വീഗന്‍ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് എല്ലുകളുടെ ആരോഗ്യം നഷ്ടമാകുമോ ?
1 min readവീഗന്‍ ഡയറ്റും എല്ലുകളുടെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് ഗവേഷകര്‍
സസ്യാധിഷ്ഠിത വീഗന്‍ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് എല്ലുകളുടെ ആരോഗ്യം നഷ്ടമായേക്കുമെന്ന് പഠന റിപ്പോര്‍ട്ട്. വീഗന്‍ ഡയറ്റും സമ്മിശ്ര ഭക്ഷണങ്ങള്‍ അടങ്ങിയ ഡയറ്റും പിന്തുടരുന്നവരുടെ എല്ലുകളുടെ ആരോഗ്യത്തിലുള്ള വ്യത്യാസം കണ്ടെത്തുന്നതിനായി നടത്തിയ പഠനമാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
വീഗന്‍ ഡയറ്റ് ശീലമാക്കിയവരുടെ ഉപ്പൂറ്റിയിലെ എല്ലിന് മിശ്രിത ഭക്ഷണങ്ങള്‍ കഴിക്കുന്നവരുടെ ഉപ്പൂറ്റിയുടെ എല്ലിനേക്കാള്‍ ബലം കുറവാണെന്നാണ് അള്‍ട്രാസൗണ്ട് പരിശോധനയിലൂടെ പഠനസംഘം കണ്ടെത്തിയത്. ആരോഗ്യകാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നവരാണ് വീഗന്‍ ഡയറ്റ് എടുക്കുന്നത്. എന്നാല്‍ ആ വീഗന്‍ ഡയറ്റ് എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് ശാസ്ത്രീയ രീതികളിലൂടെ തങ്ങള്‍ കണ്ടെത്തിയതെന്ന് ജര്‍മന്‍ ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസ്‌ക് അസസ്‌മെന്റില്‍ നിന്നുള്ള ഗവേഷകനായ ആന്‍ഡ്രിയാസ് ഹെന്‍സല്‍ വ്യക്തമാക്കി.
72ഓളം സ്ത്രീകളും പുരുഷന്മാരും പങ്കെടുത്ത പഠനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇവരുടെ ഉപ്പൂറ്റിയിലെ എല്ലിന്റെ ബലവും പ്രായം, പുകവലി ശീലം, വിദ്യാഭ്യാസം, ബിഎംഐ, ശാരീരിക അധ്വാനം, മദ്യപാനം തുടങ്ങിയ വിവരങ്ങളും ഗവേഷകര്‍ ശേഖരിച്ചു. രക്തത്തിലെയോ മൂത്രത്തിലെയോ എല്ലുമായി ബന്ധപ്പെട്ട 28ഓളം പോഷക സൂചികകളില്‍ എല്ലുകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട 12 ബയോമാര്‍ക്കറുകളുടെ വിന്യാസം കണ്ടെത്താന്‍ ഗവേഷകര്‍ക്ക് സാധിച്ചു. വൈറ്റമിനുകളായ എ, ബി8, അമിനോ ആസിഡുകളായ ലൈസിന്‍ ലൂസിന്‍, ഒമോഗ 3 ഫാറ്റി ആസിഡുകള്‍, സെലിനോപ്രോട്ടീന്‍ പി, അയഡിന്‍, തൈറോയിഡിനെ ഉത്തേജിപ്പിക്കുന്ന ഹോര്‍മോണ്‍, കാല്‍സ്യം, മഗ്നീഷ്യം, എ-ക്ലോത്തോ പ്രോട്ടീന്‍ എന്നിവയുടെ ഒനുമിച്ചുള്ള സാന്നിധ്യം എല്ലുകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന നിഗമനത്തിലാണ് ഗവേഷകര്‍ എത്തിയത്.