December 22, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബയോഇക്കോണമി 300 ബില്യണ്‍ ഡോളറിലേക്ക്

1 min read

ആഗോളതലത്തില്‍ ഇന്ത്യ ഒരു വന്‍കിട ബയോഇക്കോണമിയായി ഉയര്‍ന്നുവരികയാണ്. അടുത്ത വലിയ വിപ്ലവമാണിത്. രാജ്യത്തിന്റെ ബയോ സമ്പദ് വ്യവസ്ഥയുടെ മൂല്യം ഏകദേശം 300 ബില്യണ്‍ ഡോളര്‍ എന്ന മാന്ത്രിക സംഖ്യയോട് അടുത്തിരിക്കുന്നു. ഡിപിടി, മീസില്‍സ്, ബിസിജി വാക്‌സിനുകളുടെ ലോകത്തെ ഏറ്റവും വലിയ വിതരണക്കാരാണ് ഇന്ത്യ. കോവിഡ് മഹാമാരിക്കെതിരെ ആദ്യമായി ഒരു ഡിഎന്‍എ വാക്‌സിന്‍ വികസിപ്പിച്ചതും ഇന്ത്യ തന്നെ. യുഎസിന് ശേഷം, യുഎസ്എഫ്ഡിഎ അംഗീകരിച്ച മാനുഫാക്ച്ചറിംഗ് പ്ലാന്റുകള്‍ ഏറ്റവും കൂടുതലുള്ളതും ഇന്ത്യയില്‍ തന്നെ…അപാരമായ സാധ്യതകളാണ് ഇന്ത്യയുടെ മുന്നില്‍ ഈ രംഗത്തുള്ളത്. ആ സാധ്യതകളും ഇന്ത്യയുടെ കുതിപ്പും വിശകലനം ചെയ്യകുയാണ് ഫ്യൂച്ചര്‍ കേരള.

ഹെല്‍ത്ത്‌കെയര്‍ ഹബ്ബെന്ന നിലയില്‍ ഇന്ത്യക്കും കേരളത്തിനുമെല്ലാം വലിയ സാധ്യതകളാണ് എപ്പോഴും കല്‍പ്പിക്കപ്പെടാറുള്ളത്. എന്നാല്‍ ഹെല്‍ത്ത്‌കെയറിനുമപ്പുറം ലോകത്തെ പ്രധാനപ്പെട്ട ബയോടെക്‌നോളജി സമ്പദ് വ്യവസ്ഥയായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ. ആഗോളതലത്തില്‍ തന്നെ നോക്കിയാല്‍ ആരോഗ്യ ചികിത്സയുടെ ആണിക്കല്ലായി മാറാന്‍ ഒരുങ്ങുകയാണ് ഇന്ത്യയുടെ ബയോടെക്നോളജി വ്യവസായം. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ എട്ട് മടങ്ങ് വളര്‍ച്ചയാണ് രാജ്യത്തിന്റെ ബയോടെക്‌നോളജി വ്യവസായം കൈവരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറയുന്നു. ഈ മേഖലയുടെ അപാര സാധ്യതകള്‍ കണക്കിലെടുത്താണ് ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങള്‍ ബയോടെക്‌നോളജി ഉച്ചകോടി പോലുള്ള വന്‍കിട പരിപാടികള്‍ നടത്തുന്നത്. ഇന്ത്യയുടെ ബയോടെക്‌നോളജി മേഖല 2025 ആകുമ്പോഴേക്കും 150 ബില്യണ്‍ ഡോളറും 2030 ആകുമ്പോഴേക്കും 300 ബില്യണ്‍ ഡോളറിലും എത്തുമെന്നാണ് മന്‍സുഖ് മാണ്ഡവ്യ പറഞ്ഞത്.

ആഗോളതലത്തിലെ പുതിയ വ്യവസായ വിപ്ലവം, അഗ്രിഫുഡ്, ഊര്‍ജം, ആരോഗ്യ സംരക്ഷണം, കാലാവസ്ഥാ വ്യതിയാന പരിഹാരങ്ങള്‍ എന്നിവയുമായെല്ലാം ബന്ധപ്പെട്ടിരിക്കുന്നതാണ് ബയോടെക്‌നോളജി മേഖലയില്‍ നടക്കുന്ന പരിവര്‍ത്തനമെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്. അതേസമയം യോഗ്യതയും വൈദഗ്ധ്യവുമുള്ള മനുഷ്യവിഭവശേഷിയുടെ കുറവ് ബയോടെക്‌നോളജി മേഖലയിലെ ഉല്‍പ്പാദനരംഗത്ത് വലിയ വെല്ലുവിളിയായി തുടരുന്നുണ്ട്. ഈ രംഗത്തുള്ളവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാനും നൈപുണ്യ വിടവ് നികത്താനുമുള്ള ശ്രമങ്ങള്‍ അടിയന്തരപ്രാധാന്യത്തോടെ വേണമെന്നാണ് വ്യവസായ ലോകവും വിദഗ്ധരും ഒരുപോലെ ആവശ്യപ്പെടുന്നത്.

അതിഗംഭീരം, ഈ വളര്‍ച്ച

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 10 ബില്യണ്‍ ഡോളറില്‍ നിന്ന് 80 ബില്യണ്‍ ഡോളറിലേക്കാണ് ഇന്ത്യയുടെ ബയോ ഇക്കോണമി കുതിച്ചത്. മേഖലയുടെ വികസനത്തിന് വളരെ വിശാലമായ വലിയ പദ്ധതികളാണ് ഇന്ത്യ ഇപ്പോള്‍ ആവിഷ്‌കരിക്കുന്നത്. നിലവില്‍ ബയോടെക്നോളജി രംഗത്ത് 760-ലധികം കമ്പനികളും 6000ത്തിലധികം സ്റ്റാര്‍ട്ടപ്പുകളും പ്രവര്‍ത്തിക്കുന്ന രാജ്യം ആഗോള ബയോടെക് വിപ്ലവത്തിന്റെ മുന്‍നിരയില്‍ സ്ഥാനം പിടിക്കാന്‍ ലക്ഷ്യമിടുന്നു.

ബയോടെക്നോളജി മേഖല അടുത്ത ആഗോള സാങ്കേതിക വിപ്ലവത്തിന് നേതൃത്വം നല്‍കുമെന്ന് വിശ്വസിക്കുന്നതായാണ് ബയോടെക്നോളജി വകുപ്പ് സെക്രട്ടറി ഡോ.രാജേഷ് ഗോഖലെ പറയുന്നത്. ഈ മേഖലയുടെ വളര്‍ച്ച രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2022 ലെ ഇന്ത്യയുടെ ജിഡിപിയിലേക്ക് ഏകദേശം 4 ശതമാനമാണ് ബയോ ഇക്കോണമിയുടെ സംഭാവന. 2030 ആകുമ്പേഴേക്കും ഇന്ത്യന്‍ ബയോഇക്കോണമിയുടെ മൂല്യം 300 ബില്യണ്‍ ഡോളറും 2047 ആകുമ്പോഴേക്കും 3 ട്രില്യണ്‍ ഡോളറും കവിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

ലോകമെമ്പാടുമുള്ള മികച്ച 12 ബയോടെക്നോളജി ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് ഇന്ത്യ. ഏഷ്യാ പസഫിക്കിലെ ബയോടെക്നോളജി രംഗത്തെ മൂന്നാമത്തെ വലിയ രാജ്യവുമാണ് ഇന്ത്യ. 2022-ല്‍ ഇന്ത്യയുടെ ബയോ ഇക്കണോമി, മൂല്യം അനുസരിച്ച് 92 ബില്യണ്‍ ഡോളര്‍ കവിഞ്ഞു, കഴിഞ്ഞ പതിനൊന്ന് വര്‍ഷങ്ങളില്‍ മൂല്യനിര്‍ണ്ണയത്തില്‍ നിരവധി മടങ്ങ് വര്‍ദ്ധനവിനാണ് സാക്ഷ്യം വഹിച്ചത്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ ഈ മേഖലയുടെ പ്രസക്തി വര്‍ധിക്കുകയും വലിയ മാറ്റങ്ങള്‍ സംഭവിക്കുകയുമുണ്ടായി. ബയോ ഇന്നവേഷനും ബയോ മാനുഫാക്ച്ചറിംഗും ഇന്ത്യയുടെ മുഖ്യ സാധ്യതകളായി മാറിയിരിക്കുന്നു. ഈ രംഗത്തെ ആഗോള ലക്ഷ്യസ്ഥാനമായി പരിവര്‍ത്തനം ചെയ്യാനാണ് രാജ്യം ഒരുങ്ങുന്നത്. 2024ല്‍ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാകാനുള്ള ഇന്ത്യയുടെ ശ്രമത്തില്‍ ഏറ്റവും വലിയ ബങ്കുവഹിക്കുന്ന രംഗങ്ങളിലൊന്നാകും ബയോടെക്‌നോളജി മേഖല.

  വസന്തോത്സവം-2025 ഡിസംബര്‍ 24 ന് തുടക്കമാകും

എന്താണ് ബയോടെക്‌നോളജി

ബയോടെക്‌നോളജിയുടെ സാധ്യതകളിലേക്ക് കടക്കും മുമ്പ് എന്താണ് ബയോടെക്‌നോളജിയെന്ന് നോക്കാം. ഒരു പ്രത്യേകാവശ്യത്തിനുവേണ്ടി ജീവനുള്ള വസ്തുക്കളെയോ ജീവജാലങ്ങളെയോ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയോ അഥവാ ഉണ്ടാക്കുകയോ ചെയ്യുന്ന, ജീവശാസ്ത്രത്തില്‍ അധിഷ്ഠിതമായ സാങ്കേതികവിദ്യയാണ് ജൈവസാങ്കേതികവിദ്യ അഥവാ ബയോടെക്‌നോളജി എന്ന് പറയുന്നത്. കൃഷി, ഭക്ഷ്യശാസ്ത്രം, ആരോഗ്യശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട പ്രയുക്ത സാങ്കേതികവിദ്യകളെയാണ് സാധാരണ ഈ പദം കൊണ്ട് വിവക്ഷിക്കുന്നത്. ആധുനികകാലത്ത് ജനിതക എഞ്ചിനിയറിംഗ്, ടിഷ്യൂ കള്‍ച്ചര്‍ മുതലായ സാങ്കേതികവിദ്യകളെ സൂചിപ്പിക്കാനാണ് ഈ പദം കൂടുതല്‍ ഉപയോഗിക്കപ്പെടുന്നതെങ്കിലും ജീവവസ്തുക്കളില്‍ മനുഷ്യന്റെ ആവശ്യത്തിനായി മാറ്റം വരുത്തുന്ന ഏത് പ്രക്രിയയെയും വിശാലാര്‍ത്ഥത്തില്‍ ഇതില്‍ ഉള്‍പ്പെടുത്താം. ഐക്യരാഷ്ട്രസഭയുടെ ജൈവവൈവിധ്യ കണ്‍വെന്‍ഷന്‍ ജൈവസാങ്കേതികവിദ്യയെ നിര്‍വ്വചിച്ചിരിക്കുന്നത് ഇങ്ങനെയാണ്-Any technological application that uses biological systems, dead organisms, or derivatives thereof, to make or modify products or processes for specific use.

ഹംഗേറിയന്‍ എന്‍ജിനീയറായിരുന്ന കാറോളി എര്‍ക്കിയാണ് 1919ല്‍ ബയോടെക്‌നോളജിയെന്ന പദം ആദ്യമായി അവതരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. സാധാരണ ജൈവസാങ്കേതികവിദ്യയായി കരുതപ്പെടാറില്ലെങ്കിലും ജൈവസംവിധാനത്തില്‍ നിന്ന് ഉല്‍പ്പന്നങ്ങളുണ്ടാക്കാനുള്ള പ്രക്രിയ എന്ന നിര്‍വചനത്തില്‍ കൃഷി ഉള്‍പ്പെടുന്നതിനാല്‍ ആദ്യത്തെ ജൈവസാങ്കേതികവിദ്യയായി കൃഷിയെ കണക്കാക്കണമെന്ന വാദം ശക്തമാണ്.

ആഗോള സാധ്യതകള്‍

സാമ്പത്തിക അനിശ്ചിതത്വങ്ങളും കോവിഡിന് ശേഷമുള്ള മാന്ദ്യവും ഉണ്ടായിരുന്നിട്ടും, ആഗോളതലത്തില്‍ ബയോടെക് കമ്പനികള്‍ 2023-ല്‍ തരക്കേടില്ലാത്ത പ്രകടനം തന്നെയാണ് കാഴ്ച്ചവച്ചത്. മൊത്തത്തില്‍, ഈ കാലയളവില്‍ ബയോടെക് മേഖലയിലെ വിപണി 10-15% വര്‍ദ്ധിച്ചു. നിലവിലുള്ള നവീകരണം, ലയനങ്ങള്‍, ഏറ്റെടുക്കലുകള്‍ (എം&എ), പുതിയ ഉല്‍പ്പന്നങ്ങളുടെയും മരുന്നുകളുടെയും അംഗീകാരം, വിപണനം എന്നിവ വിപണിയുടെ സുസ്ഥിരമായ വളര്‍ച്ചയ്ക്ക് പ്രതീക്ഷ നല്‍കുന്നുവെന്നാണ് ഗ്ലോബല്‍ ബയോടെക്‌നോളജി ഇന്‍ഡസ്ട്രി ഔട്ട്‌ലുക്ക് 2024 റിപ്പോര്‍ട്ട് പറയുന്നത്.

സെല്ലിലെയും ജീന്‍ തെറാപ്പിയിലെയും (സിജിടി) പുതിയ മുന്നേറ്റങ്ങള്‍ പരിമിതമായ ചികിത്സാ ഓപ്ഷനുകളുള്ള രോഗികള്‍ക്ക് അഭൂതപൂര്‍വമായ രോഗപരിഹാര സാധ്യതകള്‍ പ്രദാനം ചെയ്യുന്നു, പ്രത്യേകിച്ച് അപൂര്‍വവുമായ രോഗങ്ങളുടെ ചികിത്സയില്‍. കാന്‍സര്‍, മസ്്കുലോസ്‌കലെറ്റല്‍ രോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവയാണ് ഈ ചികിത്സാരീതികളുടെ പ്രാഥമിക ശ്രദ്ധാകേന്ദ്രങ്ങള്‍. ആഗോള വിപണികളില്‍ ഇതിനകം ലോഞ്ച് ചെയ്ത അംഗീകൃത ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം, ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ തുടര്‍ച്ചയായ വിപുലീകരണത്തിനുള്ള സാധ്യതകള്‍ ഇത് തുറക്കുന്നു.

ആഗോള സെല്‍ ആന്‍ഡ് ജീന്‍ തെറാപ്പി വിപണി മാത്രം 2024ല്‍ 20 ശതമാനത്തിലധികം വളര്‍ച്ച കൈവരിച്ച് 11 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. 1,000-ലധികം ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഒരേസമയം നടത്തിയതാണ് ഈ വളര്‍ച്ചയ്ക്ക് അടിവരയിടുന്നത്.  2032 ആകുമ്പോഴേക്കും ആഗോള ബയോടെക്‌നോളജി വിപണിയുടെ വലുപ്പം 5.01 ട്രില്യണ്‍ ഡോളറായി ഉയരുമെന്നാണ് എമര്‍ജന്‍ റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 2022ല്‍ ഈ മേഖലയുടെ വലുപ്പം 1.37 ട്രില്യണ്‍ ഡോളറായിരുന്നു.

  ഓഗസ്റ്റ് റയ്‌മണ്ട് ഇന്ത്യൻ വിപണിയിലേക്ക്

ഇന്ത്യന്‍ ബയോടെക് രംഗം

നേരത്തെ പറഞ്ഞപോലെ വമ്പന്‍ വളര്‍ച്ചയാണ് ഇന്ത്യയുടെ ബയോടെക്‌മേഖലയില്‍ സംഭവിക്കുന്നത്. ബയോടെക്നോളജി നാളത്തെ സാങ്കേതികവിദ്യയാണ്, കാരണം ഐടി ഇതിനകം തന്നെ അതിന്റെ സാച്ചുറേഷന്‍ പോയിന്റില്‍ എത്തിയിരിക്കുന്നു-കേന്ദ്ര സയന്‍സ് ആന്‍ഡ് ടെക്‌നോളജി മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറയുന്നു. ആഗോള വ്യാപാരത്തിലേക്കും ഇന്ത്യയുടെ മൊത്തത്തിലുള്ള സമ്പദ്വ്യവസ്ഥയിലേക്കും കാര്യമായ സംഭാവന നല്‍കുന്ന ഒരു പ്രധാന മേഖലയായി മാറാനുള്ള ശേഷി ബയോടെക്നോളജിക്കുണ്ടെന്നു അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയിലെ ബയോടെക്നോളജി മേഖല വലിയ രീതിയില്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യം, വൈദ്യം, കൃഷി, വ്യവസായം, ബയോ ഇന്‍ഫോര്‍മാറ്റിക്സ് തുടങ്ങി വിവിധ മേഖലകളിലേക്കാണ് അവ കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ളത്. ഇന്ത്യയുടെ ഭാവി സമ്പദ്വ്യവസ്ഥയ്ക്ക് ബയോടെക് സ്റ്റാര്‍ട്ടപ്പുകളും നിര്‍ണായകമാണ്-ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ”2014-ലെ 52 സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് ഇപ്പോള്‍ 6,300-ലധികമായി ബയോടെക് സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം വര്‍ധിച്ചു,’ അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ബയോടെക്നോളജി മേഖലയെ ബയോഫാര്‍മസ്യൂട്ടിക്കല്‍സ്, ബയോ അഗ്രികള്‍ച്ചര്‍, ബയോ ഐടി, ബയോ സേവനങ്ങള്‍ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഇവ എന്തെല്ലാമാണെന്ന് നോക്കാം.

ബയോഫാര്‍മസ്യൂട്ടിക്കല്‍സ്

ലോകത്തിലെ ഏറ്റവും കുറഞ്ഞ വിലയുള്ള മരുന്നുകളുടെയും വാക്‌സിനുകളുടെയും ഏറ്റവും വലിയ വിതരണക്കാരില്‍ ഒന്നാണ് ഇന്ത്യ. ബയോസിമിലറുകളിലും ഇന്ത്യയാണ് മുന്നില്‍, ആഭ്യന്തര വിപണിയില്‍ ഏറ്റവും കൂടുതല്‍ ബയോസിമിലറുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുള്ള രാജ്യമാണ് നമ്മുടേത്. ബയോ ഇക്കോണമിയിലേക്കുള്ള ഈ മേഖലയുടെ സംഭാവന 62 ശതമാനം വരും, ഏകദേശം 57.5 ബില്യണ്‍ ഡോളര്‍.

ബയോ അഗ്രികള്‍ച്ചര്‍

ഇന്ത്യന്‍ ഭൂപ്രദേശത്തിന്റെ ഏകദേശം 55 ശതമാനവും കൈയടിക്കിയിരിക്കുന്നത് കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളുമാണ്. ബിടി-പരുത്തിയുടെ ഏറ്റവും വലിയ ഉല്‍പ്പാദക രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ, കൂടാതെ ആഗോളതലത്തില്‍ ജൈവ കാര്‍ഷിക ഭൂമിയുടെ അഞ്ചാമത്തെ വലിയ ഏരിയയും ഇന്ത്യയാണ്. ബിടി കോട്ടണ്‍, കീടനാശിനികള്‍, മറൈന്‍ ബയോടെക്, അനിമല്‍ ബയോടെക് എന്നിവ അടങ്ങുന്നതാണ് ബയോഅഗ്രി മേഖല. ബയോ ഇക്കോണമിയിലേക്കുള്ള ഈ രംഗത്തിന്റെ സംഭാവന നിലവില്‍ 11.5 ബില്യണ്‍ ഡോളറാണ്, 13 ശതമാനത്തോളം വരുമിത്. ഇത് 2025ല്‍ 20 ബില്യണ്‍ ഡോളറായി ഇരട്ടിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ബയോ ഇന്‍ഡസ്ട്രിയല്‍

വ്യാവസായിക പ്രക്രിയകളില്‍ ബയോടെക്‌നോളജിയുടെ പ്രയോഗം രാജ്യത്തുടനീളമുള്ള നിര്‍മ്മാണത്തെയും മാലിന്യ നിര്‍മാര്‍ജനത്തെയും പരിവര്‍ത്തനം ചെയ്യുന്നന്നതുമായി ബന്ധപ്പെട്ടാണ് ബയോ ഇന്‍ഡസ്ട്രിയല്‍ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍. ബയോ ഇക്കോണമിയിലേക്കുള്ള ഈ രംഗത്തിന്റെ സംഭാവന 15 ശതമാനമാണ്, ഏകദേശം 14.1 ബില്യണ്‍ ഡോളര്‍.

ബയോ ഐടി & സേവനങ്ങള്‍

കോണ്‍ട്രാക്റ്റ് മാനുഫാക്ച്ചറിംഗ്, ഗവേഷണം, ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ എന്നിവയില്‍ ഇന്ത്യക്ക് മികച്ച ശേഷിയാണുള്ളത്. യുഎസിന് പുറത്ത് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ യുഎസ് എഫ്ഡിഎ അംഗീകൃത പ്ലാന്റുകളുള്ളത് ഇന്ത്യയിലാണ്. ബയോ ഇക്കോണമിയുടെ 10 ശതമാനമാണ് ഈ മേഖലയുടെ വിഹിതം. 9.3 ബില്യണ്‍ ഡോളര്‍ വരും ഇത്.

  'ഇന്നൊവേഷന്‍ ട്രെയിന്‍': യാത്രികരായി 950 ലധികം യുവസംരംഭകര്‍

വളര്‍ച്ചാ പ്രതീക്ഷകള്‍

2025 ആകുമ്പോഴേക്കും ഇന്ത്യന്‍ ബയോടെക്‌നോളജി മേഖല 150 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് 2030ല്‍ 300 ബില്യണ്‍ ഡോളറിലേക്കെത്തും. പ്രതിവര്‍ഷം 17 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ മേഖലയ്ക്ക് സാധിച്ചേക്കും. നിലവില്‍ 6300ഓളം ബയോടെക് സ്റ്റാര്‍ട്ടപ്പുകളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഇത് 2025ല്‍ 10,000 ആയി ഉയരുമെന്ന് കണക്കുകള്‍ പറയുന്നത്. 760ലധികം ബയോടെക് കമ്പനികളും 750ലധികം ബയോടെക് ഉല്‍പ്പന്നങ്ങളും ടെക്‌നോളജികളും രാജ്യത്തുണ്ട്. ഗ്രീന്‍ഫീല്‍ഡ് ഫാര്‍മ രംഗത്ത് ഓട്ടോമാറ്റിക് റൂട്ടില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദനീയമാണ്. ബ്രൗണ്‍ഫീല്‍ഡ് ഫാര്‍മ വിഭാഗത്തില്‍ ഗവണ്‍മെന്റ് റൂട്ടിലൂടെ 100 ശതമാനം എഫ്ഡിഐയും അനുവദനീയമാണ്. ഇതില്‍ 74 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം ഓട്ടോമാറ്റിക് റൂട്ടിലൂടെ സാധ്യമാകും.

ഇന്ത്യന്‍ ബയോടെക്നോളജി മേഖലയുടെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുന്നത് ആഭ്യന്തര, അന്തര്‍ദേശീയ തലങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയാണ്. ആഭ്യന്തര ഡിമാന്‍ഡ് ഉയരുന്നതിന് കരുത്തേകിയത് മോദി സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത്, മെയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ സംരംഭങ്ങളാണ്. അതേസമയം ഇന്ത്യന്‍ വാക്്‌സിനുകള്‍ക്കും ബയോഫാര്‍മസ്യൂട്ടിക്കല്‍സിനും വിദേശത്ത് ഡിമാന്‍ഡ് വര്‍ധിക്കുന്നത് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ആഗോളതലത്തിലുള്ള മത്സരക്ഷമതയെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യ 150-ലധികം രാജ്യങ്ങളിലേക്ക് വാക്സിനുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഇതിന് പുറമെ കോണ്‍ട്രാക്റ്റ് മാനുഫാക്ച്ചറിങ്ങിനും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കുമെല്ലാമുള്ള പ്രധാന കേന്ദ്രമെന്ന നിലയിലും ശ്രദ്ധേയമാണ്.  ആഗോള ബയോടെക്നോളജി വ്യവസായത്തില്‍ ഇന്ത്യയ്ക്ക് ഏകദേശം 3% വിഹിതമുണ്ട്.

ആഗോളതലത്തില്‍ ജൈവ കൃഷിഭൂമിയുടെ വിസ്തൃതിയില്‍ ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനമുണ്ട്.  സുസ്ഥിരമായ കാര്‍ഷിക രീതികളും അഗ്രി ടെക്‌നോളജികളിലെ നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിന്, ബയോടെക്‌നോളജി വകുപ്പ് 51 ബയോടെക്-കിസാന്‍ (ബയോടെക് കൃഷി ഇന്നവേഷന്‍ സയന്‍സ് ആപ്ലിക്കേഷന്‍ നെറ്റ്വര്‍ക്ക്) കേന്ദ്രങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതും മേഖലയ്ക്ക് കരുത്ത് പകരുന്നു.  ഇന്ത്യന്‍ കര്‍ഷകരെ മികച്ച ശാസ്ത്രജ്ഞരുമായും സ്ഥാപനങ്ങളുമായും ബന്ധിപ്പിക്കുന്നതിനും കര്‍ഷകരെ, പ്രത്യേകിച്ച് സ്ത്രീ കര്‍ഷകരെ മണ്ണിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയും പുതിയ കാര്‍ഷിക സാങ്കേതികവിദ്യകള്‍ നല്‍കിയും ശരിയായ ജലസേചനം ലഭ്യമാക്കിയുമെല്ലാം ശാക്തീകരിക്കുന്നതിനും സര്‍ക്കാര്‍ പദ്ധതികള്‍ സഹായിക്കുന്നു.  രാജ്യത്തെ 15 കാര്‍ഷിക കാലാവസ്ഥാ മേഖലകളിലായി 44 ഹബ്ബുകള്‍ സ്ഥാപിക്കുകയും 169 ജില്ലകളില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയുടെ മേന്മ

ബയോടെക്‌നോളജി മേഖലയുമായി ബന്ധപ്പെട്ട് 1 ദശലക്ഷം വൈദഗ്ധ്യം സിദ്ധിച്ച തൊഴില്‍ ശക്തി ഇന്ത്യക്കുണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. മികച്ച അടിസ്ഥാനസൗകര്യവും ഈ മേഖലയിലുണ്ട്. കേന്ദ്രത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന 74 ബയോ ഇന്‍കുബേഷന്‍ സെന്ററുകളും കല്യാണി, പൂണെ, ബാംഗ്ലൂര്‍, ഡെല്‍ഹി എന്‍സിആര്‍ എന്നിവിടങ്ങളിലായി നാല് വ്യവസായ ക്ലസ്റ്ററുകളും പ്രവര്‍ത്തിക്കുന്നു. ഈ രംഗത്തിന്റെ വളര്‍ച്ച മുന്‍നിര്‍ത്തി നാഷണല്‍ ബയോടെക്‌നോളജി ഡെവലപ്‌മെന്റ് സ്ട്രാറ്റജി 2021-25 രൂപീകരിക്കാനും ഇന്ത്യക്കായി. ഡ്രാഫ്റ്റ് ആര്‍ ആന്‍ഡ് ഡി പോളിസി 2021, പിഎല്‍ഐ (പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം) തുടങ്ങി നിരവധി പദ്ധതികള്‍ ഈ മേഖലയ്ക്ക് കരുത്തുപകരുന്നുണ്ട്. ലോകത്തിന്റെ ഫാര്‍മസി എന്ന രീതിയില്‍ പരിവര്‍ത്തനം ചെയ്യാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ബയോടെക്‌നോളജി മേഖലയിലെ ഗവേഷണ വികസനത്തിന് മാത്രം 2022ല്‍ ഇന്ത്യ നിക്ഷേപിച്ചത് 8000 കോടി രൂപയിലധികമാണ്.

Maintained By : Studio3