ പിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടു എന്നതാണ് കേസ്. ഇതില്‍ ദേശ്മുഖിനെക്കൂടതെ മറ്റ് അഞ്ച് പേരെക്കൂടി സിബിഐ പ്രതിചേര്‍ത്തിട്ടുണ്ട്.സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നതിനായി ഏജന്‍സികളെ രാഷ്ട്രീയ പ്രേരിതമായി കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന് ഭരണകക്ഷിയായ മഹാ വികാസ് അഗാദി (എംവിഎ) ഘടകക്ഷി നേതാക്കള്‍ ആരോപിച്ചു. സംഭവവികാസങ്ങളെത്തുടര്‍ന്ന് ആഭ്യന്തരമന്ത്രി ദിലീപ് വാള്‍സ്-പാട്ടീല്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
പ്രതിപക്ഷ ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ചന്ദ്രകാന്ത് പാട്ടീല്‍ തുടങ്ങിയവര്‍ സിബിഐ നടപടിയെ സ്വാഗതം ചെയ്യുകയും ഗതാഗത മന്ത്രി അനില്‍ പരാബ്, ശിവസേന എംപി സഞ്ജയ് റാവത്ത് എന്നിവരുള്‍പ്പെടെയുള്ള എംവിഎ നേതാക്കള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ദേശ്മുഖിനെതിരായ അഴിമതി,അധികാര ദുരുപയോഗം എന്നീ കുറ്റങ്ങള്‍ സംബന്ധിച്ച് ഏപ്രില്‍ 5 ന് സിബിഐയുടെ പ്രാഥമിക അന്വേഷണത്തിന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് നടപടികള്‍.