ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍
1 min read
തിരുവനന്തപുരം: അടുത്ത വര്‍ഷാവസാനം ആരംഭിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ (കെഎംബി) ആറാം പതിപ്പിന്‍റെ ക്യൂറേറ്ററായി നിഖില്‍ ചോപ്രയും എച്ച്എച്ച് ആര്‍ട്ട് സ്പേസസും. കൊച്ചി ബിനാലെ ഫൗണ്ടേഷനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഇത് പ്രഖ്യാപിച്ചത്. കലാ മേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ ഷാനയ് ഝവേരി, ദയാനിത സിംഗ്, റജീബ് സംദാനി, ജിതീഷ് കല്ലാട്ട്, കെബിഎഫ് പ്രസിഡന്‍റ് കൂടിയായ ബോസ് കൃഷ്ണമാചാരി എന്നിവരടങ്ങിയ സമിതിയാണ് ക്യൂറേറ്ററെ തെരഞ്ഞെടുത്തത്. വന്‍കരകളിലെ സമകാലിക കലകള്‍ പ്രദര്‍ശിപ്പിക്കുന്ന 110 ദിവസത്തെ പരിപാടി 2025 ഡിസംബര്‍ 12 മുതല്‍ 2026 മാര്‍ച്ച് 31 വരെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. നിഖില്‍ ചോപ്രയുടെയും ബിനാലെയുടെ സംഘാടകരായ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ (കെബിഎഫ്) പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. ഇന്ത്യയിലെയും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ നിന്നുമുള്ള 60 കലാകാരന്‍മാര്‍ ബിനാലെയുടെ ഭാഗമാകും. കലയുടെയും സമൂഹത്തിന്‍റെയും സംവാദത്തിന്‍റെയും ഒത്തുചേരലിന് വേദിയാകുന്ന ഈ ആഗോള പരിപാടി ആഘോഷമാക്കാന്‍ കേരളത്തിലെയും രാജ്യത്തെയും ലോകമെമ്പാടുമുള്ള ആളുകളെയും ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗോവ ആസ്ഥാനമായുള്ള സ്ഥാപനവും കലാകാര കൂട്ടായ്മയുമായ എച്ച്എച്ച് ആര്‍ട്ട് സ്പേസസിന്‍റെ സ്ഥാപകരിലൊരാളായ നിഖില്‍ ചോപ്രയെയും അംഗങ്ങളെയും മുഖ്യമന്ത്രി സ്വാഗതം ചെയ്തു. ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്, മുന്‍ ചീഫ് സെക്രട്ടറിയും കെബിഎഫിന്‍റെ ചെയര്‍പേഴ്സണുമായ ഡോ. വേണു വി, കെബിഎഫ് സിഇഒ തോമസ് വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കേരളത്തെയും ഇന്ത്യയെയും ആഗോള കലാ ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ കൊച്ചി-മുസിരിസ് ബിനാലെയിലൂടെ സാധിച്ചെന്ന് ഡോ. ശശി തരൂര്‍ എംപി ചടങ്ങിനെ വെര്‍ച്വലായി അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. തത്സമയ പ്രകടനം, ചിത്രകല, ഫോട്ടോഗ്രാഫി, ശില്‍പം, ഇന്‍സ്റ്റലേഷന്‍ എന്നിവ സമന്വയിപ്പിക്കുന്ന കലാകാരനായ നിഖില്‍ ചോപ്രയെ ബോസ് കൃഷ്ണമാചാരി പരിചയപ്പെടുത്തി. 2014 ലെ രണ്ടാമത്തെ കെഎംബിയില്‍ ആസ്പിന്‍വാള്‍ ഹൗസില്‍ നിഖില്‍ ചോപ്രയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. ഒരു വിഷയത്തിലധിഷ്ഠിതമായി വേഷപ്രച്ഛന്നനാകുന്ന പ്രകടനമാണ് നിഖില്‍ ചോപ്ര നടത്തിയത്. കൊച്ചിയില്‍ പ്രാഥമിക വിദ്യാഭ്യാസം ചെയ്ത നിഖിലിന് കേരളവുമായി നേരത്തെ അടുപ്പമുണ്ട്. തുടര്‍ന്ന് തന്‍റെ കലാവഴികളെയും ബിനാലെയും കുറിച്ച് നിഖില്‍ ചോപ്ര അവതരണം നടത്തി. കലാസൃഷ്ടിയുടെ പ്രക്രിയയ്ക്കോ യാത്രയ്ക്കോ ആണ് ലക്ഷ്യസ്ഥാനത്തേക്കാള്‍ താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് നിഖില്‍ പറഞ്ഞു. ഒരാള്‍ക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും കഴിയുന്ന നിമിഷങ്ങളുടെ ഒരു പരമ്പരയായാണ് ഈ ബിനാലെയില്‍ വിഭാവനം ചെയ്യുന്നത്. ഈ ബിനാലെയ്ക്കായി പ്രക്രിയയില്‍ കൂടുതല്‍ സാധ്യതയുള്ള സൃഷ്ടികളിലേക്കാണ് നോക്കുന്നത്. അപൂര്‍ണവും പ്രവര്ത്തനത്തിലിരിക്കുന്നതുമാ യ സൃഷ്ടികളുടെ സ്വീകാര്യതയും പ്രധാനമാണെന്നും തന്‍റെ ക്യൂറേറ്ററിയല്‍ കാഴ്ചപ്പാട് വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. മനുഷ്യനെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ക്കുള്ള പ്രസക്തമായ വേദിയാണ് ബിനാലെയെന്ന് നിഖില്‍ ചൂണ്ടിക്കാട്ടി. എല്ലാ കാലത്തും വിമര്‍ശനാത്മക സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരുന്ന പ്രദേശമാണ് കേരളം. ഇത് ആശയങ്ങളെയും അറിവിനെയും വളര്‍ത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂറേറ്റര്‍മാരായി നിഖില്‍ ചോപ്രയെയും എച്ച്എച്ച് ആര്‍ട്ട് സ്പേസസിനെയും പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞു. കലകളോടുള്ള അവരുടെ പ്രതിബദ്ധതയും ദര്‍ശനവും ബിനാലെയ്ക്ക് പുതിയ രൂപം നല്‍കും. നിഖിലിന്‍റെ അതുല്യമായ വീക്ഷണം ബിനാലെയിലേക്ക് പുതിയ ചര്‍ച്ചകളും നൂതന കാഴ്ചപ്പാടുകളും കൊണ്ടുവരും. കലാകാരന്‍മാര്‍ക്കും സമൂഹത്തിനും ഒരുപോലെ പരിവര്‍ത്തനാത്മക അനുഭവമായിരിക്കും ബിനാലെയുടെ ഈ പതിപ്പെന്നും 2012-ല്‍ ആദ്യ ബിനാലെയുടെ സഹ ക്യൂറേറ്ററായിരുന്ന ബോസ് കൃഷ്ണമാചാരി കൂട്ടിച്ചേര്‍ത്തു. കൊച്ചി-മുസിരിസ് ബിനാലെ നടത്തിപ്പിന് വിദഗ്ധരെ ഉള്‍പ്പെടുത്തി കെബിഎഫ് പുന:സംഘടിപ്പിച്ചതിനു ശേഷമുള്ള ബിനാലെയുടെ പതിപ്പാണ് ഇത്തവണത്തേത്. മുന്‍ ചീഫ് സെക്രട്ടറി ഡോ. വേണു വി ആണ് കെബിഎഫിന്‍റെ ചെയര്‍പേഴ്സണ്‍. കേന്ദ്ര-കേരള ഗവണ്‍മെന്‍റുകളില്‍ നിരവധി സുപ്രധാന പദവികള്‍ വഹിച്ചിട്ടുള്ള സംസ്കാര-മ്യൂസിയം വിദഗ്ധന്‍ കൂടിയായ ഡോ. വേണുവിന്‍റെ മൂന്നര പതിറ്റാണ്ടിന്‍റെ പരിചയസമ്പത്ത് ബിനാലെ സംഘാടനത്തിന് ഗുണം ചെയ്യും. 2012-ല്‍ കെഎംബിയുടെ ആദ്യ പതിപ്പ് മുതല്‍ ഡോ. വേണു ബിനാലെയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.