ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും
1 min read
തിരുവനന്തപുരം: ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്‍റെ (ജിഎഎഫ്- 2023) അഞ്ചാം പതിപ്പ് ഡിസംബര്‍ ഒന്നിന് ഉച്ചയ്ക്ക് 2 ന് കാര്യവട്ടം ഗീന്‍ഫീല്‍ഡ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ബഹു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ഉദ്ഘാടനം ചെയ്യും. ‘ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും’ എന്നതാണ് ജിഎഎഫിന്‍റെ പ്രമേയം.
ആധുനിക കാലത്തെ ആരോഗ്യ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ആയുര്‍വേദത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത് സമ്മേളനം ചര്‍ച്ചചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്‍ററികാര്യ സഹമന്ത്രിയും ജിഎഎഫ് സംഘാടക സമിതി ചെയര്‍മാനുമായ വി.മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പങ്കാളിത്തം കൊണ്ടും ഉള്ളടക്കം കൊണ്ടും ഇതുവരെ നടന്നതില്‍ വച്ച് ഏറ്റവും വലിയ ആയുര്‍വേദ സമ്മേളനമായിരിക്കും ഇത്. സാംക്രമിക, സാംക്രമികേതര രോഗങ്ങള്‍ ഉള്‍പ്പെടെ മനുഷ്യരാശിയെ ബാധിക്കുന്ന ആരോഗ്യ വെല്ലുവിളികളെ നേരിടാനുള്ള സുസ്ഥിര സംവിധാനമായി ആയുര്‍വേദത്തെ മാറ്റുന്നതിന് ഈ പരിപാടി സഹായിക്കും. കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന ആരോഗ്യ വെല്ലുവിളികള്‍ക്കുള്ള ആയുര്‍വേദ പരിഹാരങ്ങളുടെ പ്രയോഗത്തെക്കുറിച്ച് ജിഎഎഫ് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ജിഎഎഫിന്‍റെ ഭാഗമായുള്ള ദേശീയ ആരോഗ്യ മേളയുടെ ഉദ്ഘാടനം ഡിസംബര്‍ ഒന്നിന് കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാളും വിഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം കേന്ദ്ര മൃഗസംരക്ഷണ മന്ത്രി പര്‍ഷോത്തം രൂപാലയും നിര്‍വ്വഹിക്കും. ഇന്‍റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ കോണ്‍ക്ലേവ് ഡിസംബര്‍ 2 ന് ശ്രീലങ്കയിലെ തദ്ദേശീയവൈദ്യ വകുപ്പ് സഹമന്ത്രി ശിശിര ജയകോടി ഉദ്ഘാടനം ചെയ്യും. ബിടുബി മീറ്റ് ഡിസംബര്‍ 3 ന് കേന്ദ്ര എംഎസ്എംഇ ഖാദി ഗ്രാമ വ്യവസായ വകുപ്പ് മന്ത്രി നാരായണ്‍ റാണെ ഉദ്ഘാടനം ചെയ്യും. മൗറീഷ്യസ് പ്രസിഡന്‍റ് പൃഥ്വിരാജ് സിംഗ് രൂപന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷനുമായി സഹകരിച്ച് നടത്തുന്ന എന്‍സിഐഎസ്എം വിദ്യാര്‍ത്ഥികളുടെ ആശയവിനിമയ പരിപാടിയുടെ ഉദ്ഘാടനം കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് സഹമന്ത്രി ഡോ. മുഞ്ചപ്പാറ മഹേന്ദ്രഭായി നിര്‍വ്വഹിക്കും. ജിഎഎഫ് സമാപന സമ്മേളനം ഡിസംബര്‍ അഞ്ചിന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ആരോഗ്യ വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ്, ഗതാഗത മന്ത്രി ആന്‍റണി രാജു, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, ശശി തരൂര്‍, എംപി, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ തുടങ്ങിയവര്‍ ജിഎഎഫില്‍ പങ്കെടുക്കുന്ന മറ്റ് വിശിഷ്ടാതിഥികളാണ്.
സെന്‍റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍, കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള സര്‍ക്കാര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരളത്തിലെ വിവിധ ആയുര്‍വേദ സംഘടനകള്‍ ചേര്‍ന്നാണ് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ജിഎഎഫിന്‍റെ മുഖ്യ രക്ഷാധികാരി. 70 ലധികം രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍, മുതിര്‍ന്ന സര്‍ക്കാര്‍തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ലോകം നേരിടുന്ന ഗുരുതരമായ ആരോഗ്യ വെല്ലുവിളികള്‍ക്ക് ഫലപ്രദമായ പരിഹാരമായി ആയുര്‍വേദത്തെ ഉയര്‍ത്തിക്കാണിക്കാന്‍ സമ്മേളനം അവസരമൊരുക്കും. ആരോഗ്യകരമായ ലോകം കെട്ടിപ്പടുക്കുന്നതില്‍ ആയുര്‍വേദത്തിന്‍റെ പങ്കിനെക്കുറിച്ചുള്ള അവബോധം വര്‍ധിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് ജിഎഎഫ് നടക്കുന്നത്. എക്കാലത്തെയും വലിയ ആയുര്‍വേദ സമ്മേളനങ്ങളിലൊന്നായിരിക്കും ജിഎഎഫിന്‍റെ ഈ പതിപ്പ്.
ആയുര്‍വേദ പ്രാക്ടീഷണര്‍മാര്‍, അക്കാദമിക-പൊതുജനാരോഗ്യ വിദഗ്ധര്‍, ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള ഭരണത്തലവډാര്‍ ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട 200-ലധികം പ്രമുഖ പ്രഭാഷകരാണ് ജിഎഎഫിലെ അന്താരാഷ്ട്ര ആയുര്‍വേദ സെമിനാറില്‍ പങ്കെടുക്കുന്നത്. എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ സെമിനാര്‍ സെഷനുകള്‍ നടക്കും. ആയുര്‍വേദ ഗവേഷണങ്ങള്‍, ആയുര്‍വേദ മരുന്നുകളുടെ വികസനം, ആയുര്‍വേദ ശസ്ത്രക്രിയയിലെ പുതിയ പ്രവണതകള്‍, ആയുര്‍വേദവും പൊതുജനാരോഗ്യവും, യോഗയുടെയും ആയുര്‍വേദത്തിന്‍റെയും സംയോജനം, കോവിഡ് കാലത്തെ ആയുര്‍വേദ ഗവേഷണാനുഭവങ്ങള്‍, കാന്‍സര്‍-ന്യൂറോളജിക്കല്‍ രോഗ ചികിത്സാ പരിപാടി തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധചര്‍ച്ച നടക്കും. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ 10 വേദികളിലായി 2000-ത്തിലധികം ശാസ്ത്ര പ്രബന്ധങ്ങള്‍ ജിഎഎഫില്‍ അവതരിപ്പിക്കും.
ആഗോളതലത്തില്‍ ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയങ്ങള്‍, നിയന്ത്രണ മാര്‍ഗനിര്‍ദ്ദേശങ്ങള്‍, മികച്ച സമ്പ്രദായങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി ലോകമെമ്പാടുമുള്ള ആയുര്‍വേദ പരിശീലകര്‍, ഗവേഷകര്‍ എന്നിവരുടെ ആഗോള നെറ്റ്വര്‍ക്കിംഗിന് വേദിയൊരുക്കുന്ന ഇന്‍റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ കോണ്‍ക്ലേവ് ജിഎഎഫിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. ഡിസംബര്‍ 2 നും 3 നുമാണ് ഇത് നടക്കുക.
ആയുര്‍വേദ ആശുപത്രികളും ടൂറിസം പങ്കാളികളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കും സഹകരണത്തിനും വേദിയൊരുക്കുന്ന ഗ്ലോബല്‍ മെഡിക്കല്‍ ടൂറിസം മീറ്റ് ജിഎഎഫിലെ മറ്റൊരു ആകര്‍ഷണമാണ്. ഇന്ത്യയിലെയും വിദേശത്തെയും 150 ഓളം ടൂര്‍ ഓപ്പറേറ്റര്‍മാരാണ് ഡിസംബര്‍ 3 ന് നടക്കുന്ന ബിടുബി മീറ്റില്‍ പങ്കെടുക്കുന്നത്. രാജ്യത്തെ വെല്‍നസ് ടൂറിസത്തിന്‍റെ വളര്‍ച്ചയ്ക്കും വിദേശ വിനോദസഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കാനും ഇത് വഴിയൊരുക്കും.
ആയുര്‍വേദരംഗത്തെ എല്ലാ പ്രധാന പങ്കാളികളെയും ഒരുമിച്ച് കൊണ്ടുവരുന്നതാണ് നാഷണല്‍ ആരോഗ്യ ഫെയര്‍. രാജ്യത്തുടനീളമുള്ള ആയുര്‍വേദ ബിസിനസുകള്‍, സംഘടനകള്‍, ആയുഷ് കോളേജുകള്‍, മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന 500 സ്റ്റാളുകള്‍ എക്സ്പോയില്‍ ഉണ്ടായിരിക്കും. പോഷകാഹാര വിദഗ്ധര്‍ തയ്യാറാക്കിയ ‘ആയുര്‍വേദ ആഹാര്‍’ ആയുര്‍വേദത്തിന്‍റെ രുചികള്‍ ആസ്വദിക്കാന്‍ അവസരം നല്‍കും. ഡിസംബര്‍ 3, 4 തീയതികളില്‍ രാവിലെ 9 മുതല്‍ രാത്രി 8.30 വരെയാണ് ആരോഗ്യ ഫെയര്‍.
കൃഷി, വിളവെടുപ്പ്, സംഭരണം, മൂല്യവര്‍ദ്ധന, വിപണനം എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി കര്‍ഷകരുമായും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകളുമായുമുള്ള മെഡിസിനല്‍ പ്ലാന്‍റ് എഫ്പിഒ മീറ്റ് ഡിസംബര്‍ 5 ന് നടക്കും.
ആധുനിക കൃഷി, ഗവേഷണം, വികസനം, വാണിജ്യവല്‍ക്കരണം എന്നിവയുമായുള്ള പരമ്പരാഗത സസ്യാരോഗ്യ സംരക്ഷണ സമ്പ്രദായത്തിന്‍റെ സമന്വയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേദിയൊരുക്കുന്ന വൃക്ഷായുര്വേദത്തെക്കുറിച്ചുള്
ജിഎഎഫിന്‍റെ ഭാഗമായി ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ സൗജന്യ ക്ലിനിക്കുകള്‍ എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. കേരളത്തിലെ പ്രമുഖ ആയുര്‍വേദ ആശുപത്രികളിലെ മുഖ്യ ചികിത്സകര്‍ ഉള്‍പ്പെടെ 100 ആയുര്‍വേദ ഡോക്ടര്‍മാര്‍ 25 വ്യത്യസ്ത സ്പെഷ്യാലിറ്റി വിഭാഗങ്ങളിലായി മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കും.