ബൂത്ത് തലത്തില്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ബിജെപി
1 min readന്യൂഡെല്‍ഹി: ബൂത്ത് തലത്തില്‍ പ്രവര്‍ത്തനം കൂടുതല്‍ ഉറപ്പാക്കാനും ശക്തിപ്പെടുത്താനും ഭാരതീയ ജനതാ പാര്‍ട്ടി അതിന്‍റെ പന്ന പ്രമുഖ് സമ്പ്രദായം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. പന്ന പ്രമുഖ് ആണ് ബൂത്ത് തലത്തില്‍ വോട്ടര്‍മാരുമായി ആദ്യം സമ്പര്‍ക്കം നടത്തുക. ഇവരില്‍ ഓരോരുത്തരും ശരാശരി 30 വോട്ടര്‍മാരുമായോ 5-6 കുടുംബങ്ങളുമായോ ബന്ധപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
അടുത്ത വര്‍ഷം അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു കമ്മിറ്റിയെ നിയോഗിച്ച് സംവിധാനം കൂടുതല്‍ ഊട്ടിയുറപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. അവിടെ ഒരു പന്ന പ്രമുഖിന് പകരം അഞ്ച് അംഗ സമിതി വോട്ടര്‍പട്ടികയിലെ ഓരോ പേജിലുള്ളവരെയും ബന്ധപ്പെടുന്നതിന് ഉണ്ടാകും. “ആ പേജില്‍ കുറഞ്ഞത് 60 ശതമാനം വോട്ടുകള്‍ ഞങ്ങള്‍ക്ക് അനുകൂലമായി നേടാന്‍ കമ്മിറ്റി ഞങ്ങളെ സഹായിക്കുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു,” ബിജെപിയുടെ മുതിര്‍ന്ന നേതാവ് പറഞ്ഞു. ‘നേരത്തെ 30 വോട്ടര്‍മാര്‍ക്കായി ഒരു പന്ന പ്രമുഖ് പ്രവര്‍ത്തിച്ചിരുന്നയിടത്ത് ഇപ്പോള്‍ കമ്മിറ്റി നിലവില്‍ വരും. അപ്പോള്‍ ആള്‍ക്കാരുടെ എണ്ണവും വര്‍ധിക്കും’,അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2007 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാനങ്ങളിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ആദ്യമായി ഉപയോഗിച്ച പന്നാ പ്രമുഖ് ആശയം ബിജെപി ഇവിടെ വീണ്ടും ആവിഷ്ക്കരിക്കുകയാണ്.
ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയായ അമിത് ഷാ ആണ് ഈ ആശയം അവതരിപ്പിച്ചത്. വോട്ടര്‍മാരുടെ പിന്തുണ നേടുന്നതിനും അവരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനും പന്ന പ്രമുഖ് എന്നത് സ്ഥിരമായ ഒരു സ്ഥാനമാക്കി മാറ്റാന്‍ നേരത്തെ ഉത്തര്‍പ്രദേശില്‍ ബിജെപി പദ്ധതിയിട്ടിരുന്നു. ഇതുവരെ, അവരെ നിയമിക്കുന്നത് തിരഞ്ഞെടുപ്പിന് മുമ്പ് മാത്രമാണ്. അടുത്ത വര്‍ഷം ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായാണ് പാര്‍ട്ടിയുടെ ഈ തയ്യാറെടുപ്പ്. ആദ്യപടി സംവിധാനത്തെ ശക്തിപ്പെടുത്തുകയാണെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
“പന്ന പ്രമുഖുകളുടെ ഉത്തരവാദിത്തങ്ങള്‍ തെരഞ്ഞെടുപ്പ് പട്ടികയുടെ പേജുകളില്‍ ലിസ്റ്റുചെയ്തിട്ടുള്ള ആളുകള്‍ പുറത്തുവന്ന് വോട്ട് ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു. അതേസമയം സര്‍ക്കാരിന്‍റെ നയങ്ങള്‍, പദ്ധതികള്‍, ക്ഷേമം എന്നിവയെക്കുറിച്ച് വോട്ടര്‍മാര്‍ക്ക് ബോധ്യമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്,” ഒരു മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു.
അവര്‍ വോട്ടര്‍മാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും പാര്‍ട്ടിക്ക് വോട്ടുചെയ്യാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അവര്‍ വോട്ടര്‍മാരുമായി അടുത്ത ബന്ധം വളര്‍ത്തിയെടുക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വോട്ടര്‍മാരുമായി പരമാവധി ബന്ധം സ്ഥാപിക്കുന്നതിനുമുള്ള ഭാഗമായാണ് ഈ നടപടിയെന്ന് നേതാക്കള്‍ വിശദമാക്കി.
സാധാരണക്കാരായ നിരവധി പ്രവര്‍ത്തകരാണ് താഴേത്തട്ടില്‍ പാര്‍ട്ടിക്കുള്ളത്. അവര്‍ ആളുകളുമായി കൂടുതല്‍ ബന്ധപ്പെടുമ്പോള്‍ അത് പാര്‍ട്ടിക്ക് ഗുണകരമാകുന്നു. “ഇത് മാത്രമല്ല, സമിതിയിലെ അഞ്ച് പേരും വിവിധ കുടുംബങ്ങളില്‍ നിന്നുള്ളവരായിരിക്കുമെന്നും ദൂരപരിധി ഉറപ്പാക്കാനും പാര്‍ട്ടിതീരുമാനിച്ചു’,മറ്റൊരു നേതാവ് പറഞ്ഞു. വോട്ടര്‍ പട്ടികയുടെ ഒരു പേജില്‍ കുറഞ്ഞത് 30 വോട്ടര്‍മാരുണ്ടെന്നും ഇതില്‍ ശരാശരി അഞ്ച് മുതല്‍ ആറ് വരെ കുടുംബങ്ങള്‍ ഉള്‍പ്പെടുന്നുവെന്നും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ പറഞ്ഞു. “പന്ന കമ്മിറ്റി രൂപീകരിക്കുന്നതിന്, തിരിച്ചറിഞ്ഞ അഞ്ച് കുടുംബങ്ങളില്‍ നിന്ന് ഓരോ അംഗത്തെ വീതം ചേര്‍ക്കേണ്ടതുണ്ട്,”
പ്രവര്‍ത്തകര്‍ പറഞ്ഞു. “നിയമസഭാ തെരഞ്ഞെടുപ്പില്‍, കമ്മിറ്റി അംഗങ്ങള്‍ക്ക് അവരുടെ കുടുംബാംഗങ്ങളില്‍ ഭൂരിഭാഗത്തെയും തന്നെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ ബിജെപിക്ക് ധാരാളം വോട്ടുകള്‍ ലഭിക്കും.”വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബ്ലോക്ക് തലത്തില്‍ പാര്‍ട്ടി യൂണിറ്റുകള്‍ രൂപീകരിച്ച ഉടന്‍ പന്ന കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.