ആസാമിന്‍റെ സംസ്കാരവും നാഗരികതയും ശക്തിപ്പെടുത്തും: അമിത് ഷാ
1 min readസംസ്ഥാനത്തെ ലാന്‍ഡ് ജിഹാദില്‍ നിന്നും മോചിപ്പിക്കും. രാഹുല്‍ ആസാമിലെത്തുന്നത് വിനോദ സഞ്ചാരിയായി മാത്രമാണ്. സഖ്യകക്ഷിയായ എയുയുഡിഎഫിനെതിരെയും രൂക്ഷ വിമര്‍ശനം.
ഗുവഹത്തി: ആസാമിലെ സംസ്കാരവും നാഗരികതയും ശക്തിപ്പെടുത്തുന്നതിന് ഉചിതമായ നിയമങ്ങളും നയങ്ങളും നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എന്നാല്‍ കോണ്‍ഗ്രസ്-എയുയുഡിഎഫ് സഖ്യം നുഴഞ്ഞുകയറ്റത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. സംസ്ഥാനത്ത് വിവിധ തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലൗ ജിഹാദും ലാന്‍ഡ് ജിഹാദും ആസാമിന് ഭീഷണിയാണ്. ഇത് പരിഹരിക്കാന്‍ നിയമങ്ങള്‍ നടപ്പാക്കുമെന്ന് ബിജെപി പ്രകടനപത്രികയില്‍തന്നെ വാഗ്ദാനം ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ കാലത്ത് അവരുടെ നേതൃത്വത്തിലാണ് നുഴഞ്ഞുകയറ്റക്കാരെ സംസ്ഥാനത്ത് എത്തിച്ചെതെന്ന് ഷാ ആരോപിച്ചു. വൈഷ്ണവ മഠങ്ങള്‍, മറ്റ് ആരാധനാലങ്ങള്‍ എന്നിവിടങ്ങളിലെ കയ്യേറ്റത്തിന് എയുയുഡിഎഫ് നേതാവും എം പിയുമായ ബദറുദ്ദീന്‍ അജ്മലിന്‍റെ പിന്തുണയുണ്ട്. കാസിരംഗ നാഷണല്‍ പാര്‍ക്കിലും കയ്യേറ്റം നടന്നു. “ഈ ലാന്‍ഡ് ജിഹാദ് അവസാനിപ്പിക്കണം,” അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. “ആസാമിന്‍റെ സ്വത്വവും നാഗരികതയും മാറ്റുന്നതിനായി ബദറുദ്ദീന്‍ അജ്മല്‍ നുഴഞ്ഞുകയറ്റക്കാരെ ഏര്‍പ്പെടുത്തി. അദ്ദേഹം കോണ്‍ഗ്രസിന്‍റെ ഐഡന്‍റിറ്റിയാണ്, ആസാമിന്‍റെയല്ല. അഞ്ച് വര്‍ഷത്തേക്ക് ബിജെപിക്ക് അധികാരം നല്‍കുക, ഈ ഭൂമി ജിഹാദ് അവസാനിപ്പിക്കുമെന്ന് ഞങ്ങള്‍ ഉറപ്പാക്കും, “അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ലവ് ജിഹാദ്” എന്ന ആശയം എല്ലാവര്‍ക്കും അറിയാം. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ ചില സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ വിവാഹത്തിനുവേണ്ടിയുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനായി നിയമങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ ജനങ്ങള്‍ക്ക് ലാന്‍ഡ് ജിഹാദിനെക്കുറിച്ച് വളരെക്കുറിച്ചുമാത്രമാണ് അറിവുള്ളത്’ ഷാ പറഞ്ഞു. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഹിന്ദുക്കള്‍ തങ്ങളുടെ ഭൂമി വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് പല സംസ്ഥാന ബിജെപി നേതാക്കളും ആരോപിക്കുന്നു. കോണ്‍ഗ്രസും എയുയുഡിഎഫും നിക്ഷിപ്ത താല്‍പ്പര്യത്തിനുവേണ്ടി ഇന്ന് നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിക്കുകയാണ്. അവര്‍ അധികാരത്തില്‍ വന്നാല്‍ നുഴഞ്ഞുകയറ്റം വര്‍ധിക്കുകയും സംസ്ഥാനത്തിന്‍റെ ജനസംഖ്യാപരമായ സ്വത്വം മാറ്റുകയും ചെയ്യും. കോണ്‍ഗ്രസ് പ്രകടന പത്രിക തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഒരു ഉപകരണം മാത്രമാണ്, എന്നാല്‍ ബിജെപി പ്രകടന പത്രിക നടപ്പാക്കാനുള്ളതാണെന്നും അമിത് ഷാ വ്യക്തമാക്കി. എയുയുഡിഎഫ് നേതാവ് അജ്മല്‍ ആസാമിന്‍റെ സ്വത്വത്തെ പ്രതിനിധീകരിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ രാഹുലിന് ആസാമും അതിന്‍റെ സ്വത്വവും മനസിലായിട്ടില്ലെന്നും ആഭ്യന്തരമന്ത്രി പരിഹസിച്ചു.
കോണ്‍ഗ്രസ് എത്ര ശ്രമിച്ചാലും അജ്മലിനെ ആസാമിന്‍റെ സ്വത്വത്തിന്‍റെ പ്രതീകമാകാന്‍ ഞങ്ങള്‍ അനുവദിക്കില്ല.നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റത്തില്‍ നിന്ന് സംസ്ഥാനത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനും എയുയുഡിഎഫിനും കഴിയില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ബിജെപി ഇതിനകം തന്നെ ആസാമിനെ കലാപത്തില്‍ നിന്നും പ്രക്ഷോഭങ്ങളില്‍ നിന്നും മുക്തമാക്കിയിട്ടുണ്ട്. ‘ആരാണ് അജ്മല്‍?’ എന്ന് ഒരിക്കല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗോഗോയിയാണ് ചോദിച്ചതെന്ന് രാഹുല്‍ഓര്‍ക്കേണ്ടതുണ്ട്. ഇപ്പോള്‍ വോട്ട് നേടാന്‍ കോണ്‍ഗ്രസാണ് അജ്മലുമായി കൈകോര്‍ത്തത്. ഇപ്പോള്‍ ഗോഗോയിക്ക് ഉത്തരം സ്വര്‍ഗത്തില്‍ ലഭിച്ചുകാണുമെന്ന് ഞാന്‍ കരുതുന്നുവെന്നും ഷാ പരിഹസിച്ചു.
കോണ്‍ഗ്രസിന് സഹോദര-സഹോദരി ജോഡികളുടെ (രാഹുല്‍, പ്രിയങ്ക ഗാന്ധി) ടൂറിസം പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുകയല്ലാതെ മറ്റ് അജണ്ടയില്ല. കോണ്‍ഗ്രസ് നേതാവ് ആസാമില്‍ ഒരു വിനോദസഞ്ചാരിയായി വരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് 2-3 ദിവസം മാത്രമാണ് സംസ്ഥാനത്ത് കാണപ്പെടുന്നത്. തുടര്‍ന്ന് അടുത്ത അഞ്ച് വര്‍ഷത്തേക്ക് അദ്ദേഹം അപ്രത്യക്ഷമാകുന്നു-ഷാ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനങ്ങളുടെ വികസനവും സേവനവും, രാഹുല്‍ ഗാന്ധിയുടെ ടൂറിസം, അജ്മലിന്‍റെ നുഴഞ്ഞുകയറ്റം എന്നിങ്ങനെ മൂന്ന് ചിത്രങ്ങളാണ് ആസാമിലെ ജനങ്ങള്‍ക്കുമുന്നിലുള്ളത്. ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കാം. രാജ്യസഭയില്‍ അസമിനെ പ്രതിനിധീകരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സംസ്ഥാനത്തിന്‍റെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ല. പ്രത്യേകിച്ച് എണ്ണ, ഗ്യാസ് റോയല്‍റ്റി 8,000 കോടി രൂപ നല്‍കുന്നത് ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ഷാ പറഞ്ഞു. ആസാമിന്‍റെ മാത്രമല്ല വടക്കുകിഴക്കന്‍ മേഖലയുടെയും വികസനം ഉറപ്പാക്കാന്‍ ബിജെപി സര്‍ക്കാര്‍ നിരവധി നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് ശാശ്വത സമാധാനത്തിന് വഴിയൊരുക്കി ബോഡോ കരാര്‍ ഒപ്പിട്ടത് പ്രധാനമന്ത്രിയുടെ ശ്രമഫലമായാണ്.എന്നാല്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും അധികാരത്തിലെത്തിയാല്‍ അക്രമം മടങ്ങിവരും- അദ്ദേഹം മുന്നറിയിപ്പുനല്‍കി.