വരും ദശാബ്ദത്തില്‍ പ്രതിരോധ മേഖലയില്‍ സൗദി 20 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും
1 min readഇതില്‍ 10 ബില്യണ്‍ ഡോളര്‍ പ്രതിരോധ വ്യവസായത്തിനും ബാക്കി 10 ബില്യണ്‍ ഡോളര്‍ ഗവേഷണ, വികസന പ്രവര്ത്തനങ്ങള്ക്കുമായിരിക്
കും
അബുദാബി: തദ്ദേശീയ പ്രതിരോധ ചിലവിടല്‍ വര്‍ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി അടുത്ത ദശാബ്ദത്തില്‍ തദ്ദേശീയ പ്രതിരോധ വ്യവസായ മേഖലയില്‍ 20 ബില്യണ്‍ ഡോളര്‍ (80.7 ബില്യണ്‍ റിയാല്‍) നിക്ഷേപിക്കുമെന്ന് സൗദി അറേബ്യ. സൗദിയിലെ ജനറല്‍ അതോറിറ്റി ഓഫ് മിലിട്ടറി ഇന്‍ഡസ്ട്രീസ് (ജിഎഎംഐ) ഗവര്‍ണര്‍ അഹമ്മദ് ബിന്‍ അബ്ദുള്‍അസീസ് അല്‍-ഒഹലി ആണ് ഈ വിവരം പുറത്തുവിട്ടത്.
2030ഓടെ പ്രതിരോധ ബജറ്റിന്റെ അമ്പത് ശതമാനവും തദ്ദേശീയമായി ചിലവിടാന്‍ പദ്ധതിയിടുന്ന സൗദി കൂടുതല്‍ ആയുധങ്ങളും സൈനികോപകരണങ്ങളും തദ്ദേശീയമായി തന്നെ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. വരും ദശാബ്ദത്തില്‍ പത്ത് ബില്യണ്‍ ഡോളര്‍ രാജ്യത്തെ പ്രതിരോധ വ്യവസായ മേഖലയിലും ബാക്കി പത്ത് ബില്യണ്‍ ഡോളര്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ചിലവിടുന്നതിനുള്ള പദ്ധതിക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത് അഹമ്മദ് ബിന്‍ അബ്ദുള്‍അസീസ് അബുദാബിയില്‍ പറഞ്ഞു.
പ്രതിരോധ ആയുധങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമുള്ള ചിലവിടലില്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ചിലവിടല്‍ 2030ഓടെ നിലവിലെ 0.2 ശതമാനത്തില്‍ നിന്നും 4 ശതമാനമാക്കി ഉയര്‍ത്താനും രാജ്യത്തിന് പദ്ധതിയുണ്ടെന്ന് അഹമ്മദ് ബിന്‍ അബ്ദുള്‍അസീസ് കൂട്ടിച്ചേര്‍ത്തു.